Sorry, you need to enable JavaScript to visit this website.

മതനിന്ദാ കേസില്‍ വിധി വരാനിരിക്കെ പാക്കിസ്ഥാനില്‍ കൂറ്റന്‍ പ്രകടനം

ലാഹോര്‍- പാക്കിസ്ഥാനില്‍ കുപ്രസിദ്ധ മതനിന്ദാ കേസില്‍ വിധി വരാനിരിക്കെ, വിട്ടുവീഴ്ച പാടില്ലെന്ന് ആവശ്യപ്പെട്ട് ആയിരങ്ങള്‍ ലാഹോറില്‍ പ്രകടനം നടത്തി. തഹ്‌രീകെ ലബ്ബൈക് പാക്കിസ്ഥാന്റെ ആഹ്വാന പ്രകാരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രകടനം നടന്നു. തുറമുഖ നഗരമായ കറാച്ചി, തലസ്ഥാനമായ ഇസ്‌ലാമാബാദിനോട് ചേര്‍ന്നുള്ള റാവല്‍പിണ്ടി എന്നിവിടങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ ധാരാളം പേര്‍ പങ്കെടുത്തു.
മതനിന്ദാ കേസില്‍ 2010 മുതല്‍ തടവിലുള്ള ക്രൈസ്തവ വനിത ആസിയാ ബിബിക്ക് വധശിക്ഷ നടപ്പിലാക്കണമെന്നായിരുന്നു പ്രകടനക്കാരുടെ ആവശ്യം. കഴിഞ്ഞ തിങ്കളാഴ്ച അപ്പീലില്‍ അന്തിമ വാദം കേട്ട സുപ്രീം കോടതി തീരുമാനമെടുത്തുവെന്ന് അറിയിച്ചുവെങ്കിലും ഉത്തരവ് പരസ്യമാക്കിയിരുന്നില്ല. വിവാദ കേസിലെ പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പടുകയും ചെയ്തു.
തൊഴിലാളി സ്ത്രീയായ ആസിയാ ബിബി 2009 ല്‍ പ്രവാചകനെ നിന്ദിച്ചുവെന്നാണ് കേസ്. വധശിക്ഷ നല്‍കാവുന്ന കുറ്റമാണിത്. ബിബി കേസില്‍ നല്‍കിയ അപ്പീലുകളെല്ലാം തള്ളിപ്പോയിരുന്നു. സുപ്രീം കോടതിയും വധശിക്ഷ ശരിവെക്കുകയാണെങ്കില്‍ പ്രസിഡന്റിന് ദയാഹരജി നല്‍കുക മാത്രമാണ് വഴി.
വിട്ടയക്കുകയാണെങ്കില്‍ പ്രതിയെ രജ്യം വിടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇസ്്‌ലാമാബാദ് ഹൈക്കോടതിയിലും ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. ഈ ഹരജിയിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ബിബിയെ വിട്ടയക്കണമെന്ന് 2015ല്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ആവശ്യപ്പെട്ടിരുന്നു. 2015 ല്‍ ഇവരുടെ മകള്‍ പോപ്പ് ഫ്രാന്‍സിസിനെ സന്ദര്‍ശിച്ചു. കോളനി കാലം മുതല്‍ നിലവിലുള്ള മതനിന്ദാ നിയമം പിന്‍വലിക്കണമെന്ന ആവശ്യം പാക്കിസ്ഥാനില്‍ പലപ്പോഴും കുഴപ്പത്തിന് കാരണമായിരുന്നു.

 

Latest News