Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചരിത്രത്തിലേക്ക് ചൂളം വിളിച്ച് ഹറമൈൻ ട്രെയിൻ

മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിൻ സർവീസ് യാത്രക്കൊരുങ്ങുമ്പോൾ 
മക്ക-മദീന പ്രഥമ സർവീസിലെ എൻജിൻ ഡ്രൈവറായ സൗദി യുവാവ് ക്യാപ്റ്റൻ അബ്ദുറഹ്മാൻ അൽശഹ്‌രി.
ട്രെയിനിലെ ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരനായ അബ്ദുല്ല.

മക്ക - സൗദി അറേബ്യയുടെ ഗതാഗത ചരിത്രത്തിലെ പുതിയ യാത്രാനുഭവമായി ഹറമൈൻ തീവണ്ടി സർവീസുകൾ തുടങ്ങി. വിശുദ്ധ മക്കക്കും പ്രവാചക നഗരിക്കുമിടയിലാണ് തീവണ്ടി സർവീസ് ആരംഭിച്ചത്.  മക്കയിൽ രാവിലെ എട്ടിന് പൊതുഗതാഗത അതോറിറ്റി പ്രസിഡന്റും സൗദി റെയിൽവേ ഓർഗനൈസേഷൻ ആക്ടിംഗ് ജനറൽ പ്രസിഡന്റുമായ റുമൈഹ് അൽറുമൈഹിന്റെയും സൗദി റെയിൽവേ കമ്പനി പ്രസിഡന്റ് ഡോ. ബശാർ അൽമാലിക്കിന്റെയും സാന്നിധ്യത്തിലാണ് വാണിജ്യാടിസ്ഥാനത്തിൽ പൊതുജനങ്ങൾക്കുള്ള ആദ്യ സർവീസ് ചരിത്രത്തിലേക്ക് കൂകിപ്പാഞ്ഞത്. ഇതേ സമയം തന്നെ മദീനയിൽ നിന്ന് മറ്റൊരു ട്രെയിൻ മക്ക ലക്ഷ്യമാക്കിയും യാത്രയാരംഭിച്ചു. ഇരു ട്രെയിനുകളിലും 417 യാത്രക്കാർ വീതമുണ്ടായിരുന്നു. ട്രെയിനുകളിൽ ഒരു സീറ്റ് പോലും കാലിയുണ്ടായിരുന്നില്ല. ടിക്കറ്റുകൾ വളരെ നേരത്തെ ആളുകൾ കൈവശപ്പെടുത്തിയിരുന്നു. 
സൗദിയിൽ ആധുനിക ഗതാഗത വ്യവസായ ചരിത്രത്തിലെ കുതിച്ചുചാട്ടമാണ് ഈ നിമിഷമെന്ന് പ്രഥമ സർവീസിൽ യാത്രക്കാരുമായി സംസാരിച്ച ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു. വ്യത്യസ്ത പ്രായവിഭാഗത്തിൽ പെട്ട യാത്രക്കാരെല്ലാവരും ട്രെയിൻ സർവീസിന്റെ ഗുണമേന്മയെ പ്രശംസിച്ചത് ഹറമൈൻ ഹൈസ്പീഡ് റെയിൽവേ പദ്ധതിക്കു കീഴിലെ മുഴുവൻ പ്രവർത്തകർക്കും അഭിമാനത്തിന് വക നൽകുന്നതായി ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു.

ആദ്യ സർവീസിൽ സൗദി യുവാവ് ക്യാപ്റ്റൻ അബ്ദുറഹ്മാൻ അൽശഹ്‌രിയായിരുന്നു എൻജിൻ ഡ്രൈവർ. റെയിൽവേ വ്യവസായ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും ശ്രമിക്കുന്നതിനുള്ള തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. എൻജിൻ കാബിനിൽ പ്രവേശിച്ച് ഡോ. റുമൈഹ് അൽറുമൈഹ് ഡ്രൈവറായ സൗദി യുവാവിനോട് കുശലം പറയുകയും ചെയ്തു.
പ്രഥമ സർവീസിന് സാക്ഷ്യം വഹിക്കുന്നതിന് സ്വദേശികളും വിദേശികളും അടക്കം വൻ ജനാവലി നാലു സ്റ്റേഷനുകളിലും എത്തിയിരുന്നു. ഔദ്യോഗിക സർവീസുകൾക്ക് തുടക്കം കുറിക്കുന്നതിനോടുബന്ധിച്ച ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ മക്ക, ജിദ്ദ, റാബിഗ്, മദീന റെയിൽവേ സ്റ്റേഷനുകളിലേക്ക് നഗരവാസികളെ പൊതുഗതാഗത അതോറിറ്റി ബുധനാഴ്ച ക്ഷണിച്ചിരുന്നു. പരമ്പരാഗത കലാകാരന്മാർ നാലു സ്റ്റേഷനുകളിലും യാത്രക്കാരെ സ്വീകരിച്ചു. സ്റ്റേഷനുകളിൽ യാത്രക്കാർക്ക് മിഠായികളും പൂച്ചെണ്ടുകളും വിതരണം ചെയ്തു.

ഇന്നലെ പ്രഥമ സർവീസിൽ യാത്ര ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരൻ സൗദി ബാലൻ അബ്ദുല്ലയാണ്. മദീനയിൽ റെയിൽവേ സ്റ്റേഷനിൽനിന്ന് നഗരമധ്യത്തിലും മസ്ജിദുന്നബവിയിലും തിരിച്ചും യാത്രക്കാരെ എത്തിക്കുന്ന പൊതുഗതാഗത അതോറിറ്റിയുമായി സഹകരിച്ച് മദീന വികസന അതോറിറ്റി ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മക്കയിലും ഹറമിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.   
കഴിഞ്ഞ മാസം 24 ന് ജിദ്ദ സുലൈമാനിയ ഡിസ്ട്രിക്ടിലെ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച വർണാഭമായ ചടങ്ങിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഹറമൈൻ ഹൈസ്പീഡ് റെയിൽവേ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും മദീനയിലേക്ക് ട്രെയിനിൽ സഞ്ചരിക്കുകയും ചെയ്തിരുന്നു. 

 


 

Latest News