Sorry, you need to enable JavaScript to visit this website.

കാലാവസ്ഥാ പ്രവചനം നോക്കി അണക്കെട്ട് തുറക്കുന്നത് മണ്ടത്തരം -ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ 

'മുല്ലപ്പെരിയാറും ഇടുക്കി ഡാം സുരക്ഷയും' സെമിനാർ ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ- കാലാവസ്ഥാ പ്രവചനം അടിസ്ഥാനമാക്കി സംസ്ഥാനത്തെ അണക്കെട്ടുകൾ തുറക്കുന്നത് ശുദ്ധ മണ്ടത്തരമെന്ന് ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ. ഒന്നര മാസം മുമ്പുണ്ടായ പ്രളയത്തിന് കാരണം ഡാമുകളെന്നത് തെറ്റിദ്ധാരണയാണ്. 
കേന്ദ്ര ജല കമ്മീഷന്റെ നിഗമനം അനുസരിച്ച് നൂറ്റാണ്ടിനിടെയുണ്ടായ മൺസൂണിന്റെ  അതിപ്രസരമാണ് പ്രളയത്തിനു കാരണമെന്നും ജസ്റ്റിസ് വ്യക്തമാക്കി.
'മുല്ലപ്പെരിയാറും ഇടുക്കി ഡാം സുരക്ഷയും' എന്ന വിഷയത്തിൽ ഇടുക്കി പ്രസ്‌ക്ലബും തൊടുപുഴ റസിഡൻസ് അപ്പക്സ് കൗൺസിലും ചേർന്നു സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥ പ്രവചനം കൃത്യമല്ല. മഴമേഘങ്ങൾ മാറി മറിയും. സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് കാലാവസ്ഥാ പ്രവചനത്തിന് പരിധിയുണ്ട്. മഴക്കാറുകളുടെ ചലനമാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്. ഇത്തവണ കേരളത്തിൽ മൂന്നിരട്ടിയാണ് മൺസൂൺ പെയ്തിറങ്ങിയത്. 
5.8 കോടി ക്യുബിക് മീറ്റാണ് കേരളത്തിലെ മുഴുവൻ അണക്കെട്ടുകളുടെ സംഭരണ ശേഷി. അതിവർഷത്തിൽ 12 കോടി ക്യൂബിക് മീറ്റർ ജലമാണ് അണക്കെട്ടുകളിൽ ഒഴുകിയെത്തിയത്. കേരളത്തിലെ 38000 സ്‌ക്വയർ കിലോ മീറ്ററിൽ പെയ്ത മഴവെള്ളമാണ് താഴ്ന്ന പ്രദേശങ്ങളിൽ ഒഴുകിയെത്തിയത്. ഡാമുകളല്ല വെള്ളപ്പൊക്കത്തിനു കാരണം. 
കേരളത്തിലെ ഭൂരിഭാഗം ഡാമുകളിലും മണ്ണൊലിപ്പിൽ സംഭരണശേഷിയുടെ 30 ശതമാനം നഷ്ടപ്പെട്ടു. സംഭരണ ശേഷി കൂട്ടിയെങ്കിൽ പ്രളയത്തിൻെറ തീവ്രത ഒരു പരിധി വരെ കുറയ്ക്കാമായിരുന്നു.  ഡ്രഡ്ജിംഗ് ചെയ്താൽ കുട്ടനാട് ഉൾപ്പെടെ പ്രദേശങ്ങളിൽ വെള്ളക്കെട്ട് കുറക്കാനാകും. ഇതിനു പരിസ്ഥിതിവാദികൾ അനുവദിക്കാത്തതാണ് കേരളത്തിന്റെ ശാപം. ആദ്യ പ്രളയത്തിനു ശേഷം രണ്ടാമതും അണക്കെട്ടുകൾ തുറന്നു വിട്ടത് ജനരോഷം ഭയന്നാണ്. ഡാമുകൾ തുറന്നു  വിട്ടാൽ മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരളം വരൾച്ചയിലേക്ക് നീങ്ങും. 
മുല്ലപ്പെരിയാറിൽ ഡാം വേണമെന്നും പുതിയ അണക്കെട്ട് നിർമിക്കണമെന്നുമാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാക്ക് പ്രസിഡന്റ് ജയിംസ് .ടി. മാളിയേക്കൽ  അധ്യക്ഷത വഹിച്ചു. ഇടുക്കി പ്രസ് ക്ലബ് പ്രസിഡൻറ് അഷ്‌റഫ് വട്ടപ്പാറ ആമുഖ പ്രഭാഷണം നടത്തി. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിൽ കേസ് നടത്തുന്ന അഡ്വ.റസൽ ജോയി സംവാദം നയിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എം.എൻ സുരേഷ് സ്വാഗതവും ട്രാക്ക് സെക്രട്ടറി സണ്ണി തെക്കേക്കര നന്ദിയും പറഞ്ഞു.

Latest News