മൈക്കിള്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു; ഫ്‌ളോറിഡയില്‍ കനത്ത നാശം

ഫ്‌ളോറിഡ- അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറന്‍ ഫ്‌ളോറിഡയില്‍ വീശിയടിച്ചു. നിരവധി വീടുകള്‍ വെള്ളത്തിനടിയിലാവുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ട് ഒരു കുട്ടിയടക്കം രണ്ടു പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരാനിടയുണ്ട്.
കാറ്റു വീശിയ മേഖലകളെല്ലാം വൈദ്യുതി ബന്ധം തകര്‍ന്നതിനാല്‍ ഇരുട്ടിലാണ്. ഇതു രക്ഷാ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. വിമാനത്താവളങ്ങള്‍ അടച്ചു. ബീച്ചുകളിലേക്കുള്ള റോഡുകള്‍ തകര്‍ന്നു. കാറ്റിനു പിന്നാലെ കനത്ത മഴയും പ്രളയവുമാണുണ്ടായത്. മുന്നറിയിപ്പിനെ തുടര്‍ന്നു ലക്ഷക്കണക്കിനാളുകള്‍ ഫ്‌ളോറിഡയില്‍ നിന്ന് മാറിത്താമസിച്ചിരുന്നു.
ഫ്‌ളോറിഡയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 21 ലക്ഷം പേരോടു സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനാണ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്.
ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് ഏല്‍പിച്ച ആഘാത്തിനു പിന്നാലെയാണ് മൈക്കിള്‍ ചുഴലിക്കാറ്റിന്റെ വരവ്. അപ്രതീക്ഷിതമായി കരുത്താര്‍ജിച്ച ചുഴലിക്കാറ്റ് മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗത്തിലാണ് ഫ്‌ളോറിഡയില്‍ ആഞ്ഞടിച്ചത്. 1992-ലെ ആന്‍ഡ്രൂ ചുഴലിക്കാറ്റിനു ശേഷം മേഖലയില്‍ വീശുന്ന ഏറ്റവും ശക്തമായ ചുഴലിയാണിത്. ഫ്‌ളോറിഡ ഉള്‍പ്പെടെ മൂന്നു തീര സംസ്ഥാനങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്.
കാറ്റഗറി നാലില്‍ ഉള്‍പ്പെട്ട മൈക്കിള്‍ മെക്‌സിക്കന്‍ തീരത്ത് നാശം വിതച്ച ശേഷമാണ് ഫ്‌ളോറിഡയിലേക്കു നീങ്ങിയത്.

 

Latest News