മുസ്ലിം സ്ത്രീകളെ പള്ളിയില്‍ കയറ്റാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി- മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദുമഹാസഭ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. കേരളത്തിലെ പള്ളകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക്  കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ഋഷികേഷ് റോയ്, എ.കെ.ജെ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിശ്വാസികളായ മുസ്ലിം സ്ത്രീകള്‍ക്ക് പുരുഷന്‍മാരോടൊപ്പം പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കേണ്ടതും ആവശ്യമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. 

പള്ളികളിലെ പ്രധാന പ്രാര്‍ത്ഥനാ മുറികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അഖില ഭാരതീയ ഹിന്ദു മഹാസഭ കേരള അധ്യക്ഷന്‍ സ്വാമി ദത്തത്രേയ സായ് സ്വരൂപ് നാഥ് ആണ് ഹര്‍ജി നല്‍കിയത്. ഭരണഘടനാ വിരുദ്ധമായി മുസ്ലിം സ്ത്രീകള്‍ വിവേചനവും അപമാനവും നേരിടുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 

Latest News