Sorry, you need to enable JavaScript to visit this website.

ഖശോഗിയുടെ തിരോധാനത്തിൽ ആർക്കാണ് നേട്ടം ? 

ഇത്തരമൊരു ഭീരുത്വ പ്രവർത്തനത്തിലൂടെ ഇല്ലായ്മ ചെയ്യുന്നതിന് തെരഞ്ഞെടുക്കപ്പെടുന്നതിനു മാത്രം, സൗദി ഭരണകൂടത്തിന്റെ നയങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച ഏറ്റവും കടുത്ത വിമർശകനായിരുന്നില്ല ജമാൽ ഖശോഗി. സൗദി അറേബ്യയുടെ ചില നയങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ചുള്ള ജമാൽ ഖശോഗിയുടെ ലേഖനങ്ങളും പ്രസ്താവനകളും രാജ്യത്തേക്കുള്ള തിരിച്ചുവരവിന്റെ കവാടം കൊട്ടിയടക്കുന്നവയായിരുന്നില്ല. രാഷ്ട്രീയ എതിരാളികളെന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ പാതയിൽ നിന്ന് 
ഏറെ ദൂരെയായിരുന്നു ജമാൽ ഖശോഗി. 

പ്രമുഖ മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ തിരോധാനവും അദ്ദേഹം കൊല്ലപ്പെട്ടു എന്ന റിപ്പോർട്ടുകളും ഗുരുതരമായ കാര്യമാണ് എന്നതിൽ തർക്കമില്ല. എന്നാൽ ഈ സംഭവം കൈകാര്യം ചെയ്ത പലരുടെയും രീതി അതിലേറെ അപകടകരമാണ് എന്ന് പറായാതിരിക്കാൻ നിർവാഹമില്ല. ഒരു കാര്യത്തിൽ വിധി പ്രസ്താവിക്കുന്നതിന് വേണ്ട വിവരങ്ങൾ ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ, നിജസ്ഥിതി അറിയുന്നതിന് കാത്തിരിക്കാതെ ധിറുതി പിടിച്ച് വിധി പറയുന്നത് ഇസ്‌ലാമിക ശരീഅത്ത് വിലക്കിയിട്ടുണ്ട്. വിശുദ്ധ ഖുർആനിലെ അൽഹുജറാത്ത് അധ്യായത്തിലെ ആറാം സൂക്തം ഇങ്ങനെ പറയുന്നു: 'സത്യവിശ്വാസികളെ, ഒരു അധർമ്മകാരി വല്ല വാർത്തയും കൊണ്ട് നിങ്ങളുടെ അടുത്തു വന്നാൽ നിങ്ങളതിനെ കുറിച്ച് വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതക്ക് നിങ്ങൾ ആപത്ത് വരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാൻ വേണ്ടി'.
ജമാൽ ഖശോഗിയുടെ തിരോധാന വാർത്ത പുറത്തു വന്നതു മുതൽ പൊള്ളയായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിരവധി പേർ വ്യാപൃതരായി. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള മാധ്യമങ്ങളുടെ കെണിയിൽ വീണും മറ്റുമാണ് ആളുകൾ ഇങ്ങനെ ദൈവഭയമേതുമില്ലാതെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. മുസ്‌ലിം രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, ജനകീയ ബന്ധങ്ങളിലും ഇരയുടെ ബന്ധുക്കളിലും മക്കളിലും കുടുംബത്തിലും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ അറിഞ്ഞുകൊണ്ടു തന്നെയാണ് ഇത്തരം പൊള്ളയായ ആരോപണങ്ങൾ ചിലർ ഉന്നയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്.
ഇത്തരം സംഭവങ്ങൾ കാരണമായി ലോകത്ത് യുദ്ധങ്ങൾ നടന്നിട്ടുണ്ട്. ദശലക്ഷക്കണക്കിനാളുകൾക്ക് ആ യുദ്ധങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു. ഓസ്ട്രിയൻ പൗരൻ അർഷദൂക് ഫ്രാൻസ് ഫെർഡിനാന്റിനെയും ഭാര്യയെയും സെർബിയൻ നാഷണലിസ്റ്റ് ഭീകര ഗ്രൂപ്പ് റിക്രൂട്ട് ചെയ്ത വിദ്യാർഥി ഗർവിലോ പ്രിൻസിപ് കൊലപ്പെടുത്തിയതാണ് ഒന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചത്. ഇതിന്റെ ദുരന്തം ലോകം മുഴുവൻ അനുഭവിച്ചു. ഒരു ലക്ഷത്തോളം അമേരിക്കൻ സൈനികർ അടക്കം ഒന്നേമുക്കാൽ കോടിയോളം പേരാണ് ഒന്നാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഇത്തരം സന്ദർഭങ്ങളിൽ മൗനം ദീക്ഷിക്കുന്നതും പ്രശ്‌നം കൈകാര്യം ചെയ്യുന്നതിന്റെ ചുമതല വിദഗ്ധരെ ഏൽപിക്കുന്നതുമാണ് ഉചിതം. സംയമനം പാലിക്കുന്നതിനും വ്യക്തിതാൽപര്യങ്ങളേക്കാൾ പൊതുതാൽപര്യങ്ങൾക്ക് മുൻഗണന നൽകുന്നതിനും ബന്ധപ്പെട്ട രാജ്യങ്ങളിലെ രാഷ്ട്ര നേതാക്കളെ പ്രേരിപ്പിക്കുകയും വേണം. 
നാവുകൾ ചെയ്യുന്ന കുറ്റങ്ങളുടെ ഫലമായി ആളുകളെ നരകാഗ്നിയിലേക്ക് വലിച്ചെറിയുമെന്ന പ്രവാചക വചനം എല്ലായ്‌പ്പോഴും ഓർക്കുന്നത് നല്ലതാണ്. ആളുകളുടെ രക്തം ചിന്തിയതിന്റെയും സമ്പത്ത് കവർന്നതിന്റെയും ഉത്തരവാദിത്തം രാജ്യങ്ങളുടെയും ഭരണാധികാരികളുടെയും മേൽ ധിറുതി പിടിച്ച് കെട്ടിവെക്കുന്നത് രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇതെല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണ് ചിലർ യാഥാർഥ്യം എന്താണെന്ന് അറിയുന്നത് കാത്തിരിക്കാതെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ മത്സരിക്കുന്നത്. 
എതിരാളികളെയും വിമർശകരെയും മാന്യമായി കൈകാര്യം ചെയ്യുന്നതാണ് രാഷ്ട്ര സ്ഥാപനം മുതൽ ഇന്നു വരെയുള്ള സൗദി അറേബ്യയുടെ ചരിത്രം. വിമർശകരും വിയോജിപ്പുള്ളവരും എതിരാളികളുമായ ഒരാളെയും ഇന്നു വരെ സൗദി അറേബ്യ തട്ടിക്കൊണ്ടുപോവുകയോ വധിക്കുകയോ ചെയ്തിട്ടില്ല. മറ്റേതൊരു രാജ്യത്തെയും പോലെ തുടക്കം മുതൽ നിരവധി എതിരാളികൾ സൗദി അറേബ്യക്കുമുണ്ടായിട്ടുണ്ട്. ചിലരെ ഉദാര മനസ്‌കത കൊണ്ട് രാജ്യം കീഴടക്കി. ഇതിന് സാധിക്കാത്തവരെ തങ്ങളുടെ പാട്ടിന് വിട്ടു. ഇത്തരം സംഭവങ്ങളിൽ സത്യം വിജയിക്കുകയും അസത്യം പരാജയപ്പെടുകയും ചെയ്തിന്റെ നിരവധി കഥകൾ സൗദി അറേബ്യക്ക് പറയാനുണ്ട്. ലോക നിയമങ്ങൾക്കും ധാർമികതക്കും നിരക്കാത്ത നിലക്ക് ഇന്നു വരെ ഒരു വിർശകരെയും എതിരാളികളെയും കൈകാര്യം ചെയ്തതിന്റെ ചരിത്രമില്ലാത്ത, ഇസ്‌ലാമിക ലോകത്ത് കേന്ദ്ര സ്ഥാനത്ത് നിൽക്കുന്ന ഒരു രാജ്യത്തിനെതിരെ സംശയത്തിന്റെ കുന്തമുന നീട്ടുന്നത് തീർത്തും അനീതിയാണ് എന്ന് പറായതെ വയ്യ.
ഇത്തരമൊരു ഭീരുത്വ പ്രവർത്തനത്തിലൂടെ ഇല്ലായ്മ ചെയ്യുന്നതിന് തെരഞ്ഞെടുക്കപ്പെടുന്നതിനു മാത്രം, സൗദി ഭരണകൂടത്തിന്റെ നയങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച ഏറ്റവും കടുത്ത വിമർശകനായിരുന്നില്ല ജമാൽ ഖശോഗി. സൗദി അറേബ്യയുടെ ചില നയങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ചുള്ള ജമാൽ ഖശോഗിയുടെ ലേഖനങ്ങളും പ്രസ്താവനകളും രാജ്യത്തേക്കുള്ള തിരിച്ചുവരവിന്റെ കവാടം കൊട്ടിയടക്കുന്നവയായിരുന്നില്ല. രാഷ്ട്രീയ എതിരാളികളെന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ പാതയിൽ നിന്ന് ഏറെ ദൂരെയായിരുന്നു ജമാൽ ഖശോഗി. സൗദി അറേബ്യയുടെ രാഷ്ട്രീയ എതിരാളിയെന്നോ പ്രതിപക്ഷമെന്നോ അദ്ദേഹത്തെ വിശേഷിപ്പിക്കുക പ്രയാസമാണ്. രാജ്യത്തിന്റെ ചില നയങ്ങളിൽ അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നു എന്നു മാത്രമേ പറയാൻ കഴിയുകയുള്ളൂ. 
ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇസ്താംബൂൾ സൗദി കോൺസുലേറ്റ് തുർക്കി സുരക്ഷാ വകുപ്പുകൾക്കു മുന്നിൽ തുറന്നുകൊടുക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കിയിരുന്നു. കോൺസുലേറ്റ് പരിശോധിക്കാൻ തുർക്കി സുരക്ഷാ വകുപ്പുകൾ തയാറാകാതിരുന്നതോടെ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയിൽ നിന്നുള്ള മാധ്യമ പ്രവർത്തകരെ ക്ഷണിച്ചുവരുത്തി കോൺസുലേറ്റിന്റെ മുക്കുമൂലകൾ ചുറ്റിനടന്ന് കാണിച്ചുകൊടുത്തു. 
സൗദി സുരക്ഷാ വകുപ്പുകൾക്ക് പിടികിട്ടേണ്ട വ്യക്തിയാണ് ജമാൽ ഖശോഗിയെങ്കിൽ പ്രതിഛായക്ക് കളങ്കമുണ്ടാക്കുന്ന ഇത്തരമൊരു സാഹസികതക്ക് മുതിരാതെ, അദ്ദേഹത്തെ കോൺസുലേറ്റ് കെട്ടിടത്തിൽ തടഞ്ഞുവെച്ച് സൗദി അറേബ്യക്ക് കൈമാറുന്നതിനു വേണ്ടി ഇന്റർപോളിനെ ഏൽപിക്കാൻ സാധിക്കുമായിരുന്നു. സംശയത്തിന് ഇടമില്ലാത്ത സ്ഥലങ്ങളാണ് കുറ്റകൃത്യങ്ങൾ നടത്തുന്നതിന് കുറ്റവാളികൾ തെരഞ്ഞെടുക്കുക. കോൺസുലേറ്റിനു സമീപത്തു വെച്ച് ജമാൽ ഖശോഗിയെ സൗദി അറേബ്യ എങ്ങനെ തട്ടിക്കൊണ്ടുപോകും. കോൺസുലേറ്റിനു സമീപത്തു വെച്ച് ഖശോഗിയെ കരുതിക്കൂട്ടി തട്ടിക്കൊണ്ടുപോയവർ സൗദി അറേബ്യക്കു മേൽ ആരോപണം ചുമത്തപ്പെടണമെന്ന് ഉദ്ദേശിച്ചിട്ടുണ്ടാകും. 
ജമാൽ ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പങ്കാളിത്തം വഹിക്കാൻ സൗദി അറേബ്യ അന്വേഷണ സംഘത്തെ തുർക്കിയിലേക്ക് അയച്ചിട്ടുണ്ട്. സൗദി അന്വേഷണ സംഘത്തെ സ്വീകരിക്കാൻ തുർക്കി സമ്മതിക്കുകയും ചെയ്തു. സ്വന്തം നിരപരാധിത്വത്തെ കുറിച്ച സൗദി അറേബ്യയുടെ വിശ്വാസവും സംഭവത്തിൽ സൗദി അറേബ്യക്ക് പങ്കില്ല എന്ന കാര്യത്തിൽ തുർക്കിക്കുള്ള വിശ്വാസവുമാണ് ഇത് സൂചിപ്പിക്കുന്നത്. 
ആർക്കും എളുപ്പത്തിൽ കബളിപ്പിക്കാവുന്ന വ്യക്തിയല്ല ജമാൽ ഖശോഗി. സംഭവ ബഹുലമായ കാലത്ത് മുൻ സൗദി ജനറൽ ഇന്റലിജൻസ് മേധാവി തുർക്കി അൽഫൈസൽ രാജകുമാരനൊപ്പം ദീർഘകാലം പ്രവർത്തിച്ചതിനാൽ സുരക്ഷാ കാര്യങ്ങളിലും രാഷ്ട്രീയ, ചരിത്ര കാര്യങ്ങളിലും അദ്ദേഹത്തിന് അതീവ അവബോധമുണ്ട്. ഇത്തരമൊരു വ്യക്തി എളുപ്പത്തിൽ കെണിയിൽ വീഴില്ല. നിരവധി രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങൾ സന്ദർശിച്ച് പൊതുചടങ്ങുകൾക്കിടെ സൗദി അധികൃതരുമായി അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. തന്നെ കെണിയിൽ വീഴ്ത്തിയേക്കുമെന്ന് ലവലേശമെങ്കിലും സംശയമുണ്ടായിരുന്നെങ്കിൽ ജമാൽ ഖശോഗി ഇസ്താംബൂൾ സൗദി കോൺസുലേറ്റ് സന്ദർശിക്കുമായിരുന്നില്ല എന്ന് ആർക്കാണ് അറിയാത്തത്.
ജമാൽ ഖശോഗിയുടെ തിരോധാനത്തിനു പിന്നിലെ യഥാർഥ പ്രതിയെ കണ്ടെത്തുന്നതിനാണ് ആഗ്രഹിക്കുന്നതെങ്കിൽ ഖശോഗിയുടെ തിരോധാനം ആർക്കാണ് പ്രയോജനം ചെയ്യുന്നതെന്ന് അന്വേഷിക്കുകയാണ് ആദ്യം വേണ്ടത്. വിദേശത്തു വെച്ച് തങ്ങളുടെ ഏതെങ്കിലും ഒരു പൗരന്, വിശിഷ്യാ പ്രതിപക്ഷ പ്രവർത്തകന് ഹാനിയുണ്ടാകുന്നത് സൗദി അറേബ്യക്ക് ഒരിക്കലും ഒരു നിലക്കും പ്രയോജനം ചെയ്യില്ല. നയതന്ത്ര പ്രശ്‌നങ്ങളിലും ആരോപണങ്ങളിലും കുടുങ്ങേണ്ട ആവശ്യം രാജ്യത്തിനില്ല. ഇത്തരം പ്രവർത്തനങ്ങൾ ആഗോള തലത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച്  രാജ്യത്തിന് നല്ല ബോധ്യമുണ്ട്. 
ജമാൽ ഖശോഗിയുടെ തിരോധാനത്തിന് പിന്നിൽ സൗദി അറേബ്യയാണെന്ന് ആരോപിച്ച് രാജ്യത്തിന് നയതന്ത്ര, രാഷ്ട്രീയ തലങ്ങളിൽ കോട്ടം തട്ടിക്കുന്നതിന് ശ്രമിക്കുന്നതിലൂടെ ചില പ്രത്യേക രാജ്യങ്ങൾക്ക് നേട്ടമുണ്ട്. സൗദി അറേബ്യക്കെതിരെ ആഗോള തലത്തിൽ രാഷ്ട്രീയ, നയതന്ത്ര സഖ്യങ്ങൾ സ്ഥാപിക്കുന്നതിനും ആഗോള തലത്തിൽ ശാക്തിക ബലാബലം തങ്ങൾക്ക് അനുകൂലമാക്കി മാറ്റുന്നതിനും ഇതിലൂടെ ആ രാജ്യങ്ങൾക്ക് അവസരം ലഭിക്കും. കൂടാതെ സൗദി-തുർക്കി ബന്ധം ഊഷ്മളമാകുന്നതിന് തടയിടുന്നതിനും ആ രാജ്യങ്ങൾക്ക് സാധിക്കും. സൗദി അറേബ്യയും തുർക്കിയും തമ്മിലുള്ള അടുപ്പം ഈ രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് ഭീഷണിയാകും. ആഗോള തലത്തിൽ ബന്ധങ്ങളുള്ള, വാഷിംഗ്ടൺ പോസ്റ്റ് പോലുള്ള ലോക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതുന്ന, എണ്ണപ്പെട്ട അറബ് എഴുത്തുകാരിൽ ഒരാളായ ജമാൽ ഖശോഗിയെ പോലുള്ള ഒരു പത്രപ്രവർത്തകനെ തട്ടിക്കൊണ്ടുപോവുകയോ വധിക്കുകയോ ചെയ്യുന്നതിൽ മേൽസൂചിപ്പിച്ച രാജ്യങ്ങൾക്കാണ് പ്രയോജനമുള്ളത്. 
പ്രശ്‌നത്തിന്റെ തുടക്കം മുതൽ ഖത്തറിലെ അൽജസീറ ചാനലും റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയും തുർക്കി പോലീസ് ഉദ്യോഗസ്ഥൻ എന്ന് സ്വയം വാദിക്കുന്നവരുടെ പ്രസ്താവനകൾ തുടരെത്തുടരെ പ്രസിദ്ധീകരിച്ച് പ്രശ്‌നം പവർതീകരിക്കുന്ന ശൈലിയാണ് പിന്തുടർന്നത്. ജമാൽ ഖശോഗി കോൺസുലേറ്റ് കെട്ടിടത്തിനകത്താണെന്നും ഖശോഗി കൊല്ലപ്പെട്ടതായും പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണ്ടംതുണ്ടമാക്കിയതായും ഇത് വ്യക്തമാക്കുന്ന വീഡിയോ പുറത്തു വിടുമെന്നും ഈ മാധ്യമങ്ങൾ മാറിമാറി റിപ്പോർട്ട് ചെയ്തു. ഇതിനു ശേഷം തുർക്കി പ്രസിഡന്റ് തന്നെ രംഗത്തെത്തി ഖശോഗി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചിട്ടില്ലെന്നും ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആർക്കെതിരെയും ആരോപണം ഉന്നയിക്കുന്നില്ലെന്നും വ്യക്തമാക്കി. ചില മാധ്യമങ്ങളും ഏജൻസികളും കരുതിക്കൂട്ടി കള്ളം പ്രചരിപ്പിക്കുകയാണ്. ഗൂഢലക്ഷ്യങ്ങളുള്ള മാധ്യമങ്ങളാണ് ഇവക്കു പിന്നിലെന്ന ബോധ്യം നമുക്കുണ്ടാകണം. നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും കപട മൂടുപടം അണിഞ്ഞ നിരവധി പേരുടെ യഥാർഥ മുഖം ഈ പ്രതിസന്ധി വെളിപ്പെടുത്തി. സൗദി അറേബ്യക്കു മേൽ കുറ്റം ചുമത്തുന്നതിനുള്ള ഒരു തെളിവും അവരുടെ പക്കലില്ല. കുറ്റം തെളിയിക്കപ്പെടുന്നതു വരെ പ്രതി നിരപരാധിയാണെന്ന നീതിന്യായത്തിന്റെ അടിസ്ഥാന തത്വവും ഇത്തരുണത്തിൽ സ്മരണീയമാണ്. സൗദി മാധ്യമ പ്രവർത്തകർ രാജ്യത്തിനൊപ്പം നിലയുറപ്പിക്കണം. വ്യാജ മുദ്രാവാക്യങ്ങൾ മാധ്യമപ്രവർത്തകരെ വഞ്ചിതരാക്കരുത്. ഇത്തരം മുദ്രാവാക്യങ്ങൾ ഉയർത്തുന്നവർ തന്നെ തങ്ങൾക്ക് ലഭിക്കുന്ന ആദ്യ അവസരങ്ങളിൽ അവ കൈയൊഴിയുന്നതാണ് അറബ്, ഇസ്‌ലാമിക ലോകത്ത് നാം കാണുന്നത്. തങ്ങൾ ഉയർത്തുന്ന മുദ്രാവാക്യം ഇന്നു വരെ കൈയൊഴിയാത്ത പാരമ്പര്യം സൗദി അറേബ്യക്കു മാത്രം അവകാശപ്പെട്ടതാണ്. 

(ഉമ്മുൽഖുറാ യൂനിവേഴ്‌സിറ്റി മുൻ അധ്യാപകനും പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ് ലേഖകൻ)
 

Latest News