ന്യൂദല്‍ഹി- കാമുകിയുടെ ചെലവിന് സ്വന്തം പണം തികയാതെ വന്നതോടെ മോഷണം നടത്തിയ യുവ എഞ്ചിനീയര്‍ പോലീസ് പിടിയിലായി. ഗുഗ്ളില്‍ ജോലി ചെയ്യുന്ന 24കാരന് ഗര്‍വിത് സാഹ്നി എന്ന ഹരിയാന സ്വദേശിയാണ് അറസ്റ്റിലായത്. ബഹുരാഷ്ട്ര കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു വേണ്ടി ദല്‍ഹിയില്‍ താജ് പാലസ് ഹോട്ടലില്‍ സംഘടിപ്പിച്ച ഒരു കോണ്‍ഫറന്‍സിനിടെയാണ് ദേവയാന്‍ ജെയ്ന്‍ എന്ന യുവതിയുടെ ഹാന്‍ഡ്ബാഗില്‍ നിന്നും പതിനായിരം രൂപ മോഷണം പോയത്. ഇവര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കള്ളനെ പിടികിട്ടിയത്. പരിപാടിയില്‍ പങ്കെടുത്തവരുടെ പേരടങ്ങിയ പട്ടിക ഉപയോഗിച്ച് പോലീസ് ഇയാളെ തിരിച്ചറിയുകയും ചെയ്തു. പ്രതി ഒരു ടാക്സി കാറിലാണ് ഹോട്ടലിലെത്തിയത്. ഈ ദൃശ്യങ്ങളില്‍ നിന്ന് കാറിന്റെ നമ്പര്‍ തിരിച്ചറിഞ്ഞു. ഈ ടാക്സി ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പറും കണ്ടെത്തി. എന്നാല്‍ ഈ ഫോണ്‍ പ്രതി ഓഫ് ചെയ്തു വച്ചതായിരുന്നു. പോലീസ് അരിച്ചുപെറുക്കി നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ പുതിയ മൊബൈല്‍ നമ്പര്‍ കണ്ടെത്തുകയും പ്രതിയെ വീട്ടില്‍ നിന്ന് പൊക്കുകയുമായിരുന്നെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മധുര് വര്‍മ പറഞ്ഞു.
ചോദ്യം ചെയ്യലില്‍ പ്രതി ഗര്‍വിത് കുറ്റം സമ്മതിച്ചു. സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും കാമുകിയുടെ ചെലവുകള്‍ താങ്ങാനാവാതെ വന്നതോടെയാണ് മോഷണം നടത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഗര്വിതില് നിന്നും പോലീസ് മുവ്വായിരം രൂപ പിടിച്ചെടുത്തു.






