സ്‌കൂൾ ബാഗിൽ മലം കൊടുത്തുവിട്ട സംഭവം;  മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൊടുപുഴ- ഒന്നാം ക്ലാസ് വിദ്യാർഥി മലവിസർജനം നടത്തിയതിൽ രോഷാകുലരായി മലം പാഠപുസ്തകത്തിനൊപ്പം പൊതിഞ്ഞ് ബാഗിനുള്ളിൽ വീട്ടിലേക്ക് കൊടുത്തയച്ച സ്വകാര്യ സ്‌കൂളിനെതിരെ അനേ്വഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ഇടുക്കി ചൈൽഡ് വെൽഫയർ കമ്മിറ്റി ഒരു മാസത്തിനകം സംഭവത്തെ കുറിച്ച്  വിശദമായ അനേ്വഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. സ്‌കൂൾ പ്രിൻസിപ്പലും റിപ്പോർട്ട് നൽകണം.
 നെടുങ്കണ്ടം എസ്.ഡി.ഐ സ്‌കൂളിലാണ് സംഭവം. രാവിലെ 8ന് വീട്ടിൽ നിന്നിറങ്ങുന്ന കുട്ടി വൈകിട്ട് 5 നാണ് വീട്ടിൽ മടങ്ങിയെത്തുന്നത്. സംഭവദിവസം നാലു മണിയോടെ സ്‌കൂളിൽ നിന്നും കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ച് കുട്ടി നിക്കറിനുള്ളിൽ മലവിസർജനം നടത്തിയെന്നും ഉടൻ സ്‌കൂളിലെത്തണമെന്നും നിർദേശിച്ചു. എന്നാൽ ജീപ്പ് ഡ്രൈവറായ പിതാവ് സ്ഥലത്തില്ലായിരുന്നു. മാതാവും സ്ഥലത്തില്ലായിരുന്നു.  
    താൻ സ്ഥലത്തില്ലെന്ന് പിതാവ് പറഞ്ഞപ്പോഴാണ് മലം പൊതിഞ്ഞ് വീട്ടിൽ കൊടുത്തയച്ചത്. മറ്റ് കുട്ടികൾക്കൊപ്പം ഇരുത്തിയ കുട്ടിയുടെ വസ്ത്രത്തിൽ നിന്ന് ദുർഗന്ധം വമിച്ചപ്പോൾ കൂട്ടുകാർ കളിയാക്കി. ഇതിൽ മനംനൊന്ത് കുട്ടി സ്‌കൂളിൽ പോകാൻ മടിക്കുന്നതായും പരാതിയിൽ പറയുന്നു. സൗദി അറേബ്യയിൽ നിന്നും ജിനു ജോസഫ് മാത്യുവും തിരുവനന്തപുരം സ്വദേശി മനീഷ് എം.നായരും ഇതു സംബന്ധിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തകൾ പരാതിയായി നൽകുകയായിരുന്നു. അത് ഹരജിയായി പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്.
 

Latest News