പ്രവാസികളുടെ പണമെത്തിച്ച് രൂപയെ പിടിച്ചുനിര്‍ത്താന്‍ പദ്ധതി

ന്യൂദല്‍ഹി- വിദേശ ഇന്ത്യക്കാരുടെ പണം കൂടുതലായി ഇന്ത്യയിലെത്തിച്ച് കുത്തനെ ഇടിയുന്ന രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. കൂടുതല്‍ വിദേശനാണ്യം രാജ്യത്ത് എത്തിക്കുന്നതിന് പ്രവാസികളെ പ്രോത്സാഹിപ്പിക്കാനുതകുന്ന പദ്ധതി ധനമന്ത്രാലയത്തിലേയും റിസര്‍വ് ബാങ്കിലേയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു വരികയാണ്. ഇതിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മാസം 14 ശതമാനം ഇടിഞ്ഞ രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്തുന്നതിന് വിദേശ നാണ്യത്തിന്റെ ഒഴുക്ക് വര്‍ധിക്കുന്നതിലൂടെ സാധിക്കും. എണ്ണ വില വര്‍ധനയും വ്യാപാര തര്‍ക്കങ്ങളുമാണ് രൂപക്ക് വിനയായത്. രൂപക്കു മേലുള്ള സമ്മര്‍ദം കുറക്കുന്നതിന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ബോണ്ട് വില്‍പന നടത്തുകയും ഡോളര്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. 2013 ലാണ് വിദേശ ഇന്ത്യക്കാരുടെ ഡെപ്പോസിറ്റ് പദ്ധതി ആര്‍.ബി.ഐ നടപ്പിലാക്കിയിരുന്നത്.

 

Latest News