കരിപ്പൂര്‍-സൗദി സര്‍വീസ്: എയര്‍ ഇന്ത്യ ചെയര്‍മാനുമായി ചര്‍ച്ച നടത്തി

എയര്‍ഇന്ത്യ ചെയര്‍മാനും മാനേജിങ്് ഡയറക്ടറുമായ പ്രദീപ്‌സിങ് ഖറോളയുമായി എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍വഹാബ്, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ എന്നിവര്‍ ചര്‍ച്ച നടത്തുന്നു.

അനുകൂല മറുപടി ലഭിച്ചതായി പി.കെ.കുഞ്ഞാലിക്കുട്ടി  


ന്യൂദല്‍ഹി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് സിങ് ഖറോളയുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ എന്നിവര്‍ ചര്‍ച്ച നടത്തി. 2015 ല്‍ കരിപ്പൂരിലെ റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ടു നിര്‍ത്തിവെച്ച സര്‍വീസുകള്‍ വികസന പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിരിക്കെ പുനരാരംഭിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഡി.ജി.സി.എയുടെ അനുമതി അടക്കം ലഭിച്ചിട്ടും എയര്‍ഇന്ത്യയുടെ ഭാഗത്തു നിന്നു വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടി വൈകുന്നതിനാലാണ് എയര്‍ഇന്ത്യ സി.എം.ഡിയെ കണ്ടു നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട്ടു നിന്നു ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കു നേരിട്ടു വിമാന സര്‍വീസ് എയര്‍ഇന്ത്യ പുനരാരംഭിക്കണമെന്നാണ് സംഘം ആവശ്യപ്പെട്ടത്. അനുകൂലമായ മറുപടിയാണ് അദ്ദേഹത്തില്‍ നിന്നു ലഭിച്ചതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ വൈകുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ഇതേ സംഘം വ്യോമയാന വകുപ്പ് സെക്രട്ടറി രാജീവ് നയാന്‍ ചൗബേയുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തില്‍ നിന്നും അനുകൂല നിലപാടാണ് ലഭിച്ചത്.
 

 

 

 

Latest News