Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രതീക്ഷയായി പ്രവാസി  ആരോഗ്യ ഇൻഷൂറൻസ്

ലോക കേരള  സഭ പ്രവാസി സമൂഹത്തിന് പ്രയോജനം  ചെയ്യുന്ന കാര്യങ്ങളിലേക്ക് മെല്ലെ നീങ്ങുകയാണെന്ന് തോന്നുന്നു. വലിയ പ്രതീക്ഷ തരുന്നതാണ് ഈ നീക്കം.  ആഘോഷപൂർവ്വം ഈ വർഷമാദ്യം തുടക്കം കുറിച്ച സഭ സാധാരണ സർക്കാർ സംവിധാനം പോലെ വഴിയിലുപേക്ഷിക്കാനുള്ളതല്ലെന്ന സൂചന നൽകുന്ന തുടർനടപടികൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. 
പ്രവാസി മലയാളികൾക്കായുള്ള ആരോഗ്യ ഇൻഷൂറൻസാണ് സഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള ആദ്യ കാൽവെപ്പ്. വിദേശത്ത് ജോലി ചെയ്യുമ്പോൾ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിലേക്ക് വിഹിതം നൽകുന്നവർക്ക് കേരളത്തിൽ മടങ്ങിയെത്തിയാൽ, സൗജന്യ ചികിത്സ ലഭ്യമാക്കുന്നതാണ് നോർക്ക വകുപ്പ് വഴി നടപ്പാക്കാനുദ്ദേശിക്കുന്ന ഇൻഷൂറൻസ് പദ്ധതി.  ലോക കേരള സഭയിൽ വലിയ ആലോചനകൾക്ക് ശേഷം രൂപം കൊണ്ട പ്രവാസി പുനരധിവാസ സ്ഥിരം സമിതിയുടെ  ശുപാർശകളിലൊന്നാണിത്. സാധാരണക്കാരായ പ്രവാസികളുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് രോഗികളായി നാട്ടിലെത്തിയാൽ പിന്നെയെന്ത് എന്നത്. പ്രവാസിയായി എന്ന ഒറ്റ കാരണത്താൽ എ.പി.എൽ വിഭാഗത്തിൽപെടില്ല. 
സമ്പാദ്യമാണെങ്കിൽ ഒന്നും ബാക്കിയുമില്ലാത്ത ദയനീയ സ്ഥിതി. ഇങ്ങിനെയുള്ളവർ ജോലിയുള്ള കാലത്ത് അടക്കുന്ന പ്രിമിയം ഉപയോഗിച്ചാണ് ഇൻഷൂറൻസ് പഌൻ ചെയ്യുന്നത്.  വലിയ ചെലവ് വരുന്ന പത്ത് രോഗങ്ങൾക്ക് സൗജന്യ ചികിത്സയാണ് സർക്കാരിന്റെ ആലോചനയിലുള്ള പദ്ധതി ലക്ഷ്യമിടുന്നത്. സ്ഥിരംസമിതി അധ്യക്ഷൻ ഡോ.ആസാദ് മൂപ്പനാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കി സർക്കാരിന് സമർപ്പിച്ചതെന്നത് പദ്ധതിയെ കുറിച്ചുള്ള പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. 
ഒന്നാമത്തെ കാര്യം ചികിത്സ ഉൾപ്പെടുന്ന ആരോഗ്യമേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന മെഡിക്കൽ പ്രൊഫഷനലാണ് ഡോ.ആസാദ് മൂപ്പൻ എന്നതാണ്. വിദേശത്തും ,കേരളത്തിലും അദ്ദേഹത്തിന് ആശുപത്രികളും ,ചികിത്സ സംവിധാനങ്ങളുമുണ്ട്. സമർപ്പിക്കപ്പെട്ട നിർദ്ദേശം പ്രായോഗികമാകുമെന്ന് ഇതുകൊണ്ട് തന്നെ ഉറപ്പിച്ചു പറയാം.  സ്റ്റാൻഡിംഗ് കമ്മിറ്റി കഴിഞ്ഞ ദിവസമാണ്  ശുപാർശകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.
ലോക കേരള സഭയുടെ  വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളാണ് വിവിധ വിഷയങ്ങളിൽ പഠനം നടത്തിയത്.  പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള  ശുപാർശകൾ ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരാണ്  മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചത്.
കേരള വികസനനിധി രൂപീകരണവും നടത്തിപ്പും, ലോക കേരള സഭ തുടർസമ്മേളനങ്ങളുടെ നടപടിക്രമങ്ങളും ചിട്ടകളും എന്നിവയ്ക്കുള്ള നയസമീപന നിർദേശങ്ങളുടെ രൂപീകരണം സംബന്ധിച്ച ശുപാർശ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രവിപിള്ളയാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.
പ്രവാസി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അതിനു സുരക്ഷയൊരുക്കുന്നതിനുമുള്ള നിർദേശങ്ങളുടെ രൂപീകരണം സംബന്ധിച്ച ശുപാർശ എം.എ. യൂസഫലിയാണ് നൽകിയത്. പ്രവാസി പുനരധിവാസ പദ്ധതികൾ ചിട്ടപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളുടെയും നടപടിക്രമങ്ങളുടെയും രൂപീകരണം സംബന്ധിച്ച ശുപാർശയിലാണ് ഡോ.ആസാദ് മൂപ്പൻ പെൻഷൻ പദ്ധതി അടിയന്തര സ്വഭാവത്തോടെ നടപ്പാക്കാനാവശ്യപ്പെട്ടിരിക്കുന്നത്. 
മറ്റു രാജ്യങ്ങളിലെ തൊഴിൽസാധ്യതയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെയും മികച്ച തൊഴിലുകൾക്കായുള്ള വർധിച്ച മത്സരത്തിന്റെയും സാഹചര്യത്തിൽ പ്രവാസത്തിന് തയ്യാറെടുക്കുന്നവർക്കും പ്രവാസികൾക്കും സംരക്ഷണം ഉറപ്പു വരുത്തുന്നതിനുള്ള നയരൂപീകരണം സംബന്ധിച്ച ശുപാർശ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി. റപ്പായിയാണ് സമർപ്പിച്ചിട്ടുള്ളത്.  പ്രവാസ സമൂഹത്തിന്റെ സുരക്ഷയും അവകാശ സംരക്ഷണവും ഉറപ്പാക്കാനും വനിതാ പ്രവാസികളുടെ സുരക്ഷിത കുടിയേറ്റം ഉറപ്പാക്കുന്നതിനുമായി കുടിയേറ്റ നിയമരൂപീകരണം സംബന്ധിച്ച ശുപാർശകൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിതാ കൃഷ്ണനാണ് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ കലാ, സാംസ്‌കാരിക സമ്പന്നത ലോകം മുഴുവൻ വിളംബരം ചെയ്ത് വിവിധ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദേശങ്ങളുടെയും നടപടിക്രമങ്ങളുടെയും രൂപീകരണം സംബന്ധിച്ച ശുപാർശകൾ കെ. സച്ചിദാനന്ദനും, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറിയ കേരളീയരായ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാരിന്റെയും അതത് സംസ്ഥാന സർക്കാരുകളുടെയും ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ രൂപീകരിക്കുന്നതു സംബന്ധിച്ച ശുപാർശ ബെന്യാമിനും മുഖ്യമന്ത്രിക്കു സമർപ്പിച്ചിട്ടുണ്ട്.  
ശുപാർശകളിൻമേൽ കൂടുതൽ പഠനം നടത്തിയ ശേഷം അനന്തര നടപടികൾ സ്വീകരിക്കുമെന്നാണ് അന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഇവയിൽ ആരോഗ്യ ഇൻഷൂറൻസ് സംബന്ധിച്ച ശുപാർശയിൽ വേഗത്തിൽ തീരുമാനമാകുന്നതായാണ് ലഭിക്കുന്ന സൂചന. ഏതായാലും ലോക കേരള സഭ വെറുതെയാകില്ലെന്നുറപ്പിക്കാവുന്ന നീക്കങ്ങളാണിതൊക്കെ.
 

Latest News