Sorry, you need to enable JavaScript to visit this website.

സാലറി ചാലഞ്ചിന് കോടതിയുടെ തട്ട്;  വിസമ്മത പത്രത്തിന് നിർബന്ധ സ്വഭാവം

കൊച്ചി- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാർ സാമ്പത്തിക ശേഷി അനുസരിച്ച് മാത്രം സംഭാവന നൽകിയാൽ മതിയെന്ന് ഹൈക്കോടതി. ഒരു മാസത്തെ ശമ്പളം നൽകണമെന്ന സർക്കാർ ഉത്തരവ് ചോദ്യം ചെയ്തു സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ സി.ടി. രവികുമാർ, എം.എം. ബാബു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നേരത്തെ സർക്കാർ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് ബി.ജെ.പി അനുകൂല സർവീസ് സംഘടന കോടതിയെ സമീപിച്ചത്.
ശമ്പളം നൽകാൻ താൽപര്യമില്ലാത്തവർ വിസമ്മത പത്രം നൽകണമെന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥ നടപ്പാക്കുന്നത് കോടതി തടഞ്ഞു. സർക്കാർ ഉത്തരവിന്റെ നിയമ സാധുത സംബന്ധിച്ച ഹരജി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഒരു മാസത്തിനകം തീർപ്പാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
വിസമ്മത പത്രം പ്രഥമദൃഷ്ട്യാ നിർബന്ധ സ്വഭാവമുള്ളതാണെന്ന് കോടതി വിലയിരുത്തി. ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാത്തവരുടെ പട്ടിക സമാഹരിക്കുകയോ പ്രസിദ്ധീകരിക്കുകയോ പാടില്ലെന്ന് വകുപ്പ് തലവന്മാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ വിശദീകരിച്ചു. ശമ്പളം നൽകാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും അഡ്വക്കറ്റ് ജനറൽ വിശദീകരിച്ചു.
വിസമ്മത പത്രം നൽകിയില്ലെങ്കിൽ സമ്മതമായി കണക്കാക്കുമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സമ്മത പത്രം വാങ്ങുന്നതിൽ തെറ്റില്ല. എന്നാൽ വിസമ്മത പത്രത്തിന് നിർബന്ധ സ്വഭാവമുണ്ടെന്ന് കോടതി വ്യക്തമാക്കി. ശമ്പളം നൽകാൻ വിയോജിപ്പ് പ്രകടിപ്പിച്ചതുകൊണ്ട് തങ്ങളെ മോശക്കാരാക്കിയെന്നും ആത്മാഭിമാനത്തിന് കളങ്കം വരുത്തിയെന്നും ഹരജിക്കാർ ആരോപിച്ചു.
 

Latest News