കൊച്ചി- പുനർവിവാഹത്തിന് പത്രത്തിൽ പരസ്യം നൽകി വിവാഹാലോചന വരുന്ന പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച് അവരുടെ പണവും സ്വർണവുമായി മുങ്ങുന്ന വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ. 50 ഓളം യുവതികളെ ഇത്തരത്തിൽ കെണിയിൽ പെടുത്തിയ മാനന്തവാടി കല്ലോടിയിൽ താമസിക്കുന്ന പയ്യന്നൂർ സ്വദേശി ബിജു ആന്റണിയെ (38) യാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
പുനർവിവാഹത്തിന് പരസ്യം ചെയ്ത മലപ്പുറം സ്വദേശിനിയായ യുവതിയുമായി ഇത്തരത്തിൽ അടുപ്പത്തിലായ ഇയാൾ കഴിഞ്ഞ മാസം വടുതലയിൽ വാടകക്ക് വീടെടുത്തു താമസം തുടങ്ങുകയും ഒരാഴ്ചക്കകം യുവതിയുടെ പണവും സ്വർണവുമായി കടന്നു കളയുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയിൽ നോർത്ത് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഒരു പ്രാവശ്യം അടുപ്പത്തിലായ യുവതികളുടെ പേരിൽ എടുത്ത സിം കാർഡാണ് ഇയാൾ പിന്നീട് പരസ്യം നൽകാനും അടുത്ത ഇരയെ വിളിക്കാനും ഉപയോഗിച്ചിരുന്നത്. അതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെ നിരവധി അന്വേഷണങ്ങൾ നടത്തിയെങ്കിലും ഇയാളെ കുറിച്ച് വിവരം ഒന്നും കിട്ടിയില്ല. വായനാടിലും ഗുണ്ടൽപേട്ടിലും മാറിമാറി താമസിച്ചിരുന്ന പ്രതിക്കായി പല സ്ഥലങ്ങളിലും അന്വേഷണം നടത്തി വരവേ കൽപറ്റ പോലീസിന്റെ സഹായത്തോടെ ഇന്നലെ പുലർച്ചെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുമായി മടങ്ങി സ്റ്റേഷനിലേക്ക് വരുമ്പോഴും കഴിഞ്ഞ ദിവസം ഇയാൾ നൽകിയ വിവാഹ പരസ്യം കണ്ടു നിരവധി യുവതികൾ വിളിക്കുന്നുണ്ടായിരുന്നു. ഈ യുവതിയുമായി എറണാകുളത്തു താമസിക്കുമ്പോൾ തന്നെ ഇയാൾ കോട്ടയം സ്വദേശിനിയും അംഗപരിമിതയുമായ യുവതിയുമായി വിവാഹം ഉറപ്പിച്ച ശേഷം 45,000 രൂപ കൈക്കലാക്കിയിരുന്നു. കൂടാതെ വൈക്കം സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ചു വരികയുമായിരുന്നു. ഇത്തരത്തിൽ 2008 മുതൽ തട്ടിപ്പ് നടത്തിയതിനു കാസർകോട് കുമ്പള, കണ്ണൂർ ചൊക്ലി, കോഴിക്കോട് നടക്കാവ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
മലപ്പുറം സ്വദേശിനിയോട് റഫീഖ് എന്നും, വൈക്കം സ്വദേശിനിയോട് ജീവൻ എന്നും മറ്റുള്ളവരോട് ബിജു എന്നുമാണ് ഇയാൾ പേര് പറഞ്ഞിരുന്നത്. ഫെയ്‌സ്ബുക്കിൽ നിന്ന് ഇയാളുമായി സാമ്യമുള്ളവരുടെ ഫോട്ടോ എടുത്ത ശേഷം അതാണ് ഇയാൾ വാട്‌സ്ആപ്പ് പ്രൊഫൈൽ ഫോട്ടോ ആയി ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ അമ്പതോളം യുവതികളെ ഇയാൾ കെണിയിൽ പെടുത്തിയിട്ടുണ്ട്. 25 മുതൽ 60 വയസ്സു വരെയുള്ളവർ ഇതിൽ പെടും. അറസ്റ്റ് ചെയ്യുന്നതിന് തലേ ദിവസവും ഇയാൾ പത്രത്തിൽ വിവാഹ പരസ്യം നൽകിയിരുന്നു. കിട്ടുന്ന പണം മുഴുവൻ ഇയാൾ ആഡംബര ജീവിതം നയിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങും.