തേഞ്ഞിപ്പലം- ചേളാരി മാതാപ്പുഴ റോഡിലെ ക്വാർട്ടേഴ്‌സിൽ താമസക്കാരനായിരുന്ന തമിഴ്‌നാട് സ്വദേശി കൃഷ്ണമൂർത്തി (49) മർദനമേറ്റു കൊല്ലപ്പെട്ട കേസിൽ മൂന്നു മലയാളി യുവാക്കൾ അറസ്റ്റിൽ. വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചിയിലെ കുഴിക്കാട്ടിൽ മലയിൽ ശരത്ത് (29), വെളിമുക്ക് പെരിക്കോണ്ടിൽ വീട്ടിൽ അഖിൽ ലാൽ (25), തേഞ്ഞിപ്പലം ചെറാമ്പത്ത് കെ.പി മുഹമ്മദ് ഷാഫി (18) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 30 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി പത്തിനു ചേളാരി മാതാപുഴ റോഡിലെ സ്വകാര്യ കെട്ടിടത്തിൽ ചിലർ ലഹരി ഉപയോഗിച്ചതു കൃഷ്ണമൂർത്തി ചോദ്യം ചെയ്തതു വാക്കു തർക്കത്തിലും പിന്നീട് അടിപിടിയിലും കലാശിച്ചിരുന്നുവെന്നും മർദനത്തിൽ മൂർത്തിക്ക് ഗുരുതര പരിക്കേറ്റിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതേത്തുടർന്നു റോഡരികിൽ കിടന്ന മൂർത്തിയെ പിറ്റേ ദിവസം രാവിലെ നാട്ടുകാർ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിച്ചിരുന്നു. പരിക്ക് ഗുരുതരമെന്ന് കണ്ടു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. മർദനമേറ്റാണ് പരിക്കേറ്റതെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരും അറസ്റ്റിലായത്. പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ചികിത്സയിലിരിക്കെ മൂന്നു പേർ ചേർന്നു തന്നെ മർദിച്ചിരുന്നതായി കൃഷ്്ണമൂർത്തി മരണ മൊഴിയും നൽകിയിരുന്നു. കൂടുതൽ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു മൂർത്തിയെ പോണ്ടിച്ചേരി ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയായിരുന്നു മരണം. ഇതിനുശേഷം മൃതദേഹം തമിഴ്‌നാട്ടിൽ എത്തിച്ചെങ്കിലും സംഭവം നടന്നതു തേഞ്ഞിപ്പലത്ത് വച്ചായതിനാൽ തേഞ്ഞിപ്പലം പോലീസ് ആവശ്യപ്പെട്ടതനുസരിച്ചു തമിഴ്‌നാട് പോലീസ് മൃതദേഹം തിരിച്ചയക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്തു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നതായി തേഞ്ഞിപ്പലം എസ്‌ഐ പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിലാണ് മൂർത്തിയുടെ മരണത്തെക്കുറിച്ച് പോലീസിനു സ്ഥിരീകരണം ലഭിച്ചത്. കൊലപാതകത്തിന് കേസെടുത്ത മൂന്നു പേരെയും ഇന്നു കോടതിയിൽ ഹാജരാക്കും. ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം മലപ്പുറം ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ മേൽനോട്ടത്തിൽ തേഞ്ഞിപ്പലം എസ്.ഐ ബിനു തോമസ്, എസ്.ഐ സുബ്രമണ്യൻ, എ.എസ്.ഐമാരായ ജയദേവൻ, ആനന്ദൻ, ഉദയകുമാർ, പോലീസുകാരായ ദിനേശൻ, സജീവ്, ദിനു, പ്രബീഷ്, അഫീദ് എന്നിവർ ചേർന്നാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്.