കൊല്ലം- സ്‌കൂൾ അധ്യാപികയെ വീട്ടിനുള്ളിൽ തലക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. രാജഗിരി അനിത ഭവനിൽ ആഷ്‌ലിയുടെ ഭാര്യ അനിത സ്റ്റീഫനാ(39)ണ് മരിച്ചത്. അടൂർ ചന്ദനപ്പള്ളി ഗവ. എൽ.പി.എസിലെ അധ്യാപികയാണ്. സംഭവത്തിന് ശേഷം ഹെൽത്ത് ഇൻസ്‌പെക്ടറായ ഭർത്താവ് ആഷ്‌ലി സോളമൻ ഒളിവിലാണ്. അനിതയുടെ പിതാവ് സ്റ്റീഫൻ ഇന്നലെ വൈകിട്ട് മൂന്നിന് സ്‌കൂൾ വിട്ടുവന്ന അനിതയുടെ കുട്ടികളുമായി വീട്ടിലെത്തിയപ്പോഴാണ് അനിതയുടെ മൃതദേഹം കണ്ടത്. അയൽക്കാരായ അനിതയും ആഷ്‌ലിയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. ഇതിനിടെ അനിത സ്ഥിരമായി യാത്ര ചെയ്യുന്ന ബസിന്റെ ഉടമയുമായി പ്രണയത്തിലായി മാസങ്ങൾക്ക് മുമ്പേ ഒളിച്ചോടിയിരുന്നു. തുടർന്ന് കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങി തിരികെ വന്ന് ഭർത്താവിനൊപ്പം അനിതയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനു ശേഷം ഇരുവരും മാനസികമായി അകന്നു കഴിയുകയായിരുന്നു. കാമുകനായ ബസ് ഉടമ അനിതയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസിലും കോടതിയിലും പരാതി നൽകി. ഈ പരാതിയിൽ കാമുകന് അനുകൂല മൊഴി നൽകിയത് ഭർത്താവിനെ ചൊടിപ്പിച്ചിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇന്നലെ അനിത സ്‌കൂളിൽ പോയിരുന്നില്ല. ഒൻപതാം ക്ലാസ് വിദ്യാർഥി ആരോമൽ, ആറാം ക്ലാസ് വിദ്യാർഥി ആൽവിൻ എന്നിവരാണ് മക്കൾ. ഇരുവരും ശാസ്താംകോട്ട ഗവ. എച്ച്.എസ്.എസിലെ വിദ്യാർഥികളാണ്.






