ന്യൂദല്‍ഹി- യാത്രക്കാരോട് വിടര്‍ന്ന ചിരി വേണ്ടെന്നും മിതമായി ചിരിച്ചാല്‍ മതിയെന്നും രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാ സേന(സി.ഐ.എസ്.എഫ്) ക്ക് നിര്‍ദേശം. എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരെ സ്വീകരിക്കുമ്പോള്‍ കൂടുതല്‍ അച്ചടക്കം പാലിക്കണമെന്നും അങ്ങനെ ചെയ്താല്‍ സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നുമാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. എയര്‍പോര്‍ട്ടുകളില്‍ സുരക്ഷക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും അതുകൊണ്ടാണ് വിടര്‍ന്ന ചിരി മിതമായ ചിരിയിലേക്ക് ഒതുക്കുന്നതെന്നും സി.ഐ.എസ്.എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറലും വ്യോമ സുരക്ഷാ മേധാവിയുമായ എ.എ. ഗണപതി പറഞ്ഞു. യാത്രക്കാരുമായി സി.ഐ.എസ്.എഫ് ഭടന്മാര്‍ക്ക് അമിത സൗഹൃദം പാടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ രാജേഷ് രഞ്ജനും പറഞ്ഞു.
യാത്രക്കാരോട് അമിത സൗഹൃദത്തിനു കഴിയില്ല. 2001 ല്‍ അമേരിക്കയില്‍ ഇരട്ട ടവറുകള്‍ക്കു നേരെ നടന്ന ആക്രമണത്തിന്റെ (സെപ്റ്റംബര്‍ 11 ഭീകരാക്രമണം) കാരണങ്ങളിലൊന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്നവര്‍ക്ക് യാത്രക്കാരിലുണ്ടായിരുന്ന അമിത വിശ്വാസവും സൗഹൃദവുമായിരുന്നു -അദ്ദേഹം വിശദീകരിച്ചു.
സൗഹൃദ പുഞ്ചിരി നല്ലതു തന്നെ. പക്ഷേ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കേണ്ടത് സുരക്ഷാ ചുമതലയിലാണ്. ഇക്കാരണത്താലാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കിയതെന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു.