റായ്പൂര്‍- ഛത്തീസ്ഗഢിലെ പ്രശസ്തമായ ഭിലായ് ഉരുക്കു നിര്‍മ്മാണ ശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. വാതക പൈപ്പ്‌ലൈന്‍ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. സ്‌ഫോടനം നടക്കുമ്പോള്‍ പൈപ്പ്‌ലൈനിനു സമീപം ഇരുപതോളം ജോലിക്കാരാണ് ഉണ്ടായിരുന്നത്. ആഘാതത്തെ തുടര്‍ന്ന് ഇവര്‍ പലഭാഗങ്ങളിലേക്ക് തെറിച്ചു വീണു. പൊടുന്നനെയാണ് സ്‌ഫോടനമുണ്ടായതെന്നും ജോലിക്കാര്‍ക്ക് രക്ഷപ്പെടാന്‍ പോലും അവസരം ലഭിച്ചില്ലെന്നും റിപോര്‍ട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില അതീവ ഗുരുതമാണ്. കൂടുതല്‍ പേര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നും പോലീസ് പറയുന്നു. പടര്‍ന്നു പിടിച്ച തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍)യുടെ ഏറ്റവും വലിയ ഉരുക്കു നിര്‍മ്മാണ ശാലകളിലൊന്നാണ് ഇത്. ഭിലായിലെ ആധുനിക വല്‍ക്കരിച്ച പ്ലാന്റ് ജൂണിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിനു സമര്‍പ്പിച്ചത്.