ഭാര്യയും കാമുകനും പദ്ധതിയിട്ടത് സവാദിന്റെ മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാന്‍; പാളിയത് ഇങ്ങനെ

മലപ്പുറം- താനൂരില്‍ 40കാരന്‍ സവാദിനെ വീട്ടിനുള്ളില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം പ്രതികളായ ഭാര്യ സൗജത്തും കാമുകന്‍ ബഷീറും ചേര്‍ന്ന് നടത്തിയ മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനു ശേഷമെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യപ്രതി ബഷീറില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചത്. നാലു വര്‍ഷത്തോളം രഹസ്യ പ്രണയത്തിലായിരുന്ന സൗജത്തും ബഷീറും സവാദിനെ കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. കാമുകനൊപ്പം ജീവിക്കാന്‍ തടസ്സമായതോടെയാണ് ഭര്‍ത്താവ് സവാദിനെ കൊല്ലാന്‍ സൗജത്ത് രഹസ്യമായി കരുക്കള്‍ നീക്കിയിരുന്നത്. മൂന്ന് മാസം മുമ്പ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും സവാദ് ഇതു കഴിക്കാത്തതിനെ തുടര്‍ന്ന് അതു പാളി. ഇതിനു ശേഷം മറ്റൊരു രാത്രിയിലും കൊല് നടത്താന്‍ തുനിഞ്ഞിരുന്നു. പിന്നീടാണ് ആസൂത്രണം ചെയ്ത് കൊലനടത്താന്‍ ബഷീറും സൗജത്തും തീരുമാനിച്ചത്. 

രണ്ടു ദിവസത്തെ അവധിക്ക് നാട്ടിലെത്തി സവാദിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു ബഷീറിന്റെ പദ്ധതി. തിരിച്ചു പോയ ശേഷം സവാദിനെ കാണാനില്ലെന്നു കാണിച്ച് സൗജത്തിനെ കൊണ്ട് പാലീസില്‍ പരാതി നല്‍കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ കൊലപാതകം നടന്ന ദിവസം സവാദിനൊപ്പം ഉറങ്ങിയിരുന്ന മകള്‍ ഞെട്ടിയുണര്‍ന്നതോടെയാണ് പദ്ധതി പാളിയത്. തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കാന്‍ ആയുധം തയാറാക്കി വച്ചിരുന്നു. എന്നാല്‍ തലയ്ക്കടിയേറ്റ സവാദിന്റെ ബഹളം കേട്ട് മകള്‍ ഉണര്‍ന്നതോടെ ബഷീര്‍ ഇറങ്ങി ഓടുകയായിരുന്നു. എന്നാല്‍ മുന്‍നിശ്ചയ പ്രകാരം സൗജത്ത് പുറത്തു വന്ന് മകളെ മുറിക്കുള്ളിലടച്ചു ഒളിപ്പിച്ച ആയുധമെടുത്ത് സവാദിന്റെ മൃതദേഹം കഷ്ണങ്ങളാക്കാന്‍ തുനിഞ്ഞു. എങ്കിലും കഴുത്തറുക്കാന്‍ മാത്രമെ സാധിച്ചുള്ളൂ. അപ്പോഴേക്കും മുഖ്യപ്രതി ബഷീര്‍ സ്ഥലം വിട്ടിരുന്നു. പദ്ധതി പാളിയെന്നു കണ്ട സൗജത്ത് തന്നെയാണ് പുറത്തിറങ്ങി നിലവിളിച്ച് ആളെ കൂട്ടിയത്.

ഇതിനിടെ മംഗലാപുരം വിമാനത്താവളം വഴി യുഎഇയിലേക്കു തിരിച്ചു പോയ പ്രതി ബഷീര്‍ തന്നെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ മറ്റുവഴികളില്ലാതെ തിരിച്ചു നാട്ടിലെത്തി പോലീസില്‍ കീഴടങ്ങുകയായിരുന്നു.
 

Latest News