Sorry, you need to enable JavaScript to visit this website.

പ്രളയ ദുരിതാശ്വാസം: മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക്  ഇത് വരെ 1740 കോടി രൂപ ലഭിച്ചു 

തിരുവനന്തപുരം- പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 1740 കോടി രൂപ ലഭിച്ചു.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച അവലോകനം ചെയ്തപ്പോൾ ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
പുനരധിവാസ - പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ക്രൗഡ് ഫണ്ടിംഗ് പരമാവധി പ്രയോജനപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. 
ക്രൗഡ് ഫണ്ടിംഗിനുളള ഇന്റർനെറ്റ് പോർട്ടൽ തയ്യാറായിട്ടുണ്ട്. ഈ പോർട്ടലിലേക്ക് വിവിധ ഡിപ്പാർട്ട്‌മെന്റുകൾ അവർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം അടിയന്തരമായി നൽകണമെന്ന് തീരുമാനിച്ചു. ദുരിതാശ്വാസത്തിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറി ടോം ജോസ് വിശദീകരിച്ചു. ഇപ്പോഴും 66 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 1848 പേരാണ് ക്യാമ്പുകളിലുളളത്. 10,000 രൂപ വീതമുളള ധനസഹായം 5.98 ലക്ഷം പേർക്ക് വിതരണം ചെയ്തു. 
പ്രളയത്തിൽ വൈദ്യുതി നിലയങ്ങൾക്കും ലൈനുകൾക്കുമുണ്ടായ തകരാറുകൾ എല്ലാം പരിഹരിച്ചു. 954 പേരുടെ വീടും സ്ഥലവും പ്രളയത്തിൽ നഷ്ടമായി. 16,661 വീടുകളാണ് പൂർണമായും തകർന്നത്. 2.21 ലക്ഷം വീടുകൾക്ക് ഭാഗികമായി തകരാർ പറ്റി. തകർന്ന വീടുകളുടെ  നിർമ്മാണവും അറ്റകുറ്റപ്പണിയും  വേഗം പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. 
കാർഷിക മേഖലയിൽ പുനർനിർമ്മാണം നടത്തുമ്പോൾ കൃഷിയുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനുളള പദ്ധതികളും നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടുപകരണങ്ങൾ വാങ്ങുന്നതിന് കുടുംബശ്രീ മുഖേന ലഭ്യമാക്കുന്ന വായ്പയ്ക്ക് 1.42 ലക്ഷം പേർ അപേക്ഷിച്ചിട്ടുണ്ട്. 11,618 അപേക്ഷകൾ ബാങ്കുകൾക്ക് സമർപ്പിച്ചു. 7625 അപേക്ഷകൾ പാസായിട്ടുണ്ട്. ഇതിനകം ബാങ്കുകൾ 60.81 കോടി രൂപ അനുവദിച്ചു. ഇതിലധികവും വായ്പ നൽകിയത് സഹകരണ ബാങ്കുകളാണ്. 
ജീവിതോപാധി കണ്ടെത്തുന്നതിന് ആസൂത്രണ ബോർഡ് വിവിധ പാക്കേജുകൾ തയ്യാറാക്കുന്നുണ്ടെന്ന് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ യോഗത്തിൽ പറഞ്ഞു. 
നവംബർ 1, 2 തീയതികളിൽ ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ ലൈവ്‌ലിഹുഡ് കോൺഫറൻസ് സംഘടിപ്പിക്കുന്നുണ്ട്. 
പ്രളയത്തിൽ 3600 ഓളം കറവപ്പശുക്കൾ ചത്തുപോയിട്ടുണ്ട്. പകരം പശുവിനെ വാങ്ങുന്നതിന് സർക്കാർ 33,000 രൂപ വീതം നൽകും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. ആവശ്യമുളളവർക്ക് വായ്പ ലഭ്യമാക്കാനും സഹായിക്കും. 
പ്രളയത്തിൽ 114 അംഗനവാടികൾ പൂർണമായും ആയിരത്തോളം അംഗനവാടികൾ ഭാഗികമായും തകർന്നിട്ടുണ്ട്. ഇവ പുനർനിർമ്മിക്കാൻ 90 കോടി രൂപയാണ് ഏകദേശം ചെലവ്. തകർന്ന 35 പോലീസ് സ്റ്റേഷനുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുകയാണ്. പോലീസ് വകുപ്പിന്റെ 143 കെട്ടിടങ്ങൾ ഭാഗികമായും തകർന്നിട്ടുണ്ട്. 
ലോക ബാങ്കുമായും എ.ഡി.ബിയുമായും വായ്പ സംബന്ധിച്ച് ചർച്ച നടത്തിവരികയാണ്. നബാർഡ്, ഹഡ്‌കോ എന്നീ ഏജൻസികളിൽ നിന്നും വായ്പയെടുക്കാൻ ആലോചിക്കുന്നുണ്ട്. യോഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ പി.എച്ച്. കുര്യൻ, ടി.കെ. ജോസ്, രാജീവ് സദാനന്ദൻ, സുബ്രതോ ബിശ്വാസ്, ബിശ്വാസ് മേത്ത തുടങ്ങിയവരും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, സെക്രട്ടറി എം. ശിവശങ്കർ എന്നിവരും പങ്കെടുത്തു.

Latest News