വാട്‌സ്ആപ്പ് ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നില്ല; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂദല്‍ഹി- പരാതി പരിഹാര ഉദ്യോഗസ്ഥെന നിയമിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന ഹരജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. പരാതിയില്‍ നിരവധി വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗിന്റെ ആവശ്യം ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരുള്‍പ്പെട്ട ബെഞ്ച് അംഗീകരിച്ചു.
സര്‍ക്കാരിതര സംഘടനയായ സെന്റര്‍ ഫോര്‍ അക്കൗണ്ടബിലിറ്റി ആന്റ് സിസ്റ്റമിക് ചെയിഞ്ച് (സി.എ.എസ്.സി) നല്‍കിയ ഹരജിയില്‍ കേന്ദ്രത്തിനു പുറമെ, വാട്‌സ്ആപ്പിനും നോട്ടീസയച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങല്‍ പൂര്‍ണമായി അംഗീകരിക്കുന്നതു വരെ പേയ്‌മെന്റ് സേവനവുമായി മുന്നോട്ടു പോകുന്നതില്‍ നിന്ന് വാട്‌സ്ആപ്പിനെ തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ വാട്‌സ്ആപ്പിന് ഏതാണ്ട് 20 കോടിയിലേറെ ഉപയോക്താക്കളുണ്ട്. പത്ത് ലക്ഷത്തോളം പേരെങ്കിലും പേയ്‌മെന്റ് സേവനം പരീക്ഷിക്കുന്നതായാണ് കണക്ക്. ആഗോളാടിസ്ഥാനത്തില്‍ 150 കോടി ഉപയോക്താക്കളുണ്ടെന്ന് കണക്കാക്കുന്ന വാട്‌സ്ആപ്പ് ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമാണ്.
ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കില്‍ ആര്‍.ബി.ഐ ചട്ടങ്ങളിലൂടെ ആവശ്യപ്പെടുന്ന കെ.വൈ.സി (കസ്റ്റമറെ അറിയുക) വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. വിദേശ കമ്പനിയായ വാട്‌സ്ആപ്പിന് ഇന്ത്യയില്‍ ഓഫീസോ സെര്‍വറോ ഇല്ല. പേയ്‌മെന്റ് സേവനം നടത്തണമെങ്കില്‍ വാട്‌സ്ആപ്പിന് ഇന്ത്യയില്‍ ഓഫീസും സംവിധാനങ്ങളും വേണം. ഇന്ത്യയിലെ ഉപയോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരം കാണാനും ഉദ്യോഗസ്ഥന്‍ ആവശ്യമാണ്. ഇതൊന്നും പരിശോധിക്കാതെയാണ് പേയ്‌മെന്റും മറ്റു സേവനങ്ങളുമായി മുന്നോട്ടു പോകാന്‍ വാട്‌സ്ആപ്പിനെ അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിലെ നികുതി നിയമങ്ങളും വാട്‌സ്ആപ്പ് പാലിക്കുന്നില്ല. സാധാരണക്കാരന്‍ മുതല്‍ ഉന്നത നീതിപീഠത്തിലെ ജഡ്ജി വരെ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ഹരജിയില്‍ പറഞ്ഞു. എല്ലാ ഉപയോക്താക്കള്‍ക്കും വാട്‌സ്ആപ്പില്‍ ഒരു നമ്പര്‍ ഉണ്ടെങ്കിലും പരാതിപ്പെടാനോ പരിഹാരം തേടാനോ ഉള്ള ഒരു നമ്പര്‍ വാട്‌സ് ആപ്പിലില്ലെന്നും വിരാഗ് ഗുപ്ത മുഖേന സമര്‍പ്പിച്ച ഹരജിയില്‍ വിശദീകരിക്കുന്നു. വാട്‌സ്ആപ്പ് അടക്കമുള്ള മെസേജിംഗ് സേവനങ്ങള്‍ വ്യാപകമായതോടെ അത്ര തന്നെ ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള കുറ്റകൃതങ്ങളും വ്യാപകമായിട്ടുണ്ട്. ഫേസ്ബുക്കും ഗൂഗിളും ഇന്ത്യയില്‍ പരാതി പരിഹാര ഓഫീസറെ നിയോഗിച്ചിട്ടുണ്ടെങ്കിലും വാട്‌സ്ആപ്പിന് ഇത്തരം ഓഫീസറില്ല. അതേസമയം, ഫേസ്ബുക്കിന്റെ പരാതി പരിഹാര ഓഫീസര്‍ അയര്‍ലന്‍ഡിലും ഗൂഗിള്‍ ഓഫീസര്‍ അമേരിക്കയിലുമാണെന്നതും വേറൊരു കാര്യം.
---

 

Latest News