ശബരിമല: ബി.ജെ.പി വാദങ്ങളാണ് ശരിയെങ്കില്‍ നിയമം നിര്‍മിക്കാന്‍ തയാറാകണം -യെച്ചൂരി

ന്യൂദല്‍ഹി- ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ വാദങ്ങളാണ് ശരിയെങ്കില്‍ സുപ്രീം കോടതിയുടെ വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ നിയമ നിര്‍മാണത്തിനു തയാറാകാത്തതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്നതു മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം. ആര്‍.എസ്.എസും ഇതിന് ഒത്താശ ചെയ്തു ശക്തമായി പിന്തുണക്കുന്നു. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്നത് ആര്‍.എസ്.എസിനെ സഹായിക്കാന്‍ മാത്രമാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സുപ്രീം കോടതി വിധിയെ അനുകൂലിക്കുകയും കേരളത്തില്‍ മറ്റൊരു നിലപാട് എടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ഇത് വോട്ട് മാത്രം ലക്ഷ്യം വെച്ചുള്ള നീക്കമാണ്.
സ്ത്രീകളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് സുപ്രീം കോടതിയുടെ വിധിയെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയത്. ബി.ജെ.പിയും ആര്‍.എസ്.എസും കോണ്‍ഗ്രസും ഒരുപോലെ സമത്വത്തെയും മതേതര മൂല്യങ്ങളെയും വെല്ലുവിളിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ സി.പി.എം സ്വാഗതം ചെയ്യുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനം ഉറപ്പാക്കുന്ന സുപ്രീം കോടതി വിധി വനിതകളുടെ തുല്യാവകാശം ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും യെച്ചൂരി പറഞ്ഞു.
പ്രളയ കാലത്തെ അതീജീവിക്കുന്നതിനായി കേരളത്തിലെ സര്‍ക്കാരും ജനങ്ങളും പാര്‍ട്ടിയും കൈകോര്‍ത്തു നിന്നു. തകര്‍ന്ന സംവിധാനങ്ങള്‍ പരിഹരിക്കുക എന്നതിനപ്പുറം നവകേരള സൃഷ്ടി എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആശയം അഭിനന്ദനാര്‍ഹമാണ്. പ്രളയത്തിലകപ്പെട്ട കേരളത്തെ കൈപ്പിടിച്ചു കയറ്റാന്‍ രാജ്യം തന്നെ ഒറ്റക്കെട്ടായി നിന്നുവെന്നും യെച്ചൂരി പറഞ്ഞു. രാഷ്ട്രീയ ഭിന്നതകള്‍ മറന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകള്‍ നല്‍കിയ എല്ലാവരെയും പാര്‍ട്ടി അഭിനന്ദിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
--

 

Latest News