റിയാദ് - ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയിൽ സൗദിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിനും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും ഗൾഫ് റിക്രൂട്ട്‌മെന്റ് കമ്പനികളും സ്ഥാപനങ്ങളും മടിക്കുന്നു. സൗദിയിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നതിന് ഗൾഫ് റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും അനുമതി നൽകുന്നതിന് മാസങ്ങൾക്കു മുമ്പ് തീരുമാനിച്ചിരുന്നു.
സൗദി, ഗൾഫ് റിക്രൂട്ട്‌മെന്റ് കമ്പനികൾക്കിടയിൽ ആരോഗ്യകരമായ മത്സരം ശക്തമാക്കുന്നതിന് ലക്ഷ്യമിട്ടും സൗദിയിൽ റിക്രൂട്ട്‌മെന്റ് വിപണിയിൽ നിലനിൽക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ശ്രമിച്ചുമാണ് ഗൾഫ് റിക്രൂട്ട്‌മെന്റ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സൗദിയിൽ ലൈസൻസ് നൽകുന്നതിന് ബന്ധപ്പെട്ടവർ തീരുമാനിച്ചത്.
സൗദിയിൽ റിക്രൂട്ട്‌മെന്റ് വിപണിയിൽ പ്രതിബന്ധങ്ങളുണ്ടെന്നാണ് ഗൾഫ് റിക്രൂട്ട്‌മെന്റ് കമ്പനികളുടെ വിട്ടുനിൽക്കൽ വ്യക്തമാക്കുന്നതെന്ന് സൗദി റിക്രൂട്ട്‌മെന്റ് ഓഫീസ് കൂട്ടായ്മക്കു കീഴിലെ വക്താവ് മാജിദ് അൽഹഖാസ് പറഞ്ഞു. സൗദിയിൽ റിക്രൂട്ട്‌മെന്റ് വിപണിയിൽ ഗൾഫ് കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുന്നതിനുള്ള തീരുമാനം ഒരു വർഷം മുമ്പാണ് അധികൃതർ പ്രഖ്യാപിച്ചത്. ഇതിനു ശേഷം ഇതുവരെ ഒരു ഗൾഫ് റിക്രൂട്ട്‌മെന്റ് കമ്പനി പോലും സൗദി വിപണിയിൽ പ്രവേശിച്ചിട്ടില്ല. റിക്രൂട്ട്‌മെന്റ് മേഖലയിലെ പ്രശ്‌നങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പരിഹാരം കാണണം.
വിദേശത്തു നിന്ന് വേലക്കാരിയെ റിക്രൂട്ട് ചെയ്ത് സൗദിയിൽ എത്തിക്കുന്നതിന് അഞ്ചു മാസമെടുക്കുന്നുണ്ട്. എന്നാൽ അതേ രാജ്യങ്ങളിൽ നിന്നു തന്നെ വേലക്കാരികളെ രണ്ടാഴ്ചക്കകം ഗൾഫ് രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. സൗദിയിൽ റിക്രൂട്ട്‌മെന്റ് വിപണിയിൽ വലിയ പ്രതിബന്ധങ്ങളുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പൈൻസ് നേരത്തെ നിർത്തിവെച്ചിരുന്നു. എന്നാൽ ഈ പ്രശ്‌നത്തിന് ഒരു മാസത്തിനകം പരിഹാരം കാണുന്നതിന് കുവൈത്തിന് സാധിച്ചു. അതേസമയം, ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പ്രശ്‌നത്തിൽ സൗദി അറേബ്യയും ഫിലിപ്പൈൻസും തമ്മിലുള്ള തർക്കത്തിന് 2010 വരെ പഴക്കമുണ്ട്. എട്ടു വർഷമായി നിലവിലുള്ള തർക്കത്തിന് പരിഹാരം കാണുന്നതിന് സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകൾക്ക് സാധിച്ചിട്ടില്ലെന്ന് മാജിദ് അൽഹഖാസ് പറഞ്ഞു.
ഗൾഫ് റിക്രൂട്ട്‌മെന്റ് കമ്പനികൾ സൗദിയിൽ പ്രവേശിക്കാത്തത് സൗദി റിക്രൂട്ട്‌മെന്റ് കമ്പനികൾ നേരിടുന്ന ദുരിതങ്ങളുടെ ആഴമാണ് വ്യക്തമാക്കുന്നതെന്ന് റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമ ഉബൈദ് അൽഅസ്സാഫ് പറഞ്ഞു. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പ്രശ്‌നത്തിൽ തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായുള്ള തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കഴിയുന്നില്ല. നൈജീരിയ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഉഗാണ്ട പോലെ എണ്ണപ്പെട്ട രാജ്യങ്ങളിൽ നിന്നു മാത്രമാണ് ഇപ്പോൾ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സാധിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ശാഖകൾ തുറന്ന് സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സൗദി റിക്രൂട്ട്‌മെന്റ് കമ്പനികളെയും ഓഫീസുകളെയും അനുവദിക്കണം*
ചില രാജ്യങ്ങൾ സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നതിന് വിസമ്മതിക്കുന്നത് പ്രാദേശിക റിക്രൂട്ട്‌മെന്റ് വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്*
റിക്രൂട്ട്‌മെന്റ് വിപണിയിലെ പ്രതിസന്ധി മൂലം പല സൗദി കുടുംബങ്ങളും ഗാർഹിക തൊഴിലാളികൾക്ക് ബഹ്‌റൈൻ, കുവൈത്ത്, യു.എ.ഇ പോലുള്ള അയൽ രാജ്യങ്ങളെ സമീപിക്കുകയാണ്. ഗൾഫ് രാജ്യങ്ങൾ വഴി ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിക്കുന്നതിന് ആകുന്ന ചെലവും എടുക്കുന്ന സമയവും സൗദിയിലെ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ വഴി റിക്രൂട്ട് ചെയ്ത് എത്തിക്കുന്നതിന് ആകുന്ന ചെലവിന്റെയും എടുക്കുന്ന സമയത്തിന്റെയും പകുതിയാണ്. ഇന്ത്യയിൽ നിന്ന് വേലക്കാരിയെ റിക്രൂട്ട് ചെയ്യുന്നതിന് സൗദിയിൽ 20,000 ലേറെ റിയാൽ ചെലവ് വരും. തൊഴിലാളിയെ റിക്രൂട്ട് ചെയ്ത് എത്തിക്കുന്നതിന് 60 ദിവസം മുതൽ 90 ദിവസം വരെ സമയവും എടുക്കുന്നു. ചില റിക്രൂട്ട്‌മെന്റ് ഓഫീസുകൾ ശ്രീലങ്കയിൽ നിന്നും നൈജീരിയയിൽ നിന്നും നൈജറിൽ നിന്നും പതിനായിരം റിയാലിന് വേലക്കാരികളെ റിക്രൂട്ട് ചെയ്ത് നൽകുന്നുണ്ട്. റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കി വേലക്കാരികളെ സൗദിയിൽ എത്തിക്കുന്നതിന് മൂന്നു മാസത്തോളം സമയമെടുക്കുന്നു.
റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ചില ഗാർഹിക തൊഴിലാളികൾ സൗദിയിലെ ജോലി സ്വീകരിക്കുന്നതിന് വിസമ്മതിക്കുകയും മറ്റു രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിലവസരങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്നു. ഇത് റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ പ്രവർത്തനം അവതാളത്തിലാക്കുകയും ഗാർഹിക തൊഴിലാളികളെ എത്തിക്കുന്നതിന് എടുക്കുന്ന സമയം ദീർഘിപ്പിക്കുകയും ചെയ്യുന്നു. ഭൂരിഭാഗം സൗദി കുടുംബങ്ങളും ഇപ്പോൾ ബഹ്‌റൈനും യു.എ.ഇയും കുവൈത്തും വഴി വേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് തുടങ്ങിയിട്ടുണ്ട്. ഈ രാജ്യങ്ങൾ വഴി പതിനഞ്ചു ദിവസത്തിനകം വേലക്കാരെ റിക്രൂട്ട് ചെയ്ത് എത്തിക്കുന്നതിന് കഴിയും. റിക്രൂട്ട്‌മെന്റ് മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് സമഗ്രമായി പഠിച്ച് പ്രശ്‌നപരിഹാരത്തിന് ബന്ധപ്പെട്ട വകുപ്പുകൾ പദ്ധതി തയാറാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും ഉബൈദ് അൽഅസ്സാഫ് പറഞ്ഞു.