റിയാദ് - ദമാം അബ്‌ഖൈഖിലുണ്ടായ വാഹനാപകടത്തില്‍ വിടപറഞ്ഞ
പാലക്കാട് തൃത്താല അത്താണിക്കല്‍ സ്വദേശി പുത്തന്‍പീടികയില്‍ ബഷീര്‍
റിയാദിലെ കലാസാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
45 കാരനായ ബഷീറിനു പുറമെ അപകടത്തില്‍ തമിഴ്‌നാട് തഞ്ചാവൂര്‍ ശ്രീരാം ശ്രീനിവാസനും (41) മരിച്ചു. കൂടെയുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശി ഗുരുതരപരുക്കുകളോടെ അബ്‌ഖൈഖ് ആശുപതിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് ഏഴു മണിക്കായിരുന്നു അപകടം.
അപകടത്തില്‍ തകര്‍ന്ന കാര്‍
ദമാമില്‍നിന്ന് റിയാദിലേക്ക് അബ്‌ഖൈഖ് വഴി വരുമ്പോള്‍ എതിരെ വന്ന ട്രെയ്‌ലറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് കമ്പിവേലി തകര്‍ത്ത് ഇവര്‍ സഞ്ചരിച്ച കാറിന് മുന്നിലിടിച്ചാണ് അപകടമുണ്ടായത്. ബഷീറാണ് കാറോടിച്ചിരുന്നത്. ഇരുവരും തല്‍ക്ഷണം മരിച്ചു. ഇന്ത്യയില്‍ നിന്നെത്തിയ കമ്പനി പ്രതിനിധികളുമായി ദമാമില്‍ പോയി മടങ്ങുമ്പോഴാണ് അപകടം.
ശ്രീരാം ശ്രീനിവാസന്‍
18 വര്‍ഷമായി റിയാദിലുള്ള ബഷീര്‍ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗം, തൃത്താല കെ.എം.സി.സി അംഗം എന്നീ നിലകളില്‍ പൊതുരംഗത്ത് സജീവമായിരുന്നു. അബ്‌ഖൈഖ് ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ബന്ധുക്കളെ സഹായിക്കാന്‍ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര, ശരീഫ് കാളികാവ്, ഹുസൈന്‍ തൃശൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
സൈദാലി- ആമിന ദമ്പതികളുടെ മകനാണ്. ബുഷ്‌റയാണ് ഭാര്യ. റാശിദ്, റിസ്‌വാന നസ്‌റിന്‍, ഫര്‍ഹാന എന്നിവര്‍ മക്കളാണ്. സഹോദരന്‍ അലി കഴിഞ്ഞ വര്‍ഷം റിയാദില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചിരുന്നു.
ബഷീറിന്റെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അനുശോചിച്ചു. റിയാദിലെ കലാസാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്ന് പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്രയും ജനറല്‍ സെക്രട്ടറി മുജീബ് ഉപ്പടയും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. റോയല്‍ റിയാദ് സോക്കര്‍ അസോസിയേഷനും എന്‍.ആര്‍.കെ വെല്‍ഫയര്‍ ഫോറവും അനുശോചിച്ചു.