Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വേലക്കാരികളുടെ  റിക്രൂട്ട്‌മെന്റ് വിലക്ക്:  പരിഭവവുമായി വയോധികർ

റിയാദ് - (www.malayalamnewsdaily.com) വയോവൃദ്ധരായ ആളുകൾക്ക് വീട്ടുജോലിക്കാരികളെ റിക്രൂട്ട് ചെയ്യാൻ അനുമതി നൽകാത്ത തൊഴിൽ, സാമൂഹിക മന്ത്രാലയത്തിന്റെ തീരുമാനത്തിൽ വ്യാപക പ്രതിഷേധം. ലോക വൃദ്ധദിനം ആചരിക്കുന്ന മാസമായിട്ടും തങ്ങളുടെ പ്രശ്‌നങ്ങൾ തൊഴിൽ മന്ത്രാലയമോ റിക്രൂട്ട്‌മെന്റ് കമ്പനികളോ ഗൗനിക്കുന്നില്ലെന്നും തങ്ങൾ പാടെ അവഗണിക്കപ്പെടുകയാണെന്നും വൃദ്ധജനങ്ങൾ പരിഭവിക്കുന്നു. ആരോഗ്യം ക്ഷയിച്ച്, അന്യരെ ആശ്രയിക്കേണ്ട സമയത്ത് വീട്ടുജോലിക്കാരികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു.
വീട്ടുജോലിക്കാരി, ഡ്രൈവർ തുടങ്ങി ഗാർഹിക തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്ന രാജ്യങ്ങൾ സമ്മതിക്കില്ലെന്ന കാരണം പറഞ്ഞ് തങ്ങൾക്ക് വിസ നിഷേധിക്കുന്നത് അത്ഭുതകരമാണെന്ന് ഫവാസ് അൽസുബൈത്തി പറയുന്നു. പ്രത്യേക പരിചരണം ആവശ്യമുള്ള രോഗികൾക്ക് വീട്ടുജോലിക്കാരി ഉണ്ടാകുന്നത് എല്ലാ നിലക്കും ഗുണം ചെയ്യുമെന്ന് മറ്റൊരു സ്വദേശി പൗരൻ അബീർ അസ്സുഫ്‌യാനി വ്യക്തമാക്കി. വേലക്കാരിയുടെ റിക്രൂട്ട്‌മെന്റിന് ആവശ്യമായ മുഴുവൻ ചെലവും വഹിക്കാമെന്ന് സമ്മതിച്ചിട്ടും വൃദ്ധനാണെന്ന കാരണത്താൽ തന്റെ വിസ അപേക്ഷ മന്ത്രാലയം റദ്ദാക്കുകയായിരുന്നു. പ്രായം ചെന്നവർക്കാണ് വീട്ടു ജോലിക്കാരികളുടെ സഹായം കൂടുതൽ ആവശ്യം വരികയെന്നും അദ്ദേഹം പറഞ്ഞു. 
അംഗപരിമിതരുടെയും വയോധികരുടെയും സേവനം ചെയ്യുന്നതിനെ കുറിച്ച് ഏറെ പാടിപ്പുകഴ്ത്തുന്ന നിയമ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യമാണ് നമ്മുടേതെന്ന് നാജി അൽമാലികി അഭിപ്രായപ്പെട്ടു. എന്നിട്ടും വയോധികരുടെ പരിചരണത്തിന് വീട്ടുജോലിക്കാരികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കാത്ത തൊഴിൽ മന്ത്രാലയത്തിന്റെ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 
തൊഴിൽ നിയമാവലിയിലെ ഒരു പരാമർശമാണ് വയോധികർക്ക് വിസ അനുവദിക്കാൻ തടസ്സമെന്നാണ് മേൽ വിഷയത്തിൽ തായിഫിലെ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ നൽകുന്ന വിശദീകരണം. തൊഴിലിടങ്ങളിലെ മോശം സാഹചര്യം കാരണമോ മറ്റോ ജോലി തുടരാൻ താൽപര്യമില്ലാത്ത സാഹചര്യങ്ങളിൽ കഫാല മാറ്റത്തിന് വിസമ്മതിക്കുന്ന വ്യക്തിക്ക് വിസ ഇഷ്യൂ ചെയ്യാൻ പാടില്ലെന്നാണ് ഈ പരാമർശം. മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേകം മാനദണ്ഡങ്ങളും വ്യവസ്ഥകളും നിശ്ചയിച്ച് വൃദ്ധജനങ്ങൾക്ക് വിസ അനുവദിക്കുകയാണ് ഇതിനുള്ള പരിഹാരമെന്നും ഇവർ അഭിപ്രായപ്പെടുന്നു. ഗാർഹിക തൊഴിലാളി ദാതാക്കളായ രാജ്യങ്ങളിലെ റിക്രൂട്ട്‌മെന്റ് ഓഫീസുകളുമായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കരാറിൽ ഏർപ്പെടണമെന്നും റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കി. -www.malayalamnewsdaily.com

Latest News