ഉംലജ് - (www.malayalamnewsdaily.com) സൗദിയിലെ ഉംലജ് തീരപ്രദേശത്തിന് സമീപം ചെങ്കടലിൽ 300 വർഷം മുമ്പ് കപ്പൽ മുങ്ങിത്താണ സംഭവത്തിൽ ഇറ്റാലിയൻ മുങ്ങൽ വിദഗ്ധരുമായി ചേർന്ന് അന്വേഷണം തുടങ്ങി. സൗദി വിനോദ സഞ്ചാര, ദേശീയ പൈതൃക കമ്മീഷന്റെ മേൽനോട്ടത്തിലാണ് സൗദി-ഇറ്റാലിയൻ സംയുക്ത നാവിക സംഘം കപ്പൽ മുങ്ങിയതിന്റെ ദുരൂഹത നീക്കാനുള്ള ദൗത്യം പുരോഗമിക്കുന്നത്. 20 മീറ്റർ താഴ്ചയിൽ ജലനിരപ്പിന് മുകളിലാണ് കപ്പൽ കിടക്കുന്നത്.
തീപ്പിടിത്തമുണ്ടായതിനെ തുടർന്നാണ് കപ്പൽ മുങ്ങിയതെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ചൈനീസ് മൺപാത്രങ്ങളും ജാറുകളും വഹിച്ച് യെമനിലെ അൽമഖാ പോർട്ട് ലക്ഷ്യമാക്കിയാണ് കപ്പൽ നീങ്ങിയിരുന്നതെന്നാണ് നിഗമനം. ആഴക്കടലിൽ സൗദി - ഇറ്റാലിയൻ നാവികർ നടത്തുന്ന ശ്രമകരമായ ദൗത്യത്തിന്റെ വീഡിയോ ക്ലിപ്പിംഗ് വിനോദ സഞ്ചാര, ദേശീയ പൈതൃക കമ്മീഷൻ പുറത്തുവിട്ടു. -www.malayalamnewsdaily.com