- ആരോപണം തെളിയിക്കാൻ റോയിട്ടേഴ്‌സിനെ വെല്ലുവിളിച്ചു
ജിദ്ദ - (www.malayalamnewsdaily.com) പ്രമുഖ സൗദി മാധ്യമ പ്രവർത്തകൻ ജമാൽ കശോഗിയെ ഒരാഴ്ച മുമ്പ് തുർക്കിയിൽ കാണാതായതിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ സൗദി അറേബ്യൻ ഭരണ നേതൃത്വത്തെ പൂർണമായും വിശ്വസിക്കുന്നതായി കശോഗിയുടെ കുടുംബം വ്യക്തമാക്കി. തിരോധാനവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിന് ജിദ്ദയിൽ ഇന്നലെ ചേർന്ന കശോഗി കുടുംബ യോഗമാണ് സൗദി അറേബ്യക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്തത്.
ജമാൽ കശോഗിയെ കാണാതായത് സംബന്ധിച്ച് സൗദി അറേബ്യ സ്വീകരിച്ച നടപടികളിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച നിയമ വിദഗ്ധൻ മുഅ്തസിം കശോഗി വ്യക്തമാക്കി. സൗദി ഗവൺമെന്റും അങ്കാറയിലെ സൗദി എംബസിയും നടത്തുന്ന അന്വേഷണങ്ങളുമായി തങ്ങൾ പൂർണമായും സഹകരിക്കും. തിരോധാനവുമായി ബന്ധപ്പെട്ട് ചില വൈദേശിക ശക്തികൾക്ക് ഗൂഢമായ അജണ്ടകളുണ്ട്. മോശം ഉദ്ദേശ്യത്തോട് കൂടി സൗദിക്ക് നേരെ ഓൺലൈനിലൂടെയും മറ്റും ആക്ഷേപം ചൊരിയുന്നവരുടെ ലക്ഷ്യങ്ങൾ കുടുംബം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആളുകളോട് ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ്, 'ശബ്ദിക്കരുത്. നിങ്ങളുടെ പരിശ്രമവും ഉദ്ദേശ്യങ്ങളും പരാജയപ്പെട്ടിരിക്കുന്നു' -മുഅ്തസിം കശോഗി ഓർമിപ്പിച്ചു. ജീർണത ബാധിച്ച അജണ്ടകളുമായി നടക്കുന്ന ചില വ്യക്തികളും ശക്തികളും സഹോദരൻ ജമാൽ കശോഗിയുടെ തിരോധാനത്തിന്റെ പേരിൽ കുടുംബത്തിന്റെ പേര് ദുരുപയോഗപ്പെടുത്തുന്നുണ്ട്. കശോഗി കുടുംബം എക്കാലത്തും ഒറ്റക്കെട്ടായി സൗദി ഭരണ നേതൃത്വത്തിന്റെയും രാജ്യത്തിന്റെയും കൂടെയാണെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, ഇസ്താംബൂളിലേക്ക് പിതാവ് നടത്തിയ സന്ദർശനത്തെ കുറിച്ചോ വിവാഹം കഴിക്കുമെന്ന് പ്രചരിപ്പിച്ച ഖദീജ എന്ന യുവതിയെ സംബന്ധിച്ചോ തങ്ങൾക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്ന് മൂത്തമകൻ സലാഹ് ജമാൽ കശോഗി വ്യക്തമാക്കി. പിതാവ് വാഷിംഗ്ടണിലായിരിക്കുമ്പോഴാണ് തന്നോട് അവസാനമായി ബന്ധപ്പെട്ടതെന്നും മകൻ വ്യക്തമാക്കി. -www.malayalamnewsdaily.com