Sorry, you need to enable JavaScript to visit this website.

ഹെയ്തിയിൽ  വീണ്ടും ഭൂകമ്പം;  11 മരണം

ഹെയ്തിയിൽ ശക്തമായ ഭൂകമ്പത്തിൽ തകർന്ന ഓഡിറ്റോറിയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ലോഹഭാഗങ്ങൾ  ശേഖരിക്കുന്ന നാട്ടുകാർ.

പോർട്ട് ഓഫ് പ്രിൻസ് - കരീബിയൻ ദ്വീപുരാഷ്ട്രമായ ഹെയ്തിയിൽ ഭൂകമ്പത്തിൽ 11 പേർ മരിച്ചു. നൂറോളം പേർക്കു പരുക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.10നായിരുന്നു 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ തീരത്ത് അനുഭവപ്പെട്ട ഭൂകമ്പത്തിൽ ഒട്ടേറെ കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. ജയിലിനും കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്നു ചിലയിടത്തു തടവുകാരെ മാറ്റി. പോർട്ട് ഓഫ് പൈക്‌സ് നഗരത്തിനു 19 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. ഭൂമിക്കടിയിൽ ഏകദേശം 11.7 കിലോമീറ്റർ ആഴത്തിലാണിത്.
ദ്വീപിൽ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട് ഓഫ് പ്രിൻസിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങളെത്തി. 2010 ൽ ഹെയ്തിയെ തകർത്തെറിഞ്ഞ ഭൂകമ്പത്തിൽ രണ്ടു ലക്ഷത്തോളം പേരാണു മരിച്ചത്. മൂന്നു ലക്ഷത്തോളം പേർക്കു പരുക്കേറ്റു.
ഭയപ്പെടേണ്ടതില്ലെന്ന് പ്രസിഡന്റ് ജോവനെൽ മോയ്‌സ് ട്വീറ്റ് ചെയ്തു. നാശനഷ്ടങ്ങൾ സംഭവിച്ചവർക്കായി സർക്കാർ തലത്തിൽ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഭൂകമ്പത്തെത്തുടർന്ന് പരിഭ്രാന്തരായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരാണു പരുക്കേറ്റവരിലേറെയും. 2010 ൽ പോർട്ട് ഓഫ് പ്രിൻസിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. അതിനു ശേഷമുണ്ടായ ശക്തമായ ഭൂകമ്പങ്ങളിലൊന്നാണിത്. 

 

 

Latest News