ആലപ്പുഴ- സംസ്ഥാന സർക്കാറിന്റെ ദുരിതാശ്വാസഹായമായ പതിനായിരം രൂപ ലഭിക്കാതെ വട്ടംകറങ്ങിയ, മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സഹോദരഭാര്യക്ക് സഹായവുമായി മുസ്‌ലിം യൂത്ത് ലീഗ്. സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ സഹായത്തിന് വേണ്ടി അഞ്ചുവട്ടമാണ് വി.എസിന്റെ സഹോദരൻ വി.എസ് പുരുഷോത്തമന്റെ ഭാര്യ പുന്നപ്ര പറവൂർ അശോക് ഭവനിൽ സരോജിനി കയറിയിറങ്ങിയത്. ബാങ്കിലെത്തി പലതവണ അന്വേഷിച്ചെങ്കിലും പണം ലഭിച്ചില്ലെന്നായിരുന്നു അറിയിച്ചത്. പ്രളയത്തിൽ വീട് മുങ്ങിയിട്ടും സരോജിനി മക്കളോടൊപ്പം വീട്ടിൽ തന്നെയായിരുന്നു. സർക്കാറിന്റെ സഹായം ലഭിച്ചാൽ കുറച്ച് ആശ്വാസം ലഭിക്കുമെന്ന് കരുതിയാണ് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയത്. എന്നാൽ, ഓരോ തവണ എത്തുമ്പോഴും ഓരോ കാര്യങ്ങൾ പറഞ്ഞുമടക്കുകയായിരുന്നു.
വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണ് മുസ്‌ലിം യൂത്ത് ലീഗ് ഇടപെട്ടത്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ആലപ്പുഴ ജില്ലാ യുത്ത് ലീഗ് പ്രസിഡണ്ട് ഷാജഹാന്റെ നേതൃത്വത്തിൽ യൂത്ത് ലീഗിന്റെ ധനസഹായം കൈമാറി.






