പീഡനശ്രമം ചെറുത്തതിന് ആള്‍ക്കൂട്ടം സ്‌കൂളിലേക്ക് അതിക്രമിച്ചു കയറി 34 പെണ്‍കുട്ടികളെ തല്ലിച്ചതച്ചു

പട്‌ന- ലൈംഗികാതിക്രമം പ്രതിരോധിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ ആള്‍ക്കൂട്ടം സ്‌കൂളില്‍ അതിക്രമിച്ചു കയറി തല്ലിച്ചതച്ചു. ബിഹാറിലെ സോപോള്‍ ജില്ലയിലെ ത്രിവേണിഗഞ്ചില്‍ പെണ്‍കുട്ടികള്‍ താമസിച്ചു പഠിക്കുന്ന കസ്തൂര്‍ബ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. 34 പെണ്‍കുട്ടികളേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ആണ്‍കുട്ടികള്‍ കാമ്പസിലേക്ക് നുഴഞ്ഞുകയറി പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇവരെ പെണ്‍കുട്ടികള്‍ ചേര്‍ന്ന് പിടികൂടുകയും അടിച്ചോടിക്കുകയും ചെയ്തു. ഇവര്‍ പുറത്തു പോയി കൂടുതല്‍ ആളുകളെ കൂട്ടി സ്‌കൂളിലേക്ക് അതിക്രമിച്ചു കയറുകയും പെണ്‍കുട്ടികളേയും അധ്യാപികമാരേയും മര്‍ദിക്കുകയുമായിരുന്നു. പെട്ടെന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ പെണ്‍കുട്ടികളും അധ്യാപികമാരും പകച്ചതിനാല്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതികളെ പിടികൂടിയിട്ടില്ല.
 

Latest News