അഹമ്മദാബാദ്- വടക്കൻ ഗുജറാത്തിൽ പതിനാലുകാരി ബലാത്സംഗത്തിനിരയായ സംഭവത്തെ തുടർന്നുണ്ടായ പ്രക്ഷോഭത്തെ തുടർന്ന് ബിഹാർ, യു.പി എന്നിവടങ്ങളിൽനിന്നുളള നൂറുകണക്കിന് പേർ ഗുജറാത്തിൽനിന്ന് ഓടിരക്ഷപ്പടുന്നു. ബിഹാർ സ്വദേശിയാണ് പതിനാലുകാരിയെ ബലാത്സംഗം ചെയ്തത്. കഴിഞ്ഞയാഴ്ച്ചയാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും ഇതരസംസ്ഥാനക്കാരോടുള്ള പ്രതിഷേധം കലാപമായി പടരുകയാണ്. സബർകന്ധിലെ ഹിമ്മത്‌നഗറിലാണ് സംഭവം. അതേസമയം, സ്ഥിതിഗിതകൾ നിലവിൽ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു. യു.പി, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ താമസസ്ഥലങ്ങൾ അക്രമികൾ ലക്ഷ്യമിട്ടതായി പോലീസ് അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്തതായും ഗുജറാത്ത് ഡി.ജി.പി ശിവാനന്ദ് ഷാ അറിയിച്ചു. ജനങ്ങളോട് ശാന്തരായിരിക്കാൻ ഗുജറാത്ത് കോൺഗ്രസ് നേതാവ് അൽപേഷ് താക്കൂർ അഭ്യർത്ഥിച്ചു. ഗുജറാത്തിലെ താക്കൂർ സേനയുടെ നേതാവ് കൂടിയാണ് അൽപേഷ് താക്കൂർ. അക്രമത്തിന് പിന്നിൽ താക്കൂർ ഗ്രൂപ്പുണ്ടെന്നാണ് ആക്ഷേപം.