മാനന്തവാടി- അച്ഛനും അമ്മയും രണ്ടു മക്കളുമടക്കം ഒരു കുടുംബത്തിലെ നാലു പേരെ സമീപവാസിയുടെ തോട്ടത്തിലെ കശുമാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ക്ഷീര കർഷകൻ തവിഞ്ഞാൽ വെൺമണി തിടങ്ങഴി തോപ്പിൽ വിനോദ് (48), ഭാര്യ മിനി (43), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരാണ് മരിച്ചത്. അപവാദ പ്രചാരണത്തിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന ഏഴു കുറിപ്പുകൾ വിനോദിന്റെ മൃതദേഹത്തിൽ നിന്നു പോലീസിനു ലഭിച്ചു. വിനോദും മിനിയും പോലീസ്, കുടുംബ സുഹൃത്ത് സുനീഷ്, അയൽക്കൂട്ടം ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർക്കായി എഴുതിയതാണ് കുറിപ്പുകൾ.
ഇന്നലെ രാവിലെയാണ് കൂട്ട ആത്മഹത്യ പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. മൃതദേഹങ്ങൾക്കു സമീപം ലേഡീസ് ബാഗും ശീതള പാനീയക്കുപ്പിയും, ഭക്ഷ്യ വസ്തുക്കളും ഉണ്ടായിരുന്നു. മാനന്തവാടി ഡിവൈ.എസ്.പി കെ.എം.ദേവസ്യയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. നാലു പേരും തൂങ്ങി മരിച്ചതായാണ് സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നതെന്നും സ്ഥലത്തു നിന്നു ലഭിച്ച ശീതള പാനീയത്തിന്റെ സാംപിൾ പരിശോധനക്കു വിട്ടതായും ഡിവൈ.എസ്.പി പറഞ്ഞു.
80 സെന്റ് വയലടക്കം 2.3 ഏക്കർ ഭൂമി വിനോദിനും കുടുബത്തിനുമുണ്ട്. കർണാടകയിൽ വാഴകൃഷിയും ചെയ്യുന്നുണ്ട്. ഉപജീവനത്തിനു ക്ഷീര വൃത്തിയെയും ആശ്രയിക്കുന്ന വിനോദ് കാട്ടിമൂല ക്ഷീര സംഘത്തിൽ ദിവസം ശരാശരി 100 ലിറ്റർ പാലും അളക്കുന്നുണ്ട്. അതിനാൽതന്നെ വിനോദ് സാമ്പത്തിക പ്രയാസങ്ങൾ മൂലം കുടുംബ സമേതം ജീവനൊടുക്കാനുള്ള സാധ്യത നാട്ടുകാർ രാവിലെ തന്നെ തള്ളിയിരുന്നു. പിന്നീട് പോലീസ് പരിശോധനയിലാണ് ആത്മഹത്യാക്കുറിപ്പുകൾ ലഭിച്ചത്. തന്നെ പരസ്ത്രീയുമായി ബന്ധപ്പെടുത്തി പ്രദേശവാസി നടത്തിയ അപവാദ പ്രചാരണം മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്നും മറ്റാർക്കും പങ്കില്ലെന്നുമാണ് ഒരു കുറിപ്പിൽ. ഭർത്താവിനെ പൂർണ വിശ്വാസമാണെന്നും അപഖ്യാതി പ്രചരിച്ച സ്ഥിതിക്ക് ജീവിച്ചിരിക്കുന്നില്ലെന്നുമാണ് മിനിയുടെ കുറിപ്പിൽ. കശുമാവിന്റെ ചുവട്ടിൽ കുഴിയെടുത്ത് നാലു പേരെയും മറവു ചെയ്യണമെന്നും കുറിപ്പിലുണ്ട്. കുറിപ്പിൽ പരാമർശിക്കുന്ന ആൾക്കെതിരെ അന്വേഷണത്തിനുശേഷം ആവശ്യമെങ്കിൽ ആത്മഹത്യാ പ്രേരണയ്ക്കു കേസെടുക്കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
കശുമാവിൽ മൂന്നു കൊമ്പുകളിലാണ് കുടുംബാംഗങ്ങളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച പിലാക്കാവിലുള്ള സഹോദരി ഉഷയുടെ വീട്ടിൽ പോയ വിനോദും കുടുംബവും അത്താഴത്തിനു ശേഷമാണ് മടങ്ങിയത്. ഇതിനു ശേഷം ഉഷയുടെ വീട്ടിൽനിന്നു തിടങ്ങഴിയിലെ വീട്ടിലേക്കു വിളിച്ചപ്പോൾ വിനോദും കുടുംബവും തിരിച്ചെത്തിയിരുന്നില്ല. രാത്രി ഒമ്പതോടെ വിനോദിന്റെ ജീപ്പ് വീടിനു ഒരു കിലോമീറ്റർ അകലെ ആളില്ലാത്ത നിലയിൽ പ്രദേശവാസികളിൽ ചിലർ കണ്ടിരുന്നു.
തിടങ്ങഴി തോപ്പിൽ ശശി-രാജമ്മ ദമ്പതികളുടെ മകനാണ് വിനോദ്. മൂന്നാനക്കുഴിയിലെ മാധവൻ-അമ്മിണി ദമ്പതികളുടെ മകളാണ് മിനി. പോരൂർ സർവോദയം സ്‌കൂൾ വിദ്യാർഥിയാണ് അഭിനവ്. അനുശ്രീ പഠനം നിർത്തിയതാണ്.