ലഖ്‌നൗ- മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി നേതാവ് മായാവതിക്കു പിന്നാലെ കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്ത്. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന മായാവതിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സഖ്യത്തിനു കാത്തുനില്‍ക്കാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ടുള്ള അഖിലേഷ് യാദവിന്റെ നീക്കം. കോണ്‍ഗ്രസ് സഖ്യ രൂപീകരണവും സ്ഥാനാര്‍ഥി പ്രഖ്യാപനവും നീട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ചാണ് അഖിലേഷ് ആറ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സഖ്യത്തിനായുള്ള ചര്‍ച്ചക്കായി കാത്തിരുന്ന് മടുത്തുവന്ന് പറഞ്ഞ അദ്ദേഹം എത്രകാലം കാത്തിരിക്കാനകുമെന്ന് ചോദിച്ചു. ബി.എസ്.പിയുമായി മാത്രമാണ് കോണ്‍ഗ്രസ് സഖ്യത്തിനു താല്‍പര്യം കാണിച്ചത്.
മധ്യപ്രദേശില്‍ ബി.എസ്.പിയുമായി സഖ്യത്തിന് ശ്രമിക്കുമെന്നും അഖിലേഷ് വ്യക്തമാക്കി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മഹാസഖ്യം തീര്‍ക്കുവാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമത്തിനു തിരിച്ചടിയാണ് അഖിലേഷിന്റെ നിലപാട്.
മധ്യപ്രദേശില്‍ സഖ്യത്തിലുള്ള ഗോണ്ട്‌വാന ഗണതന്ത്ര പാര്‍ട്ടിയുമായും ബി.എസ്.പിയുമായും ചര്‍ച്ച നടത്തി സഖ്യം വിശാലമാക്കാനുള്ള ശ്രമം തുടരുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷാദ്യം ഉപതെരഞ്ഞെടുപ്പുകളില്‍ ബി.എസ്.പിയും എസ്.പിയും ധാരണയിലെത്തിയത് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും ഉപമുഖ്യമന്ത്രിയുടേയും സീറ്റുകളില്‍ വന്‍ വിജയമാണ് സഖ്യം നേടിയത്. മധ്യപ്രദേശിലും ഗണ്യമായ ദളിത് ജനസംഖ്യയുണ്ട്. സഖ്യത്തിലേര്‍പ്പെട്ട് മത്സരിച്ചാല്‍ നാലാം തവണയും അധികാരത്തിലേറാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ബി.ജെ.പിക്ക് നേട്ടമാകുന്ന തരത്തിലാണ് സഖ്യത്തിനായി മായാവതി ഉന്നയിക്കുന്ന ആവശ്യങ്ങളെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. തനിക്കെതിരായ അഴിമതിക്കേസുകളില്‍ അന്വേഷണം ഒഴിവാക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസുമായി മായാവതി സഖ്യത്തിലെത്താത്തതെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിനോടൊപ്പം മത്സരിക്കാനില്ലെന്ന് മായാവതി പ്രഖ്യാപിച്ചത്. ഗുജറാത്തിലും ധാരണ വേണമെന്ന ഉപാധിയോടെ മധ്യപ്രദേശിലെ 231 സീറ്റില്‍ 40 സീറ്റാണ് ബി.എസ്.പി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നത്.