Sorry, you need to enable JavaScript to visit this website.

മരണമടയുന്ന ജീവനക്കാരുടെ അഞ്ചു ലക്ഷം  വരെയുള്ള ബാധ്യതകൾ എഴുതിത്തള്ളും

തിരുവനന്തപുരം- സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ വിവിധ ഇനത്തിലുളള സർക്കാർ ബാധ്യതയിൽ അഞ്ചു ലക്ഷം രൂപ വരെ എഴുതിത്തളളുന്നതിനുളള നടപടിക്രമം നിശ്ചയിച്ച് ഉത്തരവായി.
വായ്പ എഴുതിത്തളളുന്നതിനുളള ശുപാർശ ആവശ്യമായ രേഖകൾ സഹിതം ഓഫീസ് മേലധികാരിക്ക് നൽകണം. ഓഫീസ് മേലധികാരി, ബന്ധപ്പെട്ട നിയമന അധികാരി വേണ്ട രേഖകൾ സഹിതം വ്യക്തമായ ശുപാർശയോടെ വകുപ്പ് തലവൻ വഴി അപേക്ഷ ഭരണ വകുപ്പിന് സമർപ്പിക്കണം. അപേക്ഷയും രേഖകളും പരിശോധിച്ച് വകുപ്പ് സെക്രട്ടറിയുടെ വ്യക്തമായ ശുപാർശയോടെ ധനകാര്യ വകുപ്പിന് നൽകും.
വിവിധ ബാധ്യത തുകകൾ എഴുതിത്തളളുന്നതിനുളള ശുപാർശകൾ ധനവകുപ്പിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ പരിശോധിച്ച് ഉയർന്ന തലത്തിൽ തീരുമാനമെടുക്കും. ധനകാര്യ വകുപ്പിലെ ബന്ധപ്പെട്ട വിഭാഗം നിർദേശിക്കുമ്പോൾ മാത്രം ധനകാര്യ പരിശോധന വിഭാഗം, ജില്ലാ ധനകാര്യ പരിശോധന വിഭാഗം പരിശോധന നടത്തും. വീട് നിർമിച്ചിട്ടുണ്ടോ, അനുവദിച്ച ഭൂമിയിൽ തന്നെയാണോ വീട് നിർമിച്ചിട്ടുളളത,് വീട്, പ്ലോട്ട്, വീടും പ്ലോട്ടും വാങ്ങുവാൻ ഭവന നിർമാണ വായ്പ എടുത്ത കേസുകളിൽ സർക്കാരിലേക്ക് പണയപ്പെടുത്തിയ ഭൂമിയും വീടും തന്നെയാണോ വാങ്ങിയിട്ടുളളത് തുടങ്ങിയവ ധനകാര്യ പരിശോധനാ വിഭാഗം ശ്രദ്ധിക്കും. സമർപ്പിച്ച എസ്റ്റിമേറ്റ് പ്രകാരം തന്നെയാണോ വീട് നിർമിച്ചിട്ടുളളതെന്നും നോക്കണം. പരിശോധനാ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന വിവരങ്ങൾ രേഖാമൂലം ബന്ധപ്പെട്ട വകുപ്പിലെ ജീവനക്കാർ സാക്ഷ്യപ്പെടുത്തി നൽകണം.
ഭൂമി നിൽക്കുന്ന പ്രാദേശിക ഭരണകൂട ഓഫീസിലും ആവശ്യമെങ്കിൽ മറ്റിടങ്ങളിലും അപേക്ഷകന്റെ, പങ്കാളിയുടെ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ വേറെ വീട് നിലവിൽ ഉണ്ടായിരുന്നോയെന്ന് (ഭവന നിർമാണ വായ്പക്ക് അപേക്ഷിക്കുന്ന, കൈപ്പറ്റുന്ന സമയത്ത്) പ്രാദേശിക ഭരണകൂട രേഖകൾ പ്രകാരം പരിശോധിക്കും. ഭവന നിർമാണ വായ്പ ഉപയോഗിച്ച് നിർമിച്ച, വാങ്ങിയ വീടിന് നമ്പർ ലഭിച്ചത് ഭവന നിർമാണ വായ്പ കൈപ്പറ്റിയ ശേഷമായിരുന്നോ എന്ന് പരിശോധിക്കും. 
തെറ്റായ വിനിയോഗ സർട്ടിഫിക്കറ്റ് നൽകിയതായി വ്യക്തമായാൽ ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഓഫീസുകളിലും പരിശോധിക്കും. സർക്കാരിന് സമർപ്പിച്ചിരിക്കുന്ന രേഖകളിലെ സ്ഥലത്ത് അംഗീകൃത പ്ലാൻ പ്രകാരമാണോ വീട് നിർമാണം പൂർത്തീകരിച്ചതെന്ന റിപ്പോർട്ട് മൂന്ന് മാസത്തിനകം പരിശോധനാ വിഭാഗം ധനവകുപ്പിലെ ബന്ധപ്പെട്ട വിഭാഗത്തിന് നൽകണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
 

Latest News