Sorry, you need to enable JavaScript to visit this website.

ഉയർന്ന മാനവികമൂല്യങ്ങൾ കേരളത്തെ  ഒന്നിപ്പിച്ചു -എം.ഐ. അബ്ദുൽ അസീസ് 

പീപ്പിൾസ് ഫൗണ്ടേഷൻ നിർമിക്കുന്ന വീടിന്റെ ശിലാസ്ഥാപനം പനമരം കീഞ്ഞുകടവിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് നിർവഹിക്കുന്നു. 

പനമരം- പ്രളയാനന്തരം കേരളത്തെ ഒന്നിപ്പിച്ചത് ജനത്തിന്റെ ഉയർന്ന മാനവിക മൂല്യങ്ങളാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. സംസ്ഥാനത്തു പ്രളയബാധിതർക്കായി പീപ്പിൾസ് ഫൗണ്ടേഷൻ നിർമിക്കുന്ന 500 വീടുകളിൽ ആദ്യത്തേതിന്റെ ശിലാസ്ഥാപനം കീഞ്ഞുകടവിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
പലതരത്തിലുള്ള ധ്രുവീകരണം  ജനങ്ങളിൽ ശക്തമായിരിക്കുമ്പോഴാണ് പ്രളയം ഉണ്ടാകുന്നത്. ഇതോടെ എല്ലാം മറന്ന് ജനം ഒന്നിച്ചു. ഒരുമയുടെ കരുത്ത് കേരളം അനുഭവിച്ചറിഞ്ഞു.സമ്പത്തിന്റെ യഥാർഥ ഉടമ ദൈവമാണ്. കഷ്ടതകൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിലൂടെയേ  ദൈവത്തിലേക്ക് അടുക്കാനാകൂ. യുവാക്കളുടെ കർമശേഷി ജനസേവനത്തിലേക്ക് കൊണ്ടുവരണം. ജനസേവനത്തിലൂടെ ദൈവാരാധന സാധ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 
പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി പി.സി. ബഷീർ അധ്യക്ഷത വഹിച്ചു. ഭൂമി സ്വന്തമായി ഇല്ലാത്തവരെ പുനരധിവസിപ്പിക്കാൻ പനമരത്ത് ടൗൺഷിപ്പ് മാതൃകയിൽ  വീടുകൾ  നിർമിക്കുമെന്നു അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. വൃദ്ധസദനത്തിലുപേക്ഷിച്ച മാതാപിതാക്കളെ ദുരിതാശ്വാസ ക്യാമ്പിൽ കണ്ടുമുട്ടിയ സംഭവങ്ങൾ മനുഷ്യന്റെ കണ്ണുതുറപ്പിക്കേണ്ടതാണെന്നു അവർ  പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് മാലിക് ഷഹബാസ്, ഫാ. സാജു ആനിശേരി, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി വി.കെ. ബിനു, പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. മോഹനൻ, മെമ്പർ കമല വിജയൻ,സുലൈഖ സെയത്, ജുൽന ഉസ്മാൻ, അയ്യൂബ് , നവാസ് പൈങ്ങാട്ടായി, ടി. ഖാലിദ്, സലാം പനമരം എന്നിവർ പ്രസംഗിച്ചു. 

Latest News