Sorry, you need to enable JavaScript to visit this website.

 പ്രളയാനന്തര പുനരധിവാസം: വിനോദസഞ്ചാരികളുടെ സേവനവും പ്രയോജനപ്പെടുത്താൻ സോഷ്യൽ ടൂറിസം

സോഷ്യൽ ടൂറിസം പരിപാടിയിൽ ജില്ലയിലെത്തിയ സഞ്ചാരികൾ  പനമരത്തിനു സമീപം താത്കാലിക വീട് നിർമിക്കുന്നു. 

കൽപറ്റ- കാലവർഷത്തിനിടെ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും വെള്ളം കയറിയും വീടു നശിച്ചവർക്കായുള്ള താത്കാലിക ഭവനനിർമാണത്തിൽ വിനോദസഞ്ചാരികളുടെ സേവനവും ഉപയോഗപ്പെടുത്തി ബംഗളൂരു പ്രൊജക്ട് വിഷൻ. ബംഗളൂരു കെയേഴ്‌സ് ഫോർ കേരള പദ്ധതിയിൽ പ്രൊജക്ട് വിഷൻ ആവിഷ്‌കരിച്ച സോഷ്യൽ ടൂറിസം പരിപാടിയുടെ ഭാഗമായാണ് വിനോദ സഞ്ചാരികൾ  വയനാട്ടിൽ സന്നദ്ധപ്രവർത്തനം നടത്തുന്നത്. കെടുതികൾ മൂലം ജില്ലയിൽ തകർന്നടിഞ്ഞ വിനോദസഞ്ചാര മേഖലയുടെ വീണ്ടെടുപ്പു ലക്ഷ്യമിട്ട് പ്രൊജക്ട് വിഷൻ വടുവഞ്ചാൽ പാടിവയൽ എന്റർപ്രൈസസിന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്തതാണ് സോഷ്യൽ ടൂറിസം. യാത്രയ്ക്കു ഒഴികെ മുഴുവൻ ചെലവുകളും വഹിച്ച് സഞ്ചാരികളെ ജില്ലയിലെത്തിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാൻ സൗകര്യം ഒരുക്കുകയും താത്കാലിക ഭവന നിർമാണത്തിൽ പങ്കാളികളാക്കുകയുമാണ് പരിപാടിയിലൂടെ ചെയ്യുന്നത്. 
സോഷ്യൽ ടൂറിസത്തിന്റെ  ആദ്യഘട്ടത്തിൽ കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽനിന്നുള്ള 60 സഞ്ചാരികളാണ് ജില്ലയിലെത്തിയത്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ രണ്ടു വരെ ജില്ലയിൽ തങ്ങിയ ഇവർ പനമരം കൊളത്താറ, തൊണ്ടർനാട്, വിളമ്പുകണ്ടം എന്നിവിടങ്ങളിലായി 50 താത്കാലിക വീടു നിർമാണത്തിൽ പങ്കാളികളായി. 
വയനാട്ടിൽ ജില്ലാ ഭരണകൂടം 650 താത്കാലിക ഭവനങ്ങളുടെ നിർമാണമാണ് സന്നദ്ധ സംഘടനകൾ മുഖേന നടത്തുന്നത്.  ഇതിൽ 328 വീടുകളാണ് സുവർണ കർണാടക കേരള സമാജം, ഐഫോ, ഹാബിറ്റാറ്റ്, ഫിഡലിറ്റി, ക്ലൂണി സിസ്റ്റേഴ്‌സ് കോൺഗ്രിഗേഷൻ  എന്നിവയുടെ സഹകരണത്തോടെ പ്രൊജക്ട് വിഷൻ പണിയുന്നത്. പനമരം പഞ്ചായത്തിൽ 252-ഉം എടവകയിൽ 13-ഉം തവിഞ്ഞാലിൽ 38-ഉം തൊണ്ടർനാട് 15-ഉം വെള്ളമുണ്ട പഞ്ചായത്തിൽ പത്തും താത്കാലിക വീടുകളുടെ നിർമാണമാണ് ഏറ്റെടുത്തത്.  കുറഞ്ഞ ചെലവ്, പെട്ടെന്നുള്ള പൂർത്തീകരണം, നിർമാണവസ്തുക്കളുടെ പുനരുപയോഗം എന്നീ ഐക്യരാഷ്ട്രസംഘടനാമാനദണ്ഡങ്ങൾ പാലിച്ചാണ്   നിർമാണം. ഗുണഭോക്താക്കളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും അസോസിയേഷൻ ഓഫ് എൻജിനീയേഴ്‌സ് കേരളയുടെയും സഹകരണത്തോടെയാണ് പദ്ധതി നിർവഹണം. 150 ചതുരശ്രയടി വിസ്തൃതിയുള്ളതാണ് പ്രൊജക്ട് വിഷൻ പണിയുന്ന താത്കാലിക ഭവനം. യൂണിറ്റിനു 20,000 രൂപയാണ് ഏകദേശ നിർമാണച്ചെലവ്. ഗുണഭോക്താക്കളിൽ ഏറെയും ക്കുആദിവാസികളാണ്. 
സോഷ്യൽ ടൂറിസം പരിപാടിയിൽ ജില്ലയിലെത്തിയ സഞ്ചാരികൾക്കു റിസോർട്ടുകളിലാണ് താമസ-ഭക്ഷണ സൗകര്യം ഒരുക്കിയത്. ഇതിനുള്ള ചെലവ് പ്രോഗ്രാം സ്‌പോൺസർ ചെയ്ത പാടിവയൽ എന്റർപ്രസൈസാണ് വഹിച്ചതെന്നു പ്രൊജക്ട് വിഷൻ ജില്ലാ രക്ഷാധികാരി ഫാ.തോമസ് ജോസഫ് തേരകം,  വീടു നിർമാണത്തിനു നേതൃത്വം നൽകുന്ന ഷനൂപ് ജോർജ്, ജോമോൻ ജോസഫ്, റോണി ജോസ് എന്നിവർ പറഞ്ഞു. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സുരക്ഷിതവും വിജ്ഞാന-ആനന്ദദായകവുമാണെന്നു  ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികളെ ബോധ്യപ്പെടുത്താനും സോഷ്യൽ ടൂറിസം ഉതകിയെന്നു അവർ അഭിപ്രായപ്പെട്ടു. പകൽ സന്നദ്ധസേവനത്തിലും  സായാഹ്നം മുതൽ ഏതാനും മണിക്കൂറുകൾ വിനോദസഞ്ചാരത്തിലും ഏർപ്പെടുന്ന വിധത്തിലാണ് സോഷ്യൽ ടൂറിസം  ക്രമീകരണം. തൊഴിൽ നൈപുണ്യം ഉള്ളവരടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ പങ്കാളികളാക്കുന്ന സോഷ്യൽ ടൂറിസത്തിന്റെ രണ്ടാംഘട്ടം ഒക്ടോബർ 19 മുതൽ 21 വരെ നടത്തും. 

 

Latest News