റിയാദ്- മാസങ്ങൾക്കു മുമ്പ് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത വനിതാ ചാര സംഘത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. വനിതകൾക്ക് ഡ്രൈവിംഗ് അനുമതി തേടിയതിനല്ല ഇവരെ അറസ്റ്റ് ചെയ്തത്. ഇതേ ആവശ്യം ഉന്നയിച്ച നിരവധി വനിതകൾ സ്വതന്ത്രരായി രാജ്യത്ത് നടക്കുന്നുണ്ട്. ഖത്തറും ഇറാനുമാണ് വിവരങ്ങൾ ചോർത്തുന്നതിന് ഇവരെ റിക്രൂട്ട് ചെയ്തത്. സദുദ്ദേശ്യത്തോടെ, അപകടം അറിയാതെ ശത്രു രാജ്യങ്ങൾക്കും അവരുടെ ഏജൻസികൾക്കും വിവരങ്ങൾ ചോർത്തി നൽകിയവരോട് സർക്കാറിന് അനുഭാവമുണ്ട്. ഇത്തരക്കാരെ വിട്ടയച്ചിട്ടുണ്ട്. എന്നാൽ വലിയ ചാരപ്രവർത്തനത്തിന്റെ ഭാഗമാണെന്ന് അറിഞ്ഞുകൊണ്ട് ശത്രു രാജ്യങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകിയവരെ ഇങ്ങനെ കാണാൻ കഴിയില്ല.
സൗദിയിൽ അരാജകത്വമുണ്ടാക്കുന്നതിനും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ഖത്തറും ഇറാനുമാണ് ചാരവൃത്തിക്കു വേണ്ടി വനിതകളെ റിക്രൂട്ട് ചെയ്തത്. സ്വന്തം പിതാവിനെ അധികാര ഭ്രഷ്ടനാക്കി ശൈഖ് ഹമദ് ബിൻ ഖലീഫ അധികാരം പിടിച്ചടക്കിയതു മുതൽ സൗദി അറേബ്യയിൽ കുഴപ്പങ്ങൾ ഇളക്കിവിടുന്നതിനാണ് ഖത്തർ ശ്രമിക്കുന്നത്. ചാരപ്രവർത്തനങ്ങൾ നടത്തിയതിന് അറസ്റ്റിലുള്ളവർക്ക് ഖത്തറിൽ നിന്ന് പണം ലഭിച്ചിട്ടുണ്ട്. സൗദിയിലെ നിയമങ്ങൾക്ക് അനുസൃതമായി ഇവരെ വിചാരണ ചെയ്തുവരികയാണെന്നും കിരീടാവകാശി പറഞ്ഞു.