റിയാദ് - അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ 3500 കോടി ഡോളർ പൊതുഖജനാവിൽ തിരിച്ചെത്തിക്കുന്നതിന് സാധിച്ചതായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വെളിപ്പെടുത്തി. അവശേഷിക്കുന്ന തുക രണ്ടു വർഷത്തിനുള്ളിൽ വീണ്ടെടുക്കും. ഇതിനകം വീണ്ടെടുത്ത പണത്തിൽ 40 ശതമാനം കാഷും 60 ശതമാനം ആസ്തികളും ആണ്. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തവരിൽ എട്ടു പേർ ഇപ്പോഴും കസ്റ്റഡിയിലാണ്. രണ്ടു വർഷത്തിനുള്ളിൽ അഴിമതി കേസുകൾ പൂർണമായും ക്ലോസ് ചെയ്യും.
അഴിമതി വിരുദ്ധ പോരാട്ടം നിക്ഷേപകരുടെ വിശ്വാസത്തെ ബാധിച്ചിട്ടില്ല. അഴിമതി വിരുദ്ധ പോരാട്ടം നിരവധി കിംവദന്തികൾ പ്രചരിപ്പിച്ചു. എന്നാൽ ഇത് നിക്ഷേപകുടെ വിശ്വാസത്തെ ബാധിച്ചിട്ടില്ല. ഈ വർഷം രണ്ടാം പാദത്തിൽ സൗദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപത്തിൽ 40.4 ശതമാനം വർധനവു
ണ്ടായി. 2016 നെ അപേക്ഷിച്ച് 2017 ൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 80 ശതമാനം കുറവുണ്ടായിരുന്നു. എന്നാൽ ഈ വർഷം വിദേശ നിക്ഷേപത്തിൽ 90 ശതമാനം വർധനവുണ്ടാകുമെന്നാണ് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. സൗദി ഫ്രാൻസി ബാങ്കിന്റെ ഓഹരികൾ കിംഗ്ഡം ഹോൾഡിംഗ് കമ്പനി വാങ്ങിയതാണ് കഴിഞ്ഞ വർഷം വിദേശ നിക്ഷേപത്തിൽ കുറവുണ്ടാക്കിയത്. ഈ ഇടപാടിന്റെ ഫലമായി ഭീമമായ തുക വിദേശത്തേക്ക് പോയി.
സ്വദേശികൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. അടുത്ത വർഷം മുതൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ കുറഞ്ഞു തുടങ്ങും. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. വേതനയിനത്തിൽ ബജറ്റിൽ നിന്ന് ചെലവഴിക്കുന്ന തുക കുറച്ചുകൊണ്ടുവരുന്നതിനാണ് ശ്രമം. 2015-2016 ബജറ്റിന്റെ പകുതിയും വേതനയിനത്തിലാണ് നീക്കിവെച്ചിരുന്നത്. ഈ വർഷം ഇത് 42 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2020 ൽ ഇത് 40 ശതമാനത്തിലും കുറവാകും. 2030 ഓടെ വേതനയിനത്തിലെ ബജറ്റ് നീക്കിയിരിപ്പ് മുപ്പതു ശതമാനമായി കുറക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.