Sorry, you need to enable JavaScript to visit this website.

2030 വരെ പുതിയ നികുതികളില്ല - സൗദി കിരീടാവകാശി

റിയാദ് - 2030 വരെ പുതിയ നികുതികളൊന്നും നടപ്പാക്കില്ലെന്ന് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി. അമേരിക്കൻ വാർത്താ ഏജൻസിയായ ബ്ലൂംബെർഗിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് 2030 വരെ പുതിയ നികുതികളൊന്നും നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്ന് കിരീടാവകാശി വ്യക്തമാക്കിയത്. ദേശീയ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും, സാമ്പത്തിക മേഖലയും മുഴുവൻ വ്യവസായ മേഖലകളും വികസിപ്പിക്കുന്നതിനും തീവ്രശ്രമങ്ങൾ നടത്തിവരികയാണ്. സമഗ്ര വികസനവും സാമ്പത്തിക വൈവിധ്യവൽക്കരണവും ലക്ഷ്യമിട്ടുള്ള വിഷൻ 2030 പദ്ധതിക്ക് വലിയ തോതിൽ ഊന്നൽ നൽകുന്നു. നിലവിൽ  ദേശീയ പരിവർത്തന പദ്ധതി 2020 ന് ആണ് ഊന്നൽ നൽകുന്നത്. ഭാവിയിൽ 2025 പദ്ധതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
വൈദ്യുതി കാറുകൾക്ക് പ്രചാരം ലഭിക്കുന്നത് എണ്ണ വ്യവസായത്തെ ബാധിക്കില്ലെന്നും ഇത് സൗദി അറേബ്യക്ക് ഭീഷണിയല്ല. 2030 വരെ എണ്ണക്കുള്ള ആവശ്യം വർധിച്ചുകൊണ്ടേയിരിക്കും. എണ്ണയാവശ്യത്തിൽ പ്രതിവർഷം ഒരു ശതമാനം മുതൽ ഒന്നര ശതമാനം വരെ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു വർഷത്തിനു ശേഷം ചൈനയുടെ എണ്ണയുൽപാദനം കുറയും. 
ഈ വർഷം ആദ്യത്തെ രണ്ടു പാദങ്ങളിലും സൗദിയിൽ വിദേശ നിക്ഷേപത്തിൽ 90 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വെളിപ്പെടുത്തി. സൗദിയിൽ നിന്ന് മൂലധനം പുറത്തേക്കൊഴുകുന്നതിൽ ആശങ്കയില്ല. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അറാംകൊയുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ 2020 അവസാനത്തിലോട 2021 ആദ്യത്തിലോ വിൽപന നടത്തുമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. കമ്പനിയുടെ ഓഹരികൾ ഈ വർഷാവസാനത്തോടെ വിൽക്കുമെന്നാണ് സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അടുത്ത വർഷത്തോടെ ഓഹരി വിൽപനയുണ്ടാകുമെന്ന് പിന്നീട് അറിയിച്ചു. കിരീടാവകാശിയുടെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ അനുസരിച്ച് സൗദി അറാംകൊയുടെ ഓഹരികൾ 2021 ൽ വിൽപന നടത്തും. പതിനായിരം കോടി ഡോളറിന്റെ ഐ.പി.ഒ ആകുമിത്. സൗദി അറാംകൊയുടെ ആസ്തി മൂല്യം രണ്ടു ട്രില്യൺ ഡോളറിലേറെയാണ്. 
സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോം പദ്ധതി പ്രദേശത്ത് മൂന്നു വിമാനത്താവളങ്ങളും ഒരു വൻകിട അന്താരാഷ്ട്ര എയർപോർട്ടും വലിയ തുറമുഖവും ഭീമൻ വ്യവസായ മേഖലയുമുണ്ടാകുമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വെളിപ്പെടുത്തി. 

Latest News