സൗദിയില്‍നിന്ന് ഫോണ്‍ വഴി മുത്തലാഖ്; പോലീസ് കേസെടുത്തു

ലഖ്‌നൗ- സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന യുവാവ് ടെലിഫോണ്‍ വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ ഉത്തര്‍ പ്രദേശില്‍ പോലീസ് കേസെടുത്തു. മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ ഒര്‍ഡിനന്‍സ് പാസാക്കിയ പശ്ചാത്തലത്തിലാണ് നൂരിയെന്ന യുവതി പോലീസിനെ സമീപിച്ചത്. എട്ട് മാസം മുമ്പാണ് ചാന്ദ് ബാബു വിവാഹം ചെയ്തതെന്നും മോട്ടോര്‍ സൈക്കിളും 50,000 രൂപയും ആവശ്യപ്പെട്ട് ഭര്‍തൃ മാതാവ് പീഡിപ്പിച്ചുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. റുഫൈദീഹ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടര്‍ന്നപ്പോള്‍ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതായി യുവതിയുടെ മാതാവ് രേഷ്മ പറയുന്നു. സ്ത്രീധനം എത്തിച്ചില്ലെങ്കില്‍ വിവാഹ ബന്ധം വേര്‍പെടുത്തുമെന്ന് ഭര്‍ത്താവും വീട്ടുകാരും ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നു.
സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം പത്തിനാണ് ടെലിഫോണ്‍ വഴി മൊഴി ചൊല്ലിയത്. ചാന്ദ്ബാബു ടെലിഫോണ്‍ വഴി മുത്തലാഖാണ് ചൊല്ലിയതെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് സബാരാജ് പറഞ്ഞു.
 

Latest News