ന്യൂദൽഹി- ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പിട്ട മിസൈൽ പ്രതിരോധകരാറിൽ കരുതലോടെ പ്രതികരിച്ച് അമേരിക്ക. റഷ്യയുമായി പ്രതിരോധക്കരാറിൽ ഒപ്പിട്ടാൽ ഉപരോധം ഏർപ്പെടുത്തുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്ന അമേരിക്ക പക്ഷെ പിന്നീട് നിലപാട് മയപ്പെടുത്തി. തങ്ങളുടെ സഖ്യരാഷ്ട്രടങ്ങളുടെ പ്രതിരോധക്കരുത്ത് നശിപ്പിക്കാൻ ലക്ഷ്യമിട്ടില്ലഉപരോധമെന്നും കർശന വ്യവസ്ഥകളോടെ ഇളവുകൾ അനുവദിക്കാറുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. റഷ്യ, ഉത്തരകൊറിയ, ഇറാൻ എന്നീ രാജ്യങ്ങളുമായി കരാറുകളിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്താറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആയുധവിപണിയിലൊന്നായി ഇന്ത്യയുമായുള്ള കരാർ നഷ്ടമാക്കിയതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്.
അമേരിക്കയുടെ ഉപരോധ ഭീഷണി വകവെക്കാതെ ഇന്ത്യ റഷ്യയുമായി എസ്-400 ട്രയംഫ് മിസൈൽ പ്രതിരോധ കരാറിലാണ് ഇന്നലെ ഒപ്പുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും റഷ്യൻ പ്രസിഡന്റ് വഌദ്മിർ പുടിനുമാണ് കരാറിൽ ഒപ്പുവെച്ചത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച പുടിൻ ഡൽഹിയിൽ എത്തിയിരുന്നു. റഷ്യയിൽ നിന്നു പ്രതിരോധ സംവിധാനങ്ങൾ രാജ്യങ്ങൾ ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ദശകങ്ങളായി ഇന്ത്യ ആധുനീക പ്രതിരോധ സംവിധാനങ്ങൾ റഷ്യയിൽ നിന്നു വാങ്ങുന്നുണ്ട്. ഇന്ത്യയുടെ വളർച്ചയിലും നിർണായക സന്ദർഭങ്ങളിലും റഷ്യ എന്നും ഇന്ത്യയോടൊപ്പം നിന്നിട്ടുണ്ടെന്ന് കരാർ ഒപ്പുവെച്ചതിന് ശേഷമുള്ള സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
എട്ടു സുപ്രധാന കരാറുകളിലാണ് മോഡിയും പുടിനും ഇന്നലെ ഒപ്പു വെച്ചത്.
* വിദേശകാര്യ മന്ത്രിതല ചർച്ചകൾ * സാമ്പത്തിക വികസനം * ബഹിരാകാശ സഹകരണം * റെയിൽവേ രംഗത്തെ സഹകരണം * ആണവ മേഖലയിലെ സഹകരണത്തിനുള്ള കർമപദ്ധതി * ഗതാഗതം * ചെറുകിട വ്യാപാര സഹകരണം * രാസവള നിർമാണ സഹകരണം എന്നിവയാണ് ഇന്നലെ ഒപ്പുവെച്ച എട്ടു കരാറുകൾ.
റഷ്യ, വടക്കൻ കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്ന് പ്രതിരോധ സംവിധാനങ്ങൾ വാങ്ങരുതെന്ന കൗണ്ടറിംഗ് അമേരിക്കാസ് അഡ്‌വേഴ്‌സറീസ് ത്രൂ സാംഗ്ക്ഷൻസ് നിയമം (സിഎഎടിഎസ്എ) മറികടന്നാണ് ഇന്ത്യ റഷ്യയുമായി മിസൈൽ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. തങ്ങളുടെ എതിരാളികളായ രാജ്യങ്ങളുമായി പ്രതിരോധ കരാറുകളിൽ ഏർപ്പെടുന്നതിന് ഉപരോധം ഏർപ്പെടുത്തുന്നതാണ് അമേരിക്കയുടെ ഈ നിയമം. എന്നാൽ, അമേരിക്ക ഈ നിയമം ഏർപ്പെടുന്നതിന് മുൻപ് തന്നെ മിസൈലുകൾ വാങ്ങുന്നതിനുള്ള ചർച്ചകളും പ്രാരംഭ നടപടികളും റഷ്യയുമായി ആരംഭിച്ചിരുന്നു എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഉപരോധം റഷ്യയുടെ ധാർഷ്ഠ്യ്ത്തിന് മേലുള്ളതാണെന്നും തങ്ങളുടെ സഖ്യകക്ഷിൾക്കോ സഹകരിക്കുന്ന രാജ്യങ്ങൾക്കോ നഷ്ടം വരുത്തുന്നതല്ലെന്നുമാണ് അമേരിക്കൻ എംബസി വക്താവിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ചു മുൻകൂട്ടി പറയാനാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
39,000 കോടി രൂപയുടെ ഈ കരാർ പ്രകാരം റഷ്യയിൽ നിന്നു നാലു മിസൈൽ പ്രതിരോധ സംവിധാനമാണ് ഇന്ത്യ വാങ്ങുന്നത്. എസ്-400 മിസൈലുകൾ ലോകത്തിലെ തന്നെ ഏറ്റവും ആധുനീക ദീർഘദൂര റേഞ്ചിലുള്ള വ്യോമ പ്രതിരോധ സംവിധാനമാണ്. 2014ൽ ചൈനയാണ് ആധ്യമായി എസ്-400 മിസൈലുകൾ വാങ്ങിയത്. എത്ര എണ്ണമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ചൈനയ്ക്ക് മിസൈലുകൾ റഷ്യ നിർമിച്ചു കൈമാറിത്തുടങ്ങിയിട്ടുണ്ട്. 24 മാസങ്ങൾക്കകം റഷ്യ ഇന്ത്യക്ക് മിസൈലുകൾ നിർമിച്ചു കൈമാറുമെന്നാണ് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ബി.എസ് ധന്നോ പറഞ്ഞത്.
ഇതോടൊപ്പം തന്നെ ബഹിരാകാശ രംഗത്തെ സഹകരണത്തിനുള്ള കരാറും ഇരുരാജ്യങ്ങളും ഒപ്പു വെച്ചു. ഇതുപ്രകാരം സൈബീരിയയിൽ ഇന്ത്യയുടെ ബഹിരാകാശ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും. റയിൽവേയുമായി ബന്ധപ്പെട്ട കരാറിലും ഇരു രാജ്യത്തെയും ഭരണാധികാരികൾ ഇന്നലെ ഒപ്പിട്ടിട്ടുണ്ട്. പുതിയ ആണവ പദ്ധതികളിലും ഇരു രാജ്യങ്ങളും സഹകരിക്കും.
അതിവേഗം മാറ്റങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ലോകത്ത് റഷ്യയുമായുള്ള ഇന്ത്യയുടെ സഖ്യവും അതിവേഗതിയിലാണ് വളരുന്നതെന്നും മോദി പറഞ്ഞു. സമയാമസമയത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകും. ഭീകരതക്കെതിരേയും മയക്കുമരുന്നു കടത്തിനെതിരേയും സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള കരാറിലും ഒപ്പിട്ടിട്ടുണ്ടെന്നും റഷ്യൻ പ്രസിഡന്റ് വഌദ്മിർ പുടിൻ പറഞ്ഞു. റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ബോറിസോവ്, വിദേശ മന്ത്രി സെർജി ലവ്‌റോവ്, വാണിജ്യ മന്ത്രി ഡെനിസ് മണ്ടുറോവ് എന്നിവരും പുടിനോടൊപ്പം ഇന്ത്യ സന്ദർശനത്തിനെത്തിയിട്ടുണ്ട്.
വ്യാപാര, നിക്ഷേപ മേഖലയിലെ വ്യാപനത്തിനായുള്ള ചർച്ചകൾ നടത്തിയെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുടിൻ പറഞ്ഞു. 2125 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും 30 ദശലക്ഷം ഡോളറിന്റെ വ്യാപാര നേട്ടമുണ്ടാക്കും. അടുത്ത വർഷം റഷ്യയിലെ വഌഡിവോസ്‌റ്റോക്കിൽ നടക്കുന്ന വ്യാപാര സമ്മേളനത്തിലേക്കു മോദിയെ ക്ഷണിക്കുമെന്നും പുടിൻ പറഞ്ഞു. എണ്ണ, പ്രകൃതി വാതക മേഖലയിൽ ഇരു രാജ്യങ്ങളും കൂടുതൽ കരാറുകളിൽ ഒപ്പിടുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടന്നു. റഷ്യൻ ഊർജമേഖലയിൽ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപങ്ങളും ക്ഷണിക്കുന്നു. കൂടുംകുളം താപനിലയത്തിനായുള്ള റിയാക്ടറുകൾ നിർമിക്കുക്കും. ഇതിനായുള്ള 12 റിയാക്ടറുകൾ ഇന്ത്യയിൽ തന്നെ അടുത്ത ഏതാനും വർഷത്തിനുള്ളിൽ നിർമിക്കാമെന്നാണു പ്രതീക്ഷ. ഇന്ത്യയിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരികൾക്കു റഷ്യ പരിശീലനം നൽകുമെന്നും പുടിൻ പറഞ്ഞു. സൈനിക ഉപകരണങ്ങളുടെ നിർമാണം എന്നതിനപ്പുറം സൈനിക സഹകരണം കൂടിയാണ് ലക്ഷ്യമെന്നും പുടിൻ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള 94,000 വിനോദ സഞ്ചാരികൾ ഇന്ത്യയിൽ എത്തിയെന്നും റഷ്യയിൽ നിന്ന് 220,000 വിനോദ സഞ്ചാരികൾ ഇന്ത്യയിലേക്കെത്തിയെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു.