കാസർകോട്- യു.എ.ഇ ദിർഹം നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശികളെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചു വരുത്തി കാറിൽ തട്ടിക്കൊണ്ടുപോയി അഞ്ചു ലക്ഷം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ കാഞ്ഞങ്ങാട്ടെ മൂന്ന് യുവാക്കളെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇട്ടമ്മലിലെ മുഹമ്മദ് നബീൽ (24), വെള്ളിക്കോത്തെ ജിത്തു എന്ന വിശാഖ് (28), വലിയപറമ്പിലെ നസീർ (32) എന്നിവരെയാണ് എസ്.ഐ സന്തോഷും സംഘവും വ്യാഴാഴ്ച അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് കുന്നിച്ചേരിയിലെ ബീരാൻ കോയയുടെ മകൻ മുഹമ്മദ് റനീബ് (35) ആണ് അക്രമത്തിന് ഇരയായത്. കാഞ്ഞങ്ങാട്ടുള്ള സംഘം ദിർഹമുണ്ടെന്നു പറഞ്ഞ് ബന്ധപ്പെടുകയും ഇതിനായി ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ കാഞ്ഞങ്ങാട്ടെത്തുകയായിരുന്നുവെന്നുമാണ് പറയുന്നത്. തുടർന്ന് മാവുങ്കാൽ ഭാഗത്തേക്ക് കാറിൽ കൊണ്ടുപോവുകയും പണം കവരുകയായിരുന്നുവെന്നും പരാതിയിൽ പറഞ്ഞു. അതേസമയം ഇയാളിൽ നിന്ന് സംഘം തട്ടിയെടുത്ത അഞ്ചു ലക്ഷം രൂപ കണ്ടെത്താനുള്ള ശ്രമം വിജയിച്ചില്ല. കേസിൽ കൂട്ടു പ്രതിയായ ഇട്ടമ്മലിലെ ശിഹാബിനെ പിടികിട്ടാനുണ്ട്. പണം കണ്ടെത്താനും ശിഹാബിനെ പിടികൂടുന്നതിനും പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതിനായി ഹൊസ്ദുർഗ് എസ്.ഐ കോടതിയിൽ അപേക്ഷ നൽകി. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അപേക്ഷയിൽ പറഞ്ഞിരുന്നത്.