Sorry, you need to enable JavaScript to visit this website.

പെട്രോളിലും ഡീസലിലും മായം ചേർക്കാൻ കേരളത്തിൽ വൻ മാഫിയ 

കാസർകോട് - പെട്രോളിലും ഡീസലിലും മായം ചേർത്ത് കൊള്ളലാഭം ഉണ്ടാക്കുന്ന വൻ മാഫിയാസംഘം വടക്കൻ കേരളത്തിൽ പ്രവർത്തിക്കുന്നു. എണ്ണവില ക്രമാതീതമായി ഉയർന്നു തുടങ്ങിയതോടെയാണ് മായം ചേർക്കുന്ന സംഘം സജീവമായത്. 
ഓയിൽ കമ്പനികളുടെ ഗോഡൗണിൽനിന്നും പെട്രോൾ പമ്പുകളിലേക്ക് ഇന്ധനം നിറച്ചു പോകുന്ന ടാങ്കർ ലോറികളിൽ നിന്നും പെട്രോളും ഡീസലും ഊറ്റിയെടുത്ത ശേഷം തുല്യമായ അളവിൽ നീല മണ്ണെണ്ണയും വെളുത്ത മണ്ണെണ്ണയും ചേർത്താണ് മാഫിയ സംഘം പണമുണ്ടാക്കുന്നത്. 
ഇതിനായി ഇടനിലക്കാർ തന്നെ പ്രവർത്തിക്കുന്നുവെന്നാണ് സിവിൽ സപ്ലൈസ് അധികൃതർക്ക് സൂചന ലഭിച്ചിരിക്കുന്നത്. വഴിക്ക് വെച്ച് ഇന്ധനം ഈ മാഫിയാസംഘം ഊറ്റിയെടുക്കുന്നതോടെ മായം ചേർത്ത പെട്രോളും ഡീസലും വിൽപന നടത്തി വെട്ടിലാവുന്നത് സാധാരണ പെട്രോൾ പമ്പ് ഉടമകളാണ്. ജനരോഷം ഉണ്ടാകുന്നതും പമ്പുടമകൾക്കെതിരെയാണ്. 
കണ്ണൂർ, കോഴിക്കോട് , കാസർകോട് കേന്ദ്രമായി ഇന്ധനത്തിൽ മായം ചേർക്കുന്ന ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ട്. എണ്ണക്കമ്പനികളുടെ ഗോഡൗണിൽനിന്ന് ഇന്ധനം നിറച്ചു പുറത്തുവരുമ്പോഴോ ദേശീയപാതയിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കാത്തുനിന്നോ ആണ് ടാങ്കറുകളിൽ മണ്ണെണ്ണ ചേർക്കുന്നതെന്നാണ് സൂചന. മായം ചേർക്കുന്നതുമായി എണ്ണ കമ്പനികളുടെ ആളുകൾക്ക് ബന്ധമൊന്നുമില്ലെങ്കിലും ടാങ്കർ ലോറിക്കാരെ സ്വാധീനിക്കാൻ ചില ജീവനക്കാരുടെ സഹായവും ഈ സംഘത്തിന് ലഭിക്കുന്നുണ്ടെന്ന് സംശയമുണ്ട്. 
ഒരു ലിറ്റർ മണ്ണെണ്ണക്ക് 25 രൂപയാണ് വില. പെട്രോളിനും ഡീസലിനും ഇപ്പോൾ അതിന്റെ മൂന്നിരട്ടി വിലയുണ്ട്. മണ്ണെണ്ണ ചേർത്ത് തുല്യ അളവിൽ ഇന്ധനം ചോർത്തി മറിച്ചു വിറ്റാൽ മൂന്നിരട്ടി ലാഭം കൊയ്യാൻ ഈ ലോബിക്ക് കഴിയുന്നു. കണ്ണൂർ ചാലയിൽ ടാങ്കർ ലോറിക്ക് തീപിടിച്ചു നാശം ഉണ്ടായ സ്ഥലത്ത് വെച്ച് ഒരു ലോറി മണ്ണെണ്ണ പൊലീസ് പിടികൂടിയ സംഭവം മൂന്ന് മാസം മുമ്പ് ഉണ്ടായിരുന്നു. വാഹന പരിശോധന നടത്തിയ കണ്ണൂർ പോലീസ് പിടിച്ചെടുത്ത ഈ ഒരു ലോഡ് മണ്ണെണ്ണ പെട്രോളിൽ ചേർക്കുന്നതിന് കൊണ്ടുപോകുന്നതായിരുന്നു എന്നാണ് സിവിൽ സപ്ലൈസ് അധികൃതർക്ക് ലഭിച്ച വിവരം. കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽനിന്നു രാത്രികാലങ്ങളിൽ ഇന്ധനം നിറച്ചു വടക്കോട്ട് വരുന്ന വണ്ടികളിലാണ് മായം ചേർക്കൽ അധികവും നടക്കുന്നത്. അതേസമയം പെട്രോൾ പമ്പുകളിൽ നിന്ന് മായം ചേർത്ത പെട്രോളും ഡീസലും വിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ വടക്കൻ കേരളത്തിൽ സിവിൽ സപ്ലൈസ് വകുപ്പിൽ ഇപ്പോൾ യാതൊരു സംവിധാനവും ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. 
ജോലിഭാരം കാരണം നിലവിലുള്ള ഉദ്യോഗസ്ഥർക്ക് പരിശോധനക്ക് ചെല്ലാൻ ഇവിടെ നേരവുമില്ലാത്ത അവസ്ഥയാണുള്ളത്. റേഷൻ കാർഡിന്റെ പുതുക്കലും തെറ്റുതിരുത്തലും പുതിയ കാർഡ് തയാറാക്കലുമായി ബന്ധപ്പെട്ട് ഓഫീസിൽ പിടിപ്പത് പണിയുള്ളപ്പോൾ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് പരിശോധനക്ക് പോകാൻ കഴിയുന്നില്ല. പെട്രോൾ പമ്പുകളിലെ പരിശോധനക്കായി പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്താൻ സർക്കാർ തയ്യാറാകാത്തതും മായം ചേർക്കുന്നവർക്ക് നല്ലകാലമാകുന്നു. 
പമ്പുകളിൽ പരിശോധന നടത്തി മായം ചേർത്തുവെന്ന സംശയത്തിൽ പിടികൂടിയാൽ തന്നെ അത് പരിശോധിക്കാനുള്ള ലാബും ഇവിടെ എവിടെയുമില്ല. ഓയിൽ കമ്പനികളുടെ ആസ്ഥാനങ്ങളിലുള്ള ക്വാളിറ്റി കൺട്രോൾ ലാബുകളിൽ അയച്ചു വേണം പരിശോധിക്കാൻ. എച്ച് പി ക്ക് എലത്തൂരും ഐ.ഒ.സിക്ക് ഫറോക്കിലുമുള്ള ലാബിലേക്ക് അയച്ചാൽ മാത്രമേ പരിശോധന നടത്താൻ സാധിക്കുകയുള്ളൂ. കർണാടകയിലെ മംഗളൂരുവിൽ ലാബുണ്ടെങ്കിലും അവിടെ അയച്ചു പരിശോധിക്കാൻ നിലവിൽ നിയമം അനുവദിക്കുന്നുമില്ല. മംഗളുരുവിൽ ആകുമ്പോൾ പരിശോധന റിപ്പോർട്ടിന്റെ സാധുതയും ചോദ്യം ചെയ്യപ്പെട്ടേക്കാം. 
കാസർകോട് ഉളിയത്തടുക്കയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പെട്രോൾ പമ്പിൽ നിന്നു വാങ്ങിയ ഡീസലിൽ മണ്ണെണ്ണ കലർന്നതായി പരാതി ഉയർന്നതിനെ തുടർന്ന് സപ്ലൈ ഓഫീസർ സാമ്പിൾ ശേഖരിച്ചതോടെയാണ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. കാസർകോട് താലൂക്ക് അസി. സപ്ലൈ ഓഫീസർ ശിവസുധീറും സംഘവുമാണ് മൂന്ന് സാമ്പിളുകൾ ശേഖരിച്ചത്. പമ്പിൽനിന്നെടുത്ത പെട്രോളിലും ഡീസലിലും മായം ചേർത്തതായി പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെടുന്ന വിധം മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നുവെന്ന് ജില്ലാ സപ്ലൈ ഓഫീസർ ശശികുമാർ പറഞ്ഞു. ജില്ലാ കലക്ടറുടെ അനുമതിയോടെ സാമ്പിളുകൾ ഓയിൽ കമ്പനിയുടെ ലാബിലേക്ക് പരിശോധനക്ക് അയച്ചതായും സർക്കാർ തലത്തിൽ മലബാറിൽ ഇതിനായുള്ള ലാബുകൾ ഇല്ലാത്തത് പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു 

Latest News