റിയാദ്- സ്വകാര്യ, ഇന്റർനാഷണൽ സ്കൂളുകളിൽ സൗദിവൽക്കരണം നിർബന്ധമാക്കുന്നതിലൂടെ മൂന്നു മാസത്തിനകം ചുരുങ്ങിയത് പതിനാറായിരം സൗദികൾക്ക് തൊഴിൽ ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് മുബാറക് അൽഉസൈമി പറഞ്ഞു. ഹെഡ്മാസ്റ്റർമാർ അടക്കം സ്വകാര്യ സ്കൂളുകളിലെ ഉന്നത തസ്തികകൾ ഏറ്റെടുക്കുന്നതിന് കഴിവും പ്രാപ്തിയുമുള്ള സൗദി ബിരുദധാരികൾ രാജ്യത്തുണ്ട്. സൗദി അധ്യാപകർ കഴിവുകൾ തെളിയിച്ചിട്ടുണ്ടെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.
സൗദിയിൽ 6,300 സ്വകാര്യ, ഇന്റർനാഷണൽ സ്കൂളുകളുണ്ട്. ഇവിടങ്ങളിൽ അധ്യാപകരും ഓഫീസ് ജീവനക്കാരുമായി 39,400 വിദേശികൾ ജോലി ചെയ്യുന്നു. സൗദികളെ ജോലിക്കു വെക്കുന്നതിന് സ്വകാര്യ സ്കൂളുകൾ മടിക്കുകയാണ്. അധ്യാപകരായും ഓഫീസ് ജീവനക്കാരായും സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്നതിന് യോഗ്യരായ എട്ടു ലക്ഷത്തോളം സൗദികൾ രാജ്യത്തുണ്ടെന്നാണ് കണക്ക്. സൗദിവൽക്കരണം നടപ്പാക്കുന്നതിന് സ്വകാര്യ സ്കൂളുകളെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും നിർബന്ധിക്കണമെന്ന് തൊഴിൽ രഹിതരായ സൗദികൾ ആവശ്യപ്പെട്ടു വരികയായിരുന്നു.
നേരത്തെ സ്വകാര്യ സ്കൂളുകളിൽ സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ച് ധനസഹായ പദ്ധതി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ സ്കൂളുകളിൽ നിയമിക്കുന്ന സൗദികളുടെ വേതനത്തിന്റെ പകുതി അഞ്ചു വർഷക്കാലത്തേക്ക് മാനവശേഷി വികസന നിധി വഹിക്കുന്ന പദ്ധതിയാണിത്. ഇതോടൊപ്പം സ്വകാര്യ സ്കൂളുകളിലെ തൊഴിലുകൾ സ്വീകരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് സൗദികളുടെ മിനിമം വേതനം 5,600 റിയാലായി ഉയർത്തുകയും ചെയ്തിരുന്നു. ഇതിൽ 5,000 റിയാൽ അടിസ്ഥാന വേതനവും 600 റിയാൽ യാത്രാ ബത്തയുമായിരുന്നു. അടിസ്ഥാന വേതനത്തിന്റെ പകുതിയായ 2,500 റിയാലാണ് മാനവശേഷി വികസന നിധിയിൽ നിന്ന് നൽകിയിരുന്നത്. അവശേഷിക്കുന്ന 3,100 റിയാൽ സ്കൂൾ ഉടമകൾ വഹിക്കണമെന്നായിരുന്നു വ്യവസ്ഥ. ധനസഹായ പദ്ധതി കാലാവധി പൂർത്തിയാകുന്ന മുറക്ക് അധ്യാപകരുടെ പൂർണ വേതനമായ 5,600 റിയാൽ സ്കൂൾ ഉടമകൾ വഹിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
എന്നാൽ ധനസഹായ പദ്ധതി കാലാവധി പൂർത്തിയായ മുറക്ക് സ്വകാര്യ സ്കൂളുകൾ സൗദി അധ്യാപകരുടെ വേതനം വെട്ടിക്കുറക്കുകയോ സൗദികളെ പിരിച്ചുവിടുകയോ ചെയ്തതായി വ്യാപക പരാതികൾ ഉയർന്നിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ ഇടപെട്ട തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സൗദി അധ്യാപകരുടെ വേതനം കുറക്കുന്നതിനും അവരെ പിരിച്ചുവിടുന്നതിനും എതിരെ സ്കൂളുകൾക്ക് താക്കീത് നൽകിയിരുന്നു.
വിദേശ അധ്യാപകരുടെ സ്വാധീനം മൂലം ചില സ്കൂളുകളിൽ ദേശീയതക്ക് വിരുദ്ധമായ ആക്ടിവിറ്റികൾ സംഘടിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് സൗദിവൽക്കരണ തീരുമാനം പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കുലറിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ പ്രക്രിയയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് സഹായകമായ നിലക്ക് സ്വകാര്യ സ്കൂളുകളിലെ അധ്യാപക, അനധ്യാപക തസ്തികകൾ സൗദിവൽക്കരിക്കുന്നതിന് മന്ത്രാലയം ആഗ്രഹിക്കുന്നു. വൈവിധ്യമാർന്ന പരിപാടികളിലൂടെ വിദ്യാർഥികളുടെ മനസ്സുകളിൽ ദേശീയ ബോധം ശക്തമാക്കുന്നതിനും ഓഫീസ്, സൂപ്പർവൈസിംഗ് ജോലികളും ആക്ടിവിറ്റിയുമായി ബന്ധപ്പെട്ട തസ്തികകളും സൗദിവൽക്കരിക്കുന്നതിനും സ്വദേശിവൽക്കരിക്കുന്നതിന് സാധിക്കുന്ന മറ്റു തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിനും സ്വകാര്യ, ഇന്റർനാഷണൽ സ്കൂളുകളോട് ആവശ്യപ്പെടണമെന്ന് പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പുകൾക്ക് അയച്ച അടിയന്തര സർക്കുലറിൽ വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചു.
വിദേശങ്ങളിൽ നിന്ന് അധ്യാപകരെ യും ജീവനക്കാരെയും റിക്രൂട്ട് ചെയ്യുന്നതിന് ആവശ്യമായ വിസ ലഭിക്കുന്നതിന് സ്വകാര്യ, ഇന്റർനാഷണൽ സ്കൂളുകൾക്ക് സമ്മതപത്രങ്ങൾ നൽകുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പുകൾ പുനഃപരിശോധിക്കണം.






