Sorry, you need to enable JavaScript to visit this website.

സൗദിയ യാത്രക്കാരുടെ എണ്ണത്തിൽ എട്ടു ശതമാനം വർധന 

റിയാദ്- ഈ വർഷം ആദ്യത്തെ എട്ടു മാസത്തിനിടെ സൗദി അറേബ്യൻ എയർലൈൻസിൽ (സൗദിയ) യാത്ര ചെയ്തവരുടെ എണ്ണത്തിൽ എട്ടു ശതമാനം വർധനവ് രേഖപ്പെടുത്തി. ജനുവരി ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയുള്ള എട്ടു മാസ കാലത്ത് 23.3 ദശലക്ഷം പേരാണ് സൗദിയയിൽ യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ എട്ടു ശതമാനം വളർച്ച കൈവരിക്കുന്നതിന് സൗദിയക്ക് സാധിച്ചു. 
എട്ടു മാസത്തിനിടെ 1,44,400 സർവീസുകൾ സൗദിയ നടത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം സർവീസുകളുടെ എണ്ണത്തിൽ അഞ്ചു ശതമാനം വർധനവുണ്ടായി. എട്ടു മാസത്തിനിടെ അന്താരാഷ്ട്ര സർവീസുകളിൽ 11.9 ദശലക്ഷത്തിലേറെ പേർ യാത്ര ചെയ്തു. അന്താരാഷ്ട്ര സർവീസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ 13 ശതമാനം വർധനവ് രേഖപ്പെടുത്തി. 
ഈ വർഷം ആദ്യത്തെ എട്ടു മാസത്തിനിടെ 61,300 അന്താരാഷ്ട്ര സർവീസുകൾ സൗദിയ നടത്തി. അന്താരാഷ്ട്ര സർവീസുകളുടെ എണ്ണത്തിൽ ആറു ശതമാനം വളർച്ച കൈവരിച്ചു. എട്ടു മാസത്തിനിടെ 83,000 ലേറെ ആഭ്യന്തര സർവീസുകളും കമ്പനി നടത്തി. ഈ സർവീസുകളിൽ 11.3 ദശലക്ഷത്തിലേറെ പേർ യാത്ര ചെയ്തു. ഓഗസ്റ്റ് മാസത്തിൽ 32.6 ലക്ഷം പേർ സൗദിയയിൽ യാത്ര ചെയ്തു. 2017 ഓഗസ്റ്റിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ യാത്രക്കാരുടെ എണ്ണത്തിൽ അഞ്ചു ശതമാനം വർധനവുണ്ടായി. ഓഗസ്റ്റിൽ 19,000 ലേറെ സർവീസുകൾ സൗദിയ നടത്തി. ഇതിൽ 8,800 എണ്ണം അന്താരാഷ്ട്ര സർവീസുകളും 10,700 എണ്ണം ആഭ്യന്തര സർവീസുകളുമായിരുന്നു. ഓഗസ്റ്റിൽ അന്താരാഷ്ട്ര സർവീസുകളിൽ 18 ലക്ഷം പേരും ആഭ്യന്തര സർവീസുകളിൽ 14.6 ലക്ഷം പേരും യാത്ര ചെയ്തു. അന്താരാഷ്ട്ര സർവീസ് യാത്രക്കാരുടെ എണ്ണത്തിൽ പത്തു ശതമാനം വർധനവുണ്ടായി. സൗദിയ 90 ലേറെ ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിൽ സർവീസുകൾ നടത്തുന്നുണ്ട്. ഹജ്, ഉംറ സീസൺ കാലത്ത് സർവീസ് നടത്തുന്ന സെക്ടറുകളുടെ എണ്ണം നൂറിലധികമായി ഉയരും. നിലവിൽ സൗദിയക്കു കീഴിൽ ഏറ്റവും പുതിയ ഇനങ്ങളിൽ പെട്ട 150 വിമാനങ്ങളുണ്ട്. 
 

Latest News