പ്രവാസമെന്നാൽ അതിജീവനമാണ്. പ്രതിസന്ധികളെ മനക്കരുത്തു കൊണ്ട് അതിജീവിക്കാൻ പ്രാപ്തരാണ് പ്രവാസികൾ. പുറമേക്ക് പളപളപ്പ് തോന്നാമെങ്കിലും അവരുടെ വഴികൾ എപ്പോഴും ദുർഘടമായിരുന്നു. നിലനിൽപിനായുള്ള പോരാട്ടത്തെ പലവിധ മാർഗങ്ങളിലൂടെയും നേരിട്ട് അതിജീവിച്ചിട്ടുണ്ടെങ്കിലും അധികാരി വർഗത്തിന്റെ ചൂഷണത്തിന് അവൻ എന്നും വിധേയരായിക്കൊണ്ടിരുന്നു. അതിന്നും തുടരുകയാണ്.
പക്ഷേ, ചെറുതായെങ്കിലും പ്രതിരോധം തീർക്കാനവർ പഠിച്ചു കഴിഞ്ഞു. ഏതു ചൂഷണത്തിനും വിധേയരാണ്ടേവരല്ല നമ്മളെന്ന കാര്യം അവർ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു, പ്രതികരിക്കേണ്ടിടങ്ങളിൽ ശക്തമായ ശബ്ദം ഉയർത്തേണ്ടിയിരിക്കുന്നുവെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു.
അതിന്റെ ഗുണവും ഉണ്ടാവാൻ തുടങ്ങിയിരിക്കുന്നുവെന്നതിന് തെളിവാണ് യു.എ.ഇയിൽ നിന്ന് മൃതദേഹം കൊണ്ടു പോകുന്നതിന് നിരക്ക് വർധിപ്പിച്ച തീരുമാനത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ പിൻമാറ്റം.
ഭാരത്തിനനുസരിച്ച് കൂടുതൽ വില കിട്ടുന്ന ഒരു ഉൽപന്നം പോലെയാണ് പ്രവാസിയുടെ മൃതദേഹത്തെ കാണുന്നത്. ഇത് പ്രവാസികളോട് ചെയ്യുന്ന ക്രൂരതയാണെന്നിരിക്കേയാണ് നിരക്ക് കിലോക്ക് 16 ദിർഹം എന്നത് ഇരട്ടിയാക്കി വർധിപ്പിച്ചത്. അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശും അവരുടെ പൗരന്മാരുടെ മൃതദേഹങ്ങൾ ദേശീയ വിമാനക്കമ്പനിയിൽ സൗജന്യമായി കൊണ്ടുപോകുമ്പോഴാണ് നമ്മുടെ ദേശീയ വിമാനക്കമ്പനി നിരക്ക് ഇരട്ടിയായി വർധിപ്പിച്ചത്. പ്രവാസികളെയും അവക്ക് ആശ്വാസമേകുന്ന സാമൂഹ്യ പ്രവർത്തകരെയും സംബന്ധിച്ചിടത്തോളം ഇരുട്ടടിയായിരുന്നു ഈ തീരുമാനം. എന്തു തന്നെയായാലും മുൻപൊന്നുമില്ലാത്ത വിധത്തിലുള്ള പ്രതിഷേധമായിരുന്നു പ്രവാസ ലോകത്തു നിന്നും ഇതിനെതിരെ ഉയർന്നത്. അതിന്റെ ഫലം ഉണ്ടാവുകയും ചെയ്തു.
യു.എ.ഇ സന്ദർശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗിന് പ്രതിഷേധത്തിന്റെ ശക്തി നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു. ഇതോടെ തിരുത്തൽ വളരെ വേഗത്തിലുണ്ടായി. പഴയ നിരക്ക് പുനഃസ്ഥാപിച്ചുള്ള ഉത്തരവ് ഉടൻ വരികയും ചെയ്തു. തീർച്ചയായും ഇതിൽ നമുക്ക് അഭിമാനിക്കാം.
ഇത് നമ്മുടെ ഒത്തൊരുമയുടെ വിജയമാണ്. രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കരുത്തേകുന്ന, രാജ്യപുരോഗതിക്കും, ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വികസനത്തിനും ശക്തിയേകുന്ന വിഭാഗത്തെ എക്കാലത്തും ചൂഷണത്തിനു വിധേയരാക്കാമെന്ന അധികാരി വർഗത്തിന്റെ തോന്നലുകൾക്ക് അന്ത്യം കുറിക്കാൻ കൂട്ടായ്മയുടെ ഈ കരുത്തല്ലാതെ മറ്റു പോംവഴികളില്ല. ഇവിടം കൊണ്ട് നാം അവസാനിപ്പിക്കരുത്. മൃതദേഹം നാട്ടിൽ അയക്കുന്ന കാര്യത്തിൽ ഇനിയും നിലനിൽക്കുന്ന അസന്തുലിതാവസ്ഥ മാറേണ്ടതുണ്ട്. ഉപജീവനം തേടി വരുന്നവർ തങ്ങളുടെ സ്വപ്‌നങ്ങൾ ബാക്കിയാക്കി തിരശ്ശീലക്കു പിന്നിൽ മറയുമ്പോൾ അവരെ ഒരു ഉൽപന്നം പോലെ തൂക്കി നോക്കി വില നിശ്ചയിക്കുന്ന നടപടി തിരുത്തപ്പെടേണ്ടതുണ്ട്. വിദേശത്ത് മരണമടയുന്നവരുടെ മൃതദേഹം സാജന്യമായി അയക്കുന്നതിനുള്ള നടപടിയാണുണ്ടാവേണ്ടത്. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ദേശീയ വിമാന കമ്പനിക്ക് അതിനു സാധ്യമായില്ലെങ്കിലും നിരക്കിൽ ഏകീകരണം വരുത്താനുള്ള ശ്രമമെങ്കിലും ഉണ്ടാവണം.
പ്രായത്തിനനുസരിച്ചോ, ദൂരത്തിനനുസരിച്ചോ നിരക്ക് നിശ്ചയിക്കണം. ഇപ്പോൾ പല തരത്തിലുള്ള നിരക്കാണ് എയർ ഇന്ത്യ ഈടാക്കുന്നത്. യു.എ.ഇയിൽനിന്നു തന്നെ ഉത്തരേന്ത്യയിലേക്കും ദക്ഷിണേന്ത്യയിലേക്കും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്.
യു.എ.ഇയിൽ നിന്ന് അയക്കുന്ന മൃതദേഹങ്ങൾക്ക് തൂക്കി നോക്കിയാണ് വില നിശ്ചയിക്കുന്നതെങ്കിൽ സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് അയക്കുന്ന മുതദേഹങ്ങൾക്ക് മൂന്നാളുടെ ടിക്കറ്റ് നിരക്ക് എന്ന നിലയിലാണ് ഈടാക്കുന്നത്.
എംബാമിംഗ്, വിമാനത്താവള നികുതി അങ്ങനെ വേറെയും ചെലവുകൾ ഏറെയാണ്. ഭീമമായ സംഖ്യയാണ് ഒരു മൃതദേഹം നാട്ടിൽ അയക്കുന്നതിന് വേണ്ടി വരുന്നത്; ഇത്തരമൊരു സാഹചര്യത്തിൽ രാജ്യത്തിന് ലക്ഷക്കണക്കിന് വിദേശനാണ്യം നേടിത്തരുന്ന വിഭാഗമെന്ന നിലയിൽ അവരുടെ മൃതദേഹങ്ങളോട് അനുഭാവപൂർവ നടപടിയുണ്ടാകണം, നിരക്കിൽ കുറവ് വരുത്തിയുള്ള ഏകീകരണമാണ് ഇക്കാര്യത്തിൽ ഉണ്ടാവേണ്ടത്. ഈ ആവശ്യം നേടിയെടുക്കുന്നതിന് മൃതദേഹങ്ങൾ നാട്ടിൽ അയച്ച് പരിചയ സമ്പന്നനായ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് അഷ്‌റഫ് താമരശ്ശേരി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
യു.എ.ഇയിൽ നിന്ന് 5000 ലേറെ മൃതദേഹങ്ങൾ നാട്ടിൽ അയച്ചുള്ള പരിചയം അഷ്‌റഫിനുണ്ട്. അതുകൊണ്ടു തന്നെ ഈ രംഗത്ത് നേരിടുന്ന പ്രയാസങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നന്നായറിയാം.
അതുകൊണ്ട് ഈ ആവശ്യം ഉന്നയിച്ച് റിട്ട് ഹരജി നൽകാനുള്ള യോഗ്യതയും അദ്ദേഹത്തിനുണ്ട്. നിരക്ക് വർധന പിൻവലിപ്പിക്കാൻ നാം കാണിച്ച ഐക്യവും ഒത്തൊരുമയും കേസ് നടത്തിപ്പിന്റെ കാര്യത്തിൽ അഷ്‌റഫിന് പിന്തുണയായും നൽകേണ്ടതുണ്ട്. നമ്മുടെ അവകാശങ്ങൾ ഭരണകർത്താക്കൾ നേരാംവണ്ണം അനുവദിക്കുന്നില്ലെങ്കിൽ നിയമ പോരാട്ടത്തിലൂടെ തന്നെ നാം അതു നേടിയെടുക്കണം. വോട്ടവകാശത്തിന്റെ കാര്യത്തിൽ ഇതു നാം തെളിയിച്ചതാണ്.
വോട്ടവകാശം എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും വോട്ടവകാശം നൽകുകയെന്നത് ഡോ. ഷംസീർ വയലിൽ നടത്തിയ നിയമ പോരാട്ടത്തിലൂടെ തത്വത്തിൽ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അതുപോലെ ഇക്കാര്യത്തിലും നമുക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം, അതിനായി നമുക്ക് പ്രയത്‌നിക്കുകയും ചെയ്യാം.






