Sorry, you need to enable JavaScript to visit this website.

സുരക്ഷാ പാളിച്ച; ടൊയോട്ട 24 ലക്ഷം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചു

ടോക്യോ- വിവിധ രാജ്യങ്ങളില്‍ വിറ്റഴിച്ച 24 ലക്ഷം ഹൈബ്രിഡ് കാറുകളിലെ സാങ്കേതിക തരാര്‍ പരിഹരിക്കുന്നതിനു വേണ്ടി മുന്‍നിര കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട തിരിച്ചുവിളിച്ചു. കാര്‍ കൂട്ടിയിടിക്കു വരെ കാരണമാകുന്ന സുരക്ഷാ പാളിച്ചയാണ് കാരണം. പത്തു ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുമെന്ന് കമ്പനി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച കമ്പനിയുടെ പുതിയ അറിയിപ്പു വന്നത്. പ്രയസ്, ഓരിയോ മോഡലുകളുടെ വിവിധ വേരിയന്റുകളിലാണ് പ്രശ്‌നം കണ്ടെത്തിയത്. അത്യാധുനിക സംവിധാനങ്ങളുള്ള ഈ ഹൈബ്രിഡ് കാറുകളിലെ സെയ്ഫ് ഡ്രൈവിങ് മോഡ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതു പരിഹരിച്ചു നല്‍കാനാണ് ഇപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. 2008 ഒക്ടോബറിനും 2014 നവംബറിനു ഇടയില്‍ നിര്‍മ്മിച്ച കാറുകളിലാണ് തകരാറുള്ളത്. തിരിച്ചുവിളിക്കുന്ന 24 ലക്ഷം കാറുകളില്‍ പത്തു ലക്ഷത്തിലേറെ കാറും ജപ്പാനില്‍ വിറ്റഴിച്ചവയാണ്. നോര്‍ത്ത് അമേരിക്കയില്‍ വിറ്റ 8.30 ലക്ഷം കാറുകളും യുറോപ്പില്‍ ഓടുന്ന 2.90 ലക്ഷം കാറുകളും ചൈനയില്‍ വിറ്റ 3000 കാറുകളും ഇതില്‍പ്പെടും. ബാക്കിയുള്ളവ മറ്റു രാജ്യങ്ങളില്‍ വിറ്റവയാണ്.

മറ്റു തകരാറുകള്‍ കാരണം നേരത്തെ തിരിച്ചുവിളിച്ച കാറുകളും ഇപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുന്ന കാറുകളില്‍ ഉള്‍പ്പെടുമെന്ന് ടൊയോട്ട വ്യക്തമാക്കി. പുതിയ തകരാറ് നേരത്തെ തിരിച്ചറിയാനും പരിഹരിക്കാനും കഴിയാത്തത് കൊണ്ടാണിത്. സെയ്ഫ് ഡ്രൈവിങ് മോഡി ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുന്നത് കാറിന്റെ പവര്‍ നഷ്ടപ്പെടാനും നിന്നു പോകാനും കാരണമാകും. പവര്‍ സ്റ്റിയറിങും ബ്രേക്കും പ്രവര്‍ത്തിക്കുമെങ്കിലും വേഗതിയില്‍ ഓടുന്ന കാറിന്റെ എഞ്ചിന്‍ പ്രവര്‍ത്തനം നിലക്കുന്നത് റോഡപകട സാധ്യത വര്‍ധിപ്പിക്കുമെന്നും ടൊയോട്ട അറിയിച്ചു. ജപ്പാനില്‍ ഈ തകരാറ് മൂന്ന് കാറുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് ജപ്പാന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു.
 

Latest News