ഡെനിസ് മുക്വേഗിക്കും നാദിയ മുറാദിനും സമാധാന നൊബേല്‍

ഓസ്ലോ- സംഘര്‍ഷ ഭൂമിയിലെ ലൈംഗികാതിക്രമങ്ങള്‍ക്കും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും പ്രവര്‍ത്തിക്കുന്ന കോംഗോയിലെ പ്രശസ്ത ഡോക്ടര്‍ ഡെനിസ് മുക്വേഗിയും ഇറാഖിലെ യസീദി ആക്ടിവിസ്റ്റ് നാദിയ മുറാദും ഈ വര്‍ഷത്തെ നൊബേല്‍ സമാധാന പുരസ്‌ക്കാരം പങ്കിട്ടു. യുദ്ധ മുഖത്ത് ബലാല്‍സംഗത്തെ ഒരു ആയുധമായി ഉപയോഗിക്കുന്നതിനെതിരെ തങ്ങളുടെ രാജ്യങ്ങളില്‍ ശക്തമായി രംഗത്തു വന്നതും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി നടത്തിയ സേവനങ്ങളും കണക്കിലെടുത്താണ് പുരസ്‌ക്കാരത്തിന് ഇവരെ തെരഞ്ഞെടുത്തതെന്ന് നൊബേല്‍ കമ്മിറ്റി അധ്യക്ഷ ബെരിറ്റ് റെയ്‌സ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

നാദിയ മുറാദ്
ഇറാഖില്‍ ഐഎസ് ഭീകരരുടെ തേരോട്ടത്തില്‍ മൂന്ന് മാസത്തോളം അവരുടെ ലൈംഗിക അടിമയായി കഴിയേണ്ടി വന്ന ദുരനഭവും പേറേണ്ടി വന്നയാളാണ് നാദിയ മുറാദ്. ഭീകരര്‍ ഉന്നമിട്ട് കൂട്ടത്തോടെ കൊന്നൊടുക്കിയ യസീദി വിഭാഗക്കാരിയായ നാദിയ അവരുടെ തടവില്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരിയായി. 2014 നവംബറിലാണ് ഭീകരരുടെ തടവില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയത്. അതിനു ശേഷം യസീദികള്‍ക്കു ശക്തമായി രംഗത്തെത്തി ആക്ടിവിസ്റ്റായി മാറുകയായിരുന്നു. മനുഷ്യക്കടത്തിനും ലൈംഗിക പീഡനങ്ങള്‍ക്കുമെതിരെ ശക്തമായി ശബ്ദിക്കുകയും പ്രചാരണം നടത്തുകയും ചെയ്തു. ഭീകരര്‍ തടവിലിട്ട സ്ത്രീകളോട് അവര്‍ എങ്ങനെയാണ് പെരുമാറിയതെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞതു നാദിയയാണ്. 2016ല്‍ യൂറോപ്യന്‍ കൗണ്‍സിലിന്റെ മനുഷ്യാവകാശ പരുസ്‌ക്കാരം നേടി. ഇതേ വര്‍ഷം തന്നെ മനുഷ്യക്കടത്തിന് ഇരയായവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഗുഡ്‌വില്‍ അംബാസറായി നാദിയ തെരഞ്ഞെടുക്കപ്പെട്ടു. 

ഡോക്ടര്‍ ഡെനിസ് മുക്വേഗി
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ രൂക്ഷ യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമിടെ ക്രൂര ബലാല്‍സംഗങ്ങള്‍ക്കിരയായ സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേക ആശുപത്രി സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്ന മുക്വേഗി പ്രമുഖ ഗൈനക്കോളജിസ്റ്റു കൂടിയാണ്. രണ്ടാം കോംഗോ യുദ്ധത്തിനു ശേഷമുണടായ സംഘര്‍ഷങ്ങള്‍ക്കിടെ ക്രൂര ബലാല്‍സംഗത്തിനിരയായ പതിനായിരക്കണക്കിനു സ്ത്രീകളെ മക്ക്വേഗി ചികിത്സിച്ചിട്ടുണ്ട്. കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ പതിറ്റാണ്ടുകളായി ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകള്‍ക്ക് സഹായം നല്‍കിക്കൊണ്ടിരിക്കുകയാണ് ഇദ്ദേഹം. ലൈംഗികാതിക്രമങ്ങളില്‍ സ്ത്രീകള്‍ക്കു സംഭവിക്കുന്ന മാരക മുറിവുകള്‍ ചികിത്സിക്കുന്നതിലും ശസ്ത്രക്രിയ നടത്തുന്നതിലും വിദഗ്ധന്‍ കൂടിയാണ് മുക്ക്വോഗി. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ഇതുവരെ മുപ്പതിനായിരത്തോളം പീഡന ഇരകളെ ചികിത്സിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നത്. 2008ലെ യുഎന്‍ മനുഷ്യാവകാശ പുരസ്‌ക്കാര ജേതാവ് കൂടിയാണ്. 2009ല്‍ ആഫ്രിക്കന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും നേടി. താന്‍ സ്ഥാപിച്ച പൊന്‍സി ഹോസ്പിറ്റലില്‍ യുഎന്‍ സമാധാന സേനയുടെ സ്ഥിരസുരക്ഷയിലാണ് മുക്വോഗി ഇപ്പോള്‍ കഴിയുന്നത്.

Latest News