Sorry, you need to enable JavaScript to visit this website.

ചിരിച്ചു കാണിച്ചാല്‍ മതി, നേരിട്ട് വിമാനത്തില്‍ കയറാം ഈ എയര്‍പോര്‍ട്ടുകളില്‍

ന്യൂദല്‍ഹി- രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആഭ്യന്തര യാത്രയക്കുള്ള ബോര്‍ഡിങ് പാസുകള്‍ക്ക് പകരം ഒരു ചിരി പാസാക്കിയാല്‍ നേരിട്ട് വിമാനത്തില്‍ കയറാവുന്ന ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഡിജി യാത്രാ പദ്ധതി പ്രകാരം ആഭ്യന്തര യാത്രക്കാരെ 'മുഖ വിലയ്‌ക്കെടുത്താണ്' ഈ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഹൈദരാബാദ്, ബംഗളൂരു, കൊല്‍ക്കത്ത, പൂനെ, വിജയവാഡ, വാരണസി എന്നീ എയര്‍പോര്‍ട്ടുകളിലെ ആഭ്യന്തര യാത്രക്കാര്‍ക്ക് ഈ സൗകര്യം അടുത്ത വര്‍ഷം ഏപ്രിലോടെ നിലവില്‍ വരുമെന്ന്് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ഹൈദരാബാദിലും ബംഗളൂരുവിലും അടുത്ത ഫെബ്രുവരിയില്‍ തന്നെ ഇതു പ്രവര്‍ത്തിച്ചു തുടങ്ങും.  പേപ്പര്‍ രഹിത ബോര്‍ഡിങ് സംവിധാനം രാജ്യത്തുടനീളം നടപ്പിലാക്കാനാണു പദ്ധതി. ആദ്യം ഈ ആറ് എയര്‍പോര്‍ട്ടുകളില്‍ ഇതു നടപ്പിലാക്കും. ഇതുവിലയിരുത്തിയ ശേഷം മറ്റു എയര്‍പോര്‍ട്ടുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് വ്യോമയാന മന്ത്രാലയം സെക്രട്ടറി ആര്‍. എന്‍ ചൗബെ പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളായ ദല്‍ഹിയിലും മുംബൈയിലും പിന്നീട് എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള മറ്റു എയര്‍പോര്‍ട്ടുകളിലും ഇതു ഒരു യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിരിച്ചു കാണിക്കുന്നതിനു മുമ്പ് ചെയ്യേണ്ടത്
ഒരു കേന്ദ്രീകൃത രജിസ്‌ട്രേഷന്‍ സംവിധാനം വഴിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഇതിനായി വ്യോമയാന മന്ത്രാലയം ഒരു പോര്‍ട്ടല്‍ തയാറാക്കുന്നുണ്ട്. ഇതൊരു നിര്‍ബന്ധ സേവനമല്ല. ജിഡി യാത്രാ സംവിധാനം ഉപയോഗപ്പെടുത്തുന്ന യാത്രക്കാര്‍ ആദ്യം ഈ പോര്‍്ട്ടലില്‍ എല്ലാ വിവരങ്ങളും നല്‍കി രജിസ്റ്റര്‍ ചെയ്ത് ഒരു സവിശേഷ ഡിജി യാത്രാ ഐ.ഡി ഉണ്ടാക്കണം. പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴെല്ലാം ഈ ഐ.ഡി നല്‍കുക. ഡിജി യാത്രാ ഐ.ഡി നമ്പറുള്ള ടിക്കറ്റുമായി ആദ്യ യാത്രയ്ക്ക് എയര്‍പോര്‍ട്ടില്‍ വരുമ്പോള്‍  യാത്രക്കാര്‍ രജിസ്‌ട്രേഷന്‍ സമയത്തുത നല്‍കിയ ഐ.ഡി കാര്‍ഡ് നല്‍കി വെരിഫൈ ചെയ്യണം. ആധാര്‍ നമ്പര്‍ നല്‍കിയവര്‍ക്ക് ഓണ്‍ലൈനായി വെരിഫൈ ചെയ്യാം. വെരിഫൈ ചെയ്യപ്പെട്ടാല്‍ യാത്രക്കാരന്റെ ഫോട്ടോയും കേന്ദ്രീകൃത ഡാറ്റാ ബേസില്‍ സൂക്ഷിച്ച ഡിജി യാത്രാ പ്രൊഫലില്‍ ചേര്‍ക്കപ്പെടും.

പിന്നീട് ഈ സംവിധാനം ഉപയോഗിക്കേണ്ടി വരുമ്പോഴെല്ലാം രജിസ്റ്റര്‍ ചെയ്ത് ഡിജിറ്റല്‍ ഐഡി എടുത്ത യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടുകളിലെ ഇ-ഗേറ്റിലെത്തി ടിക്കറ്റിലെ ബാര്‍ കോഡ്/ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതി. അപ്പോള്‍ യാത്രക്കാരന്റെ മുഖും ടിക്കറ്റ് പി.എന്‍.ആര്‍ നമ്പറും ഉള്‍പ്പെട്ട ഒരു ടോക്കന്‍ ലഭിക്കും. വിമാനത്താവളത്തിനകത്തെ തുടര്‍ന്നുള്ള ചെക്ക് പോയിന്റുകളിലെല്ലാം തിരിച്ചറിയല്‍ രേഖകള്‍ കാണിക്കേണ്ടതിനു പകരം യാത്രക്കാര്‍ക്ക്
മുഖം മാത്രം കാണിച്ചാല്‍ മതി. ടെര്‍മിനലിലേക്ക് പ്രവേശിക്കുന്നിടത്തും സുരക്ഷാ പരിശോധന നടക്കുന്നതിടത്തും വിമാനത്തിലേക്ക് കയറുന്നിടത്തുമെല്ലാം ഒരു തടസ്സവുമില്ലാതെ യാത്രക്കാര്‍ക്ക് നേരിട്ട് വിമാനത്തില്‍ കയറാം. ഫെയ്‌സ് റെക്കഗ്നിഷന്‍ സംവിധാനമുള്ള ഇ-ഗേറ്റുകള്‍ വരുന്നതോടെ ഇതിനായുള്ള ജീവനക്കാരുടെ ആവശ്യവും ഇല്ലാതെയാകും. മനുഷ്യല്‍ ചെയ്യുന്ന ജോലികളെല്ലാം ഈ സംവിധാം ചെയ്യും. ഇതിനായി യാത്രക്കാര്‍ക്ക് പ്രത്യേകമായി ഫീസ് നല്‍കേണ്ടതുമില്ല. വിമാനത്താവളത്തില്‍ കാണാതാകുന്ന യാത്രക്കാരെ വേഗത്തില്‍ കണ്ടെത്താനും ഈ സംവിധാനം സഹായിക്കും. ഒരു യാത്രക്കാരന്‍ എവിടെ വരെ എത്തി എന്ന് കൃത്യമായി അറിയാനാകുമെന്നതിനാല്‍ വേഗം തെരഞ്ഞു കണ്ടു പിടിക്കാം.

ഡിജി യാത്രാ സംവിധാനം ഉപയോഗപ്പെടുത്തുന്നവരുടെ എന്റോള്‍മെന്റിനും മറ്റുമായി ഒരു കമ്പനിയും രൂപീകരിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സ്വകാര്യ വിമാനത്താവള കമ്പനികളും ഉള്‍പ്പെട്ട ഒരു ലാഭേച്ഛയില്ലാത്ത കമ്പനിയായിരിക്കും രൂപീകരിക്കുകയെന്നന് ചൗബെ പറഞ്ഞു. ഈ കമ്പനിയാണ് ജിഡി യാത്രാ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ തയാറാക്കുകയും പരിപാലിക്കുകയും ചെയ്യുക. ഈ പോര്‍ട്ടല്‍ 2019 ഫെബ്രുവരിയോടെ പ്രവര്‍ത്തിച്ചു തുടങ്ങും. 

Latest News