Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ ഇന്ത്യൻ സ്‌കൂൾ: പ്രവാസി സമൂഹത്തിന് നഷ്ടമാകുന്നത് യശസ്സിന്റെ പ്രതീകം

ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ റിഹാബ് ഡിസ്ട്രിക്ടിലെ പ്രധാന കെട്ടിടം ഒഴിയുന്നതോടെ ഇന്ത്യൻ സമൂഹത്തിന് നഷ്ടമാകുന്നത് ഇന്ത്യയുടെ യശസ്സിന്റെ പ്രതീകം. മറ്റേതൊരു കമ്യൂണിറ്റി സ്‌കൂളിനേക്കാളും കുട്ടികളുടെ ബാഹുല്യം കൊണ്ടും സൗകര്യങ്ങൾ കൊണ്ടും തല ഉയർത്തിയായിരുന്നു ഇന്ത്യൻ സ്‌കൂൾ നിലനിന്നിരുന്നത്. നാട്ടിലെ സ്‌കൂളുകളിലേതിനേക്കാൾ വിശാലമായ ക്ലാസ് മുറികളും വരാന്തകളും കുട്ടികൾക്ക് നല്ല പഠന അന്തരീക്ഷമാണ് സമ്മാനിച്ചിരുന്നത്.  
അതിവിശാലമായ മൈതാനമാണ് മറ്റൊരു പ്രത്യേകത. ഓരോ വിഭാഗം കുട്ടികൾക്കും കളിക്കാൻ കഴിയും വിധം വിശാലമായിരുന്നു അവ. നാഷണൽ തലത്തിൽ വരെ മത്സരിക്കുന്നതിന് സ്‌കൂൾ കുട്ടികളെ പ്രാപ്തമാക്കുന്നതിൽ ഈ കളിസ്ഥലം വലിയ പങ്കാണ് വഹിച്ചത്. സ്‌കൂളിലെ മുഴുവൻ രക്ഷിതാക്കളെയും ഉൾക്കൊള്ളാൻ കഴിയുന്ന അതിവിശാലമായ ഓഡിറ്റോറിയം സ്‌കൂളിന്റെ അലങ്കാരമായിരുന്നു. ഇൻഡോർ ഗെയിമുകൾക്കും വേദിയായി മാറുന്ന ഇത്തരമൊരു ഓഡിറ്റോറിയം മറ്റൊരു സ്‌കൂളുകൾക്കും ഇല്ലെന്നു വേണം പറയാൻ. ഇന്ത്യയിൽനിന്നുമെത്തിയ ഒട്ടേറെ വിശിഷ്ടാതിഥികൾക്കും കലാകാരന്മാർക്കും വേദിയായിട്ടുണ്ട് ഈ ഓഡിറ്റോറിയം. 
കാൽ നൂറ്റാണ്ടു കാലത്തോളമായി ആയിരക്കണക്കിനു വിദ്യാർഥികളുടെ അക്കാദമിക് തലത്തിൽ മാത്രമല്ല, കലാപരവും കായികവുമായ വളർച്ചക്ക് ഈ ഗുരുകുലം സഹായകമായിട്ടുണ്ട്. റിപ്പബ്ലിക് ദിന, സ്വാതന്ത്ര്യദിന ആഘോഷങ്ങൾ തനിമ നഷ്ടപ്പെടാതെ വർണാഭമാക്കി മാറ്റുന്നതിനു കഴിഞ്ഞിരുന്നത് സ്‌കൂളിന്റെ വിശാലമായ മൈതാനമായിരുന്നു. അൽ അബീർ ഗ്രൂപ്പിന്റെ സഹകരണത്തോടെ സ്‌കൂളിനെ ഗിന്നസ് ബുക്കിലേക്കു കയറ്റിയ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത മൊസൈക് റെക്കോർഡിനു വേദിയായാകാനും ഈ സ്‌കൂളിനു കഴിഞ്ഞിരുന്നു. 
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് അടക്കം സ്‌കൂളിന്റെ ഭരണപരമായ എല്ലാ കാര്യങ്ങളും നടത്തിയിരുന്നതും ഈ കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു. നൂറിലേറെ ബസുകൾക്ക് സ്‌കൂളിനകത്തു കയറി കുട്ടികളെയും കയറ്റി പോകുന്നതിനുള്ള സൗകര്യവും സ്‌കൂളിനുണ്ടായിരുന്നു. അങ്ങനെ ഇന്ത്യൻ സമൂഹത്തിന് എല്ലാ രീതിയിലും അഭിമാനത്തിനു വക നൽകിയിരുന്ന കെട്ടിടമാണ് നഷ്ടമാകുന്നത്.  എല്ലാവിധ സൗകര്യങ്ങളോടെയും 17,000 സ്‌ക്വയർ മീറ്റർ വലിപ്പമായിരിന്നു സ്‌കൂളിനുണ്ടായിരുന്നത്. 
ഇതെല്ലാം നഷ്ടമാകുന്നതിൽ കുട്ടികളും അധ്യാപകരുമെന്ന പോലെ രക്ഷിതാക്കളും ദുഃഖിതരാണ്. ഇത്തരമൊരു സംവിധാനം ഇനി സ്‌കൂളിനുണ്ടാക്കിയെടുക്കണമെങ്കിൽ എളുപ്പമല്ലെന്നതാണ് എല്ലാവരെയും ഒരുപോലെ വിഷമിപ്പിക്കുന്നത്. 
അര നൂറ്റാണ്ടു കാലത്തെ പാരമ്പര്യമാണ് ജിദ്ദ ഇന്ത്യൻ സ്‌കൂളിനുള്ളത്. 1969 ൽ എംബസി ഓഫ് ഇന്ത്യൻ സ്‌കൂൾ എന്ന പേരിൽ  പരിമിതമായ കുട്ടികളുമായായിരുന്നു തുടക്കം. പിന്നീട് കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ സ്വന്തമായ കെട്ടിടം വേണമെന്ന ആവശ്യം ഉയരുകയും 1982 ൽ ഇന്ദിരാ ഗാന്ധിയുടെ സൗദി സന്ദർശന വേളയിൽ അസീസിയയിലെ ഇപ്പോഴത്തെ പെൺകുട്ടികളുടെ സ്‌കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തുകയും ചെയ്തു. 84 ൽ കെട്ടിട നിർമാണം പൂർത്തിയായി. 
8000 സ്‌ക്വയർ മീറ്റർ വലിപ്പത്തിലായിരുന്നു ഈ കെട്ടിട സമുച്ചയം നിർമിച്ചത്. 80 കളുടെ അവസാനത്തോടെ കുട്ടികളുടെ എണ്ണം കൂടിയപ്പോൾ മറ്റൊരു കെട്ടിടം അനിവാര്യമായ സാഹചര്യത്തിലാണ് റിഹാബിൽ സ്ഥലം കണ്ടെത്തി നിലവിലെ കെട്ടിട സമുച്ചയം സജ്ജമാക്കിയത്. ഒരു സ്‌കൂളിനു വേണ്ട എല്ലാവിധ സൗകര്യങ്ങളോടെയും അതിവിശാലമായായിരുന്നു റിഹാബിലെ കെട്ടിടത്തിന്റെ നിർമാണം. 
നിലവിൽ സ്‌കൂളിന് 10,500 ഓളം കുട്ടികളാണുള്ളത്. കഴിഞ്ഞ വർഷം വരെ 12,000 ഓളം കുട്ടികളുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലവിലെ ചട്ടപ്രകാരം കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തിയതിനാലാണ് ഈ വർഷം കുറവ് ഉണ്ടായത്. ഇതിൽ പകുതിയോളം ആൺകുട്ടികളാണ്. 
റിഹാബിലെ കെട്ടിടം ഒഴിയുന്നതോടെ സ്‌കൂളിന് ലക്ഷക്കണക്കിനു റിയാലിന്റെ നഷ്ടമാണുണ്ടാവുക. സ്‌കൂൾ ഫർണിച്ചറുകളും എ.സികളും മറ്റു സാധനങ്ങളുമെല്ലാം സൂക്ഷിക്കുന്നതിനു തന്നെ വലിയ ഗോഡൗൺ കണ്ടെത്തേണ്ടി വരും. ഗോഡൗണിന്റെ വാടക മാത്രമല്ല, ഉപയോഗിക്കപ്പെടാതെ കിടക്കുമ്പോൾ ഇവക്കുണ്ടാകുന്ന നഷ്ടം വേറെയും. ഗേൾസ് സ്‌കൂളിനു സമീപം പുതിയ കെട്ടിടത്തിൽ ഓഫീസ് സജ്ജമാക്കുന്നതിനും ഷിഫ്റ്റ് ഏർപ്പെടുത്തുമ്പോൾ സ്വീകരിക്കേണ്ട മറ്റു നടപടികൾക്കും വേറെയും ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരും. എല്ലാ അർഥത്തിലും ഇന്ത്യൻ സ്‌കൂളിന് അതിഭീമമായ നഷ്ടമാണ് റിഹാബിലെ കെട്ടിം  ഒഴിയുന്നതോടെ ഉണ്ടാകുന്നത്. 

Latest News