വികസന കുതിപ്പിൽ അലബ 

അൽനമാസ്- ഗോതമ്പു വയലുകൾ മാത്രമുണ്ടായിരുന്ന അലബയുടെ ഓരോ ഘട്ട വളർച്ചക്കും സാക്ഷ്യം വഹിച്ചവരാണ് അവിടുത്തെ ആദ്യകാല പ്രവാസികളായ സിറാജ്, സുബൈർ, ബാവ, ഹൈദറലി എന്നിവർ. വിനോദ സഞ്ചാര കേന്ദ്രമായ അൽനമാസിന്റെ അയൽ പ്രദേശമാണ് അലബ. ഒരുകാലത്ത് കൂടുതൽ ഗോതമ്പു വയലുകളുള്ള ഗ്രാമപ്രദേശമായിരുന്ന അലബ ചെറുപട്ടണമായി മാറിയത് പെട്ടെന്നാണ്.
വലിയ കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളുമൊക്കെ അലബയുടെ മുഖച്ഛായ തന്നെ മാറ്റി. വർഷത്തിൽ ആറുമാസവും മഴയും കൊടും തണുപ്പുമായിരുന്നു ഇവിടെ. കൂടാതെ മൂടൽ മഞ്ഞും ഐസ് കട്ട വീഴ്ചയും സാധാരണമായിരുന്നുവെന്ന് ഇവർ പറയുന്നു. കൃഷി പ്രദേശങ്ങൾ ചുരുങ്ങി പട്ടണം വികസനത്തിന്റെ പാതയിലാണിപ്പോഴും. കഴിഞ്ഞ പത്തു വർഷത്തിനിടയിലാണ് വികസനങ്ങളേറെയും നടന്നത്.  താനിവിടെ വരുമ്പോൾ ഒറ്റവരി പാതയും വിരലിലെണ്ണാവുന്ന കെട്ടിടങ്ങളും മാത്രമാണുണ്ടായിരുന്നതെന്ന് മുപ്പത് വർ ഷം മുമ്പ് അലബയിലെത്തിയ പെരിന്തൽമണ്ണ ടി.എൻ.പുരം സ്വദേശിയായ കൊല്ലക്കോടൻ സിറാജ് പറഞ്ഞു. ചുറ്റിലും ഗോതമ്പു വയലുകളുള്ള ഒരു ഗ്രാമപ്രദേശം. മലയാളികളായി ഉണ്ടായിരുന്നത് നാലോ അഞ്ചോ പേർ മാത്രം. അവരൊക്കെ നാട്ടിലേക്ക് മടങ്ങി. തണുപ്പു കാരണം ആഴ്ചകളോളം പുറത്തിറങ്ങാൻ പറ്റിയിരുന്നില്ല. ഏറ്റവും കൂടുതൽ ഗോതമ്പ് കൃഷി ചെയ്തിരുന്ന പ്രദേശമായിരുന്നു ഇത്. ചില ഭാഗങ്ങളിൽ വൈദ്യുതി പോലു മില്ലായിരുന്നു. വീതി കൂടിയ റോഡുകളും വലിയ കെട്ടിടങ്ങളുമൊക്കെ വന്നതോടെ അലബ മാറി. മര ഉരുപ്പടികൾ വിൽക്കുന്ന കടയിൽ ജോലി ചെയ്യുന്ന സിറാജ് പറയുന്നു. 1986-ലാണ് സിറാജ് അലബയിലെത്തിയത്. ഈ ചെറു ഗ്രാമത്തിന്റെ വികസന സ്പന്ദങ്ങൾ നെഞ്ചിലേറ്റി മുപ്പത് വർഷത്തെ പ്രവാസം പിന്നിടുന്ന ഈ 56-കാരൻ അലബ വിടുന്നതിനെ പറ്റി ചിന്തിക്കുന്നത് പോലുമില്ല. അലബ സ്വന്തം നാട്  പോലെയായിരിക്കുകയാണ് സിറാജിന്. അൽനമാസിൽനിന്ന് പതിനാല് കിലോമീറ്റർ ദൂരമുണ്ട് അലബയിലേക്ക്. തലശ്ശേരി സ്വദേശിയായ എം.പി.സുബൈർ എന്ന ഇച്ചുക്ക 28 വർഷമായി അലബയിലുണ്ട്. മഴയും കൊടും തണുപ്പും കാരണം ആദ്യ കാലത്ത് ഇവിടെ പിടിച്ച് നിൽക്കാൻ ഏറെ ബുദ്ധിമുട്ടിയെന്ന് ഹാർഡ്‌വെയർ കടയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം പറയുന്നു. ആഴ്ചകളോളം സൂര്യനെ കാണാതെ മഞ്ഞു മൂടിക്കിടക്കാറുണ്ട്. വീടുകളും അലബയിൽ കുറവായിരുന്നു. കുറച്ച് മലയാളികൾ ഉണ്ടായിരുന്നെങ്കിലും പല ഭാഗങ്ങളിലായിരുന്നു. മയ്യിത്ത് നമസ്‌കാരമോ മറ്റോ ഉണ്ടാകുമ്പോഴാണ് ഒത്ത് കൂടിയിരുന്നത്. മൊബൈൽ ഫോണും ഇന്റർനെറ്റുമൊക്കെ സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന അന്ന് നാലഞ്ച് പേർ ചേർന്നാണ് ഒരു ടെലിവിഷൻ വാങ്ങിച്ചത്. അറബി വാർത്തകൾ മാത്രമാണ് ഉണ്ടായിരുന്നത്. കുവൈത്ത് യുദ്ധകാലത്ത് വിവരങ്ങളറിയാൻ ടെലിവിഷൻ വെച്ച റൂമിൽ വന്നിരിക്കും. ആദ്യകാല പ്രവാസ ജീവിതത്തെ കുറിച്ച് സുബൈർ ഓർത്തെടുത്തു. അലബ മാറാൻ തുടങ്ങിതോടെ കൂടുതൽ മലയാളികൾ എത്താൻ തുടങ്ങി. ഇപ്പോൾ മലയാളികളെ കൂടാതെ ബംഗാളികളും പാക്കിസ്ഥാനികളുമൊക്കെ ധാരാളമുണ്ട് അലബയിൽ. വി.കെ.കൃഷ്ണനും, അലിക്കുട്ടിയുമൊക്കെയായിരുന്നു ആദ്യകാലത്ത് സഹായത്തിനായി ഉണ്ടായിരുന്നത്. ആലിക്കുട്ടി നാട്ടിൽ പോയി. വി.കെ.കൃഷ്ണൻ ഇന്നും പൊതുപ്രവർത്തന രംഗത്ത് സജീവമായി ഉണ്ട്.
പെരിന്തൽമണ്ണ ഏലംകുളം സ്വദേശി നീരാണി ഹൈദറും ഫറോക്ക് കല്ലംപാറ സ്വദേശി ബാവയും 25 വർഷമായി അലബയിൽ ജോലി ചെയ്യുന്നു. ഗ്രാമത്തിൽനിന്ന് ചെറിയ പട്ടണമായി വികസിച്ചെങ്കിലും ഗ്രാമീണ പൈതൃകവും സംസ്‌കാരവും ഇന്നും നിലനിൽക്കുന്നു. പണ്ടുകാലം മുതലേ തുടർന്നു പോരുന്ന ആഴ്ച ചന്ത ഇന്നും നടത്തി വരുന്നുണ്ട്. വെള്ളിയാഴ്ചകളിലാണ് ആഴ്ച ചന്ത നടക്കുന്നത്. അലബയിലും സമീപ പ്രദേശങ്ങളിലും ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും, ആട്, കോഴി, നെയ്യ്, തേൻ എന്നിവയെല്ലാം ഇവിടെ വിൽപനക്കെത്തുന്നു. അയൽ പ്രദേശങ്ങളായ ബീഷ, അലായ, തനൂമ, അൽനമാസ്, മജാരിദ എന്നിവിടങ്ങളിൽ നിന്നെല്ലാം ആളുകൾ ചന്തയിലേക്ക് എത്താറുണ്ട്.  മെയിൻ റോഡിൽ വലിയ ജുമാ മസ്ജിദിനോട് ചേർന്നാണ് ചന്ത നടക്കുന്നത്.
 

Latest News